യുഎസുമായുള്ള ബന്ധം പുന:സ്ഥാപിച്ച്‌ ഒരുമിച്ച്‌ വളരാന്‍ ആഗ്രഹിക്കുന്നു; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്

ബാലി: ചൈന-യുഎസ് ബന്ധം തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. ആരോഗ്യകരവും സുസ്ഥിരവുമായ വളര്‍ച്ചയോടെ യുഎസുമായുള്ള ബന്ധം പുന:സ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈനീസ് പ്രസിഡന്റ് പറഞ്ഞു.ഇന്തോനേഷ്യയിലെ ജി-20 വേദിയിലാണ് ഷി ജിന്‍പിംഗിന്റെ ഈ പരാമര്‍ശം.

തന്ത്രപ്രധാനമായ വിഷയങ്ങളില്‍ ആത്മാര്‍ത്ഥവും ആഴത്തിലുമുള്ള ബന്ധം കൊണ്ടുവരാന്‍ തയ്യാറാണ്. ചൈന-യുഎസ് ബന്ധം ആരോഗ്യകരമായ രീതിയില്‍ തിരികെ കൊണ്ടുവരുന്നതിന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ബന്ധം പുന:സ്ഥാപിക്കുന്നതിനോടൊപ്പം സ്ഥിരതയുള്ള വളര്‍ച്ചയ്‌ക്കും പ്രധാന്യം നല്‍കുന്നുവെന്ന് ഷി ജിന്‍പിംഗ് കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നുണ്ട്. നിലവില്‍ ചൈന-യുഎസ് ബന്ധം എല്ലാവരും ശ്രദ്ധയോടെ വീക്ഷിക്കുന്നു. ഉഭയകക്ഷിബന്ധം മുന്നോട്ട് പോകുന്നതിനും ഉയര്‍ത്തുന്നതിനും ശരിയായ ദിശ കണ്ടെത്തേണ്ടതുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ചൈനയും അമേരിക്കയും അവരുടെ ബന്ധം നന്നായി കൈകാര്യം ചെയ്യുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളുടെ കൂടിക്കാഴ്ച ലോകശ്രദ്ധ ആകര്‍ഷിച്ചു. അതിനാല്‍ ലോകസമാധാനത്തിന് കൂടുതല്‍ ആത്മവിശ്വാസവും പൊതുവികസനത്തിന് ശക്തമായ പിന്തുണയും നല്‍കുന്നതിന് എല്ലാ രാജ്യങ്ങളുമായും സഹകരിക്കേണ്ടതുണ്ട്.തായ്വാന്‍ വിഷയത്തിലും ചൈനയിലെ സിന്‍ജിയാങ് മേഖലയിലെ വ്യാപാരം സംബന്ധിച്ചും ചൈനയും യുഎസും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടയിലാണ് ഇരുനേതാക്കളുടെയും നിര്‍ണ്ണായക കൂടിക്കാഴ്ച.

Sharing

Leave your comment

Your email address will not be published. Required fields are marked *