‘ജോലി ഒഴിവുണ്ട്;സഖാക്കളുടെ പട്ടിക തരാമോ?’- സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ ആര്യ രാജേന്ദ്രൻ നൽകിയ കത്ത് വിവാദത്തിൽ

തിരുവനന്തപുരം: സിപിഎം ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ താൽക്കാലിക ജീവനക്കാരുടെ തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ തിരുകി കയറ്റാനുള്ള ശ്രമം വിവാദത്തില്‍.295 താൽക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് പുറത്തായി. പിന്നാലെയാണ് വിവാദം.

മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ഈ മാസം ഒന്നിനാണ് കത്തയച്ചത്. ചില പാര്‍ട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകള്‍ വഴി കത്ത് പരസ്യമായി.

നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് 295 താൽക്കാലിക ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നുണ്ടെന്നും ഇതിലേക്ക് പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നതായും കത്തിലുണ്ട്. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകള്‍ മുതല്‍ താൽക്കാലിക ഒഴിവുകളില്‍ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.

സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു മത്സരം കടുത്ത സാഹചര്യത്തിലാണ് കത്തു പുറത്തായതെന്നതും ശ്രദ്ധേയം. കത്ത് ചോര്‍ത്തിയത് ആനാവൂ‍രിനെ എതിര്‍ക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും പ്രചാരണമുണ്ട്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമര്‍ശനവും ഉയര്‍ന്നു.

അതേസമയം അങ്ങനെയൊരു കത്ത് നല്‍കേണ്ട ആവശ്യമില്ലല്ലോ എന്നായിരുന്നു ആര്യ രാജേന്ദ്രന്റെ പ്രതികരണം. താന്‍ ഡല്‍ഹിയില്‍ നിന്നു വന്നതേയുള്ളുവെന്നും എന്താണു സംഭവമെന്ന് അന്വേഷിക്കുമെന്നും അവര്‍ വ്യക്തമാക്കി.

തനിക്ക് അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചു. സംഭവം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *