‘അധിക ഇന്ധനം കരുതണം’: വിമാനങ്ങള്‍ക്ക് നിര്‍ദേശവുമായി ജോര്‍ദാൻ, ഇറാന്റെ തിരിച്ചടി അടുത്തോ?

ലണ്ടന്‍: തങ്ങളുടെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന എല്ലാ വിമാനങ്ങളോടും 45 മിനിറ്റ് യാത്ര ചെയ്യാനുള്ള അധിക ഇന്ധനം കരുതാന്‍ ആവശ്യപ്പെട്ട് ജോര്‍ദാന്‍.ഇസ്രായേലിനെതിരെയുള്ള ഇറാന്റെ തിരിച്ചടി മുന്നില്‍കണ്ടാണ് ജോര്‍ദാന്‍ ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് വിലയിരുത്തല്‍.ഏത് സമയത്തും ഇറാന്റെ തിരിച്ചടി പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ചില എയർലൈനുകള്‍ ഇതിനകം തന്നെ ഇറാനിയൻ, ലെബനൻ വ്യോമാതിർത്തി ഒഴിവാക്കുകയും ഇസ്രായേല്‍, ലെബനൻ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ഹമാസിന്റെയും ഹിസ്ബുല്ലയുടെയും മുതിർന്ന അംഗങ്ങളെ ഇസ്രായേല്‍ വധിച്ചതിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉരുണ്ടുകൂടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ബെയ്റൂത്തില്‍ വെച്ചാണ് ഹിസ്ബുല്ല കമാന്‍ഡര്‍ ഫുവാദ് ഷുക്കൂറിനെ ഇസ്രായേല്‍ വധിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷമാണ്, ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയ്യ ഇറാന്റെ തലസ്ഥാനത്ത് വെച്ച്‌ കൊല്ലപ്പെടുന്നത്. ഹനിയ്യയുടെ രക്തത്തിന് മറുപടി കൊടുക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.പൈലറ്റുമാർക്ക് നല്‍കുന്ന സുരക്ഷാ അറിയിപ്പിലാണ് ജോർദാൻ അധികൃതർ, കരുതല്‍ ഇന്ധനത്തിന്റെ കാര്യം വ്യക്തമാക്കിയത്. എന്തിനാണെന്ന് പറയുന്നില്ലെങ്കിലും വിമാനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനാണെന്നാണ് അറിയിപ്പിലുള്ളത്. ജോർദാൻ വ്യോമാതിർത്തി അടച്ചുപൂട്ടുന്നതിന് മുന്നോടിയായാണ് ഈ നീക്കമെന്നും പറയപ്പെടുന്നു. വ്യോമയാനവുമായി ബന്ധപ്പെട്ട് ജോർദാൻ പുറത്തിറക്കുന്ന അറിയിപ്പുകള്‍ക്ക് പ്രാധാന്യമേറെയാണ്.കഴിഞ്ഞ ഏപ്രിലില്‍ ഇസ്രായേലിനെതിരായ ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ വ്യോമാതിർത്തി അടച്ച ആദ്യ രാജ്യം ജോർദാനായിരുന്നു. ജോർദാൻ വ്യോമാതിർത്തി വിട്ട് മറ്റെവിടെയെങ്കിലും വിമാനത്തിന് ഇറങ്ങാന്‍ ആവശ്യമായ സമയമാണ് 45 മിനിറ്റ്.അതേസമയം യുദ്ധവുമായി ബന്ധപ്പെട്ട് വ്യോമാതിർത്തി അടച്ചുപൂട്ടിയാല്‍ വിമാന സര്‍വീസുകളെ കാര്യമായിതന്നെ ബാധിക്കും. റഷ്യ- ഉക്രൈന്‍ യുദ്ധം മൂലം ഇതിനകം തന്നെ യൂറോപ്യൻ വ്യോമമേഖലയില്‍ കാര്യമായ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ പശ്ചിമേഷ്യയിലെ ആഘാതം യൂറോപ്പിനെക്കാളും വലുതായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇസ്രയേലിനെതിരെ ഇറാൻ നടത്തുന്ന ആക്രമണം ലോകത്ത് ഏറ്റവും കൂടുതല്‍ തിരക്കുള്ള വ്യോമപാതകളെ കാര്യമായി ബാധിക്കുമെന്ന് ഫ്‌ളൈറ്റ് ട്രാക്കറായ ഫ്‌ളൈറ്റ് റഡാർ 24ന്റെ വക്താവ് ഇയാൻ പെറ്റ്‌ചെനിക് പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *