ഓര്‍ഡിനന്‍സ് പോര് മുറുകുന്നു; ഗവര്‍ണര്‍ക്കെതിരെ കോടതിയില്‍ പോരാടാനുറച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്കയച്ചാല്‍ കോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍.ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുന്നത് പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമെന്നാണ് സര്‍ക്കാരിന്റെ വാദം. ചാന്‍സലറെ ഒഴിവാക്കുന്ന ഓര്‍ഡിനന്‍സ് ഇതിലൊന്നും ഉള്‍പ്പെടില്ലെന്ന് ചൂണ്ടിക്കാട്ടിയാകും കോടതിയെ സമീപിക്കുക. ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ഉടന്‍ അയച്ചേക്കും.

കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. എന്നാല്‍, ഇതുവരെ സര്‍ക്കാര്‍ രാജ്ഭവനിലേക്ക് ഓര്‍ഡിനന്‍സ് അയച്ചിട്ടില്ല. കൂടുതല്‍ കൂടിയാലോചനകള്‍ക്കുശേഷം മാത്രമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ. ഓര്‍ഡിനന്‍സ് ലഭിച്ചാല്‍ രാഷ്ട്രപതിക്ക് അയക്കുമെന്നും മുഖ്യമന്ത്രിയോട് വിശദീകരണം തേടുമെന്നുമൊക്കെയുള്ള വ്യത്യസ്ത നിലപാടുകള്‍ ഗവര്‍ണര്‍ സ്വീകരിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയിലുള്ളതുകൊണ്ട് സൂഷ്മമായി കാര്യങ്ങളെ നിരീക്ഷിച്ച്‌ തീരുമാനമെടുത്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്.

മന്ത്രിസഭ പാസാക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചാലും സര്‍ക്കാര്‍ ചില കാര്യങ്ങളെ ആശങ്കയോടെ കാണുന്നുണ്ട്. ചാന്‍സലര്‍ സ്ഥാനം ഒഴിഞ്ഞുതരാനുള്ള നിയമം കൊണ്ടുവന്നാല്‍ അതില്‍ ഒപ്പിട്ടുതരാമെന്ന് പറഞ്ഞ ഗവര്‍ണര്‍ ഇപ്പോള്‍ നിലപാടില്‍നിന്ന് പിന്നോട്ടുപോയിരിക്കുകയാണ്. ചാന്‍സലര്‍ പദവി ഉപയോഗിച്ച്‌ സര്‍ക്കാരിനെ പരമാവധി പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാനുള്ള ഒരു സാധ്യതയും സര്‍ക്കാര്‍ കാണുന്നില്ല.

മന്ത്രിസഭ പാസാക്കിയ ഓര്‍ഡിനന്‍സ് മുന്‍പിലെത്തിയാല്‍ അത് രാഷ്ട്രപതിക്ക് അയച്ച്‌ കാലാവധി നീട്ടാനുള്ള നീക്കങ്ങള്‍ ഗവര്‍ണര്‍ നടത്തിയേക്കും. എന്നാല്‍ ഓര്‍ഡിനന്‍സ് ഒപ്പിട്ടില്ലെങ്കില്‍ നിയമസഭ വിളിച്ച്‌ ബില്ലായി കൊണ്ടുവരാന്‍ തന്നെയാണ് സര്‍ക്കാര്‍ ആലോചന. ഇല്ലെങ്കില്‍ നിയമനടപടിയിലേക്ക് കടക്കും.

Sharing

Leave your comment

Your email address will not be published. Required fields are marked *