മധ്യപ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡും മെഡിക്കല്‍ പഠനം ഹിന്ദിയിലാക്കാനൊരുങ്ങുന്നു

ഡെറാഡൂണ്‍: മധ്യപ്രദേശിന് പിന്നാലെ രാജ്യത്ത് മെഡിക്കല്‍ പഠനം ഹിന്ദിയില്‍ നല്‍കുന്ന രണ്ടാമത്തെ സംസ്ഥാനമാകാനൊരുങ്ങി ഉത്തരാഖണ്ഡ്.അടുത്ത അക്കാദമിക് സെഷന്‍ മുതല്‍ ഇംഗ്ലീഷിന് പുറമേ ഹിന്ദിയിലും മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധന്‍ സിങ് റാവത്ത് പറഞ്ഞു.

“കേന്ദ്ര സര്‍ക്കാര്‍ ഹിന്ദിക്ക് നല്‍കുന്ന പ്രത്യേക പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നാലംഗ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പൗരി ജില്ലയിലെ ശ്രീനഗറിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.എം.എസ് റാവത്തിന്റെ നേതൃത്വത്തിലാണ് നാലംഗ സമിതി രൂപീകരിച്ചത്”- മന്ത്രി പറഞ്ഞു.

മധ്യപ്രദേശിലെ സര്‍ക്കാര്‍ കോളേജുകളിലെ എം.ബി.ബി.എസ് ഹിന്ദി സിലബസ് പഠിച്ച ശേഷം സംസ്ഥാനത്തെ കോളേജുകള്‍ക്കായി പുതിയ സിലബസ് നിര്‍മിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത അക്കാദമിക് സെഷനില്‍ എം.ബി.ബി.എസ് കോഴ്‌സ് ഹിന്ദിയില്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശില്‍ എം.ബി.ബി.എസ് പഠനം ഹിന്ദിയില്‍ നല്‍കുന്നതിന്‍റെ ഭാഗമായി ഒക്ടോബര്‍ 16ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പാഠപുസ്തകത്തിന്‍റെ ഹിന്ദി പതിപ്പ് പ്രകാശനം ചെയ്തിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *