ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണ്ട; വിസ ഇളവുമായി സൗദി

ന്യൂഡല്‍ഹി: വിസ ലഭിക്കുന്നതിന് ഇന്ത്യന്‍ പൗരന്മാര്‍ ഇനിമുതല്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതില്ലെന്ന് സൗദി അറേബ്യ.ഇന്ത്യയിലുള്ള സൗദി എംബസിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സൗദിയും ഇന്ത്യയുമായുള്ള ശക്തമായ ബന്ധം കണക്കിലെടുത്താണ് തീരുമാനമെന്നും സൗദി എംബസി അറിയിച്ചു.

പുതിയ പ്രഖ്യാപനം സൗദിയില്‍ ജോലി അന്വേഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 22 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ്. കോവിഡ് -19 മഹാമാരി സമയത്ത് ധാരാളം പ്രവാസികള്‍ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ, തൊഴിലിനായി സൗദി അറേബ്യയിലേക്ക് മടങ്ങുന്നവരുടെ എണ്ണത്തില്‍ ഇപ്പോള്‍ വര്‍ധനയുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കണക്കിലെടുത്താണ് വിസയ്ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണ്ടതില്ലെന്ന തീരുമാനമെന്നും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്നും സൗദി അറേബ്യന്‍ എംബസിയുടെ ട്വീറ്റില്‍ പറയുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *