കുവൈത്തില്‍ കുടുംബ സന്ദര്‍ശക വിസ അനുവദിക്കുന്നത് ഉടന്‍ പുനരാരംഭിക്കും

കുവൈത്ത് സിറ്റി: രാജ്യത്ത് കുടുംബ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് ഉടന്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.
ഇതുസംബന്ധിച്ച്‌ വിജ്ഞാപനം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക പത്രമായ അല്‍ റായി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

ആദ്യ ഘട്ടത്തില്‍ ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്കും തുടര്‍ന്ന് മാതാപിതാക്കള്‍ക്കും രക്തബന്ധുക്കള്‍ക്കും വിസ അനുവദിക്കും. കുടുംബവിസ ലഭിക്കാനുള്ള ശമ്ബളപരിധി 500 ദീനാറായി ഉയര്‍ത്തിയതായും സൂചനകളുണ്ട്. കുട്ടികളെ കൊണ്ടുവരുന്നതിനായി മാതാപിതാക്കള്‍ക്ക് സാധുവായ റെസിഡന്‍സി ഉണ്ടായിരിക്കണം.പ്രഫഷനലുകള്‍ക്ക് ചുരുങ്ങിയ ശമ്പളപരിധി വ്യവസ്ഥ ബാധകമായിരിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കും. തിങ്കളാഴ്ച ഇതിനായുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന.

പുതിയ തീരുമാനം നടപ്പാകുന്നതോടെ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് വിദേശികള്‍ക്ക് ആശ്വാസമാകും. വിസ നിയന്ത്രണം മൂലം നിരവധി പേരാണ് കുടുംബത്തെ കൂടെ ചേര്‍ക്കാന്‍ കാത്തിരിക്കുന്നത്.

കോവിഡ് ഭീഷണി നീങ്ങിയതിനു പിറകെ വിസ നല്‍കുന്നത് പുനരാരംഭിച്ചിരുന്നെങ്കിലും, പുതിയ സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ജൂണില്‍ വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു. അതേസമയം, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സന്ദര്‍ശന വിസകള്‍ നിബന്ധനകള്‍ക്കു വിധേയമായി അനുവദിച്ചുവരുന്നുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *