നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; 25,000 കോടിയുടെ പദ്ധതികള്‍ക്ക് തറക്കല്ലിടും

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസം കൊണ്ട് നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരത്തോണ്‍ സന്ദര്‍ശനം നടത്തുകയാണ്.ബി.ജെ.പിയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും തമ്മിലുള്ള പോര് കടുക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. 25,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും.

“അടുത്ത രണ്ടു ദിവസങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചാ പാത ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് വൈവിധ്യമാര്‍ന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ ഞാന്‍ ദക്ഷിണേന്ത്യയിലെത്തുകയാണ്. കര്‍ണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ നാലു സംസ്ഥാനങ്ങളിലെത്തും”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലെ പോര് രൂക്ഷമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്ന പ്രത്യേകതയുണ്ട്. കര്‍ണാടകയിലാകട്ടെ നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രമാണ് ശേഷിക്കുന്നത്. രാജ്യത്തിന്‍റെ വളര്‍ച്ച ശക്തിപ്പെടുത്തുകയാണ് തന്‍റെ സന്ദര്‍ശന ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് ട്രെയിനായ ചെന്നൈ-മൈസൂര്‍ വന്ദേഭാരത് എക്‌സ്പ്രസ് വെള്ളിയാഴ്ച ബെംഗളൂരുവിലെ കെഎസ്‌ആര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ബെംഗളൂരുവിലെ വിദാന്‍ സൗധയില്‍ കവി കനകദാസിന്റെയും മഹര്‍ഷി വാല്മീകിയുടെയും പ്രതിമകളില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തില്‍ കെംപഗൗഡയുടെ 108 അടി വെങ്കല പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തു.

Sharing

Leave your comment

Your email address will not be published. Required fields are marked *