ജമ്മുകാശ്‌മീരില്‍ ഭീകരരുടെ ഒളിസങ്കേതം പുത്തൻ രീതിയില്‍ ; അലമാര, പക്ഷേ വാതില്‍ തുറക്കുമ്പോള്‍ ബങ്കര്‍

കുല്‍ഗാം: ജമ്മു കാശ്‌മീരിലെ കുല്‍ഗാമില്‍ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് ചിനിഗാം ഫ്രിസാല്‍ മേഖലയിലെ വീട്ടിനുള്ളിലെ അലമാരയില്‍.കൊല്ലപ്പെട്ട എട്ട് ഭീകരരില്‍ നാല് ഹിസ്ബുള്‍ മുജാഹിദ്ദീൻ ഭീകരരും ഈ അലമാരയില്‍ പ്രത്യേകം തയ്യാറാക്കിയ ബങ്കറുകളിലാണ് ഒളിച്ചിരുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഭീകരർക്ക് പ്രദേശവാസികളുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായും അധികൃതർ അറിയിച്ചു.ഭീകരരുടെ ഒളിത്താവളത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പുറത്തുവന്ന വീഡിയോയില്‍ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു വീട്ടിലെ മുറിയില്‍ നില്‍ക്കുന്നതും ഇതില്‍ ഒരാള്‍ മുറിയിലെ അലമാര തുറക്കുന്നതും കാണാം. ഈ അലമാരയ്ക്കുള്ളില്‍ കടക്കാനും അവിടെ ഇരിക്കാനും പ്രത്യേക സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. ഇവിടെയാണ് ഭീകരർ ഒളിച്ചിരുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ശനിയാഴ്ച കുല്‍ഗാം ജില്ലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാർ വീരമ്യത്യു വരിച്ചിരുന്നു. എട്ട് ഭീകരരെയാണ് സെെന്യം വധിച്ചത്. ജില്ലയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി ആർ പി സി സംഘവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മോദേഗാം ഗ്രാമത്തിലുണ്ടായ വെടിവയ്‌പില്‍ പരിക്കേറ്റ ജവാൻ ചികിത്സയിലിരിക്കെയാണ് വീരമൃത്യു വരിച്ചത്. ഫ്രിസാല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് മറ്റൊരു ജവാൻ വീരമൃത്യു വരിച്ചത്

Sharing

Leave your comment

Your email address will not be published. Required fields are marked *