ഇടിച്ചിട്ട വാഹനം കണ്ടെത്തിയില്ലെങ്കിലും നഷ്ടപരിഹാരം ലഭിക്കും; അപേക്ഷ നല്‍കേണ്ടത് ആര്‍ഡിഒയ്ക്ക്

കൊച്ചി: അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനായില്ലെങ്കിലും അപകടത്തില്‍ പെട്ടവര്‍ക്കു നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി.ഇതിനു നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

അജ്ഞാത വാഹനം ഇടിച്ച്‌ അപകടമുണ്ടാകുന്ന സംഭവങ്ങളില്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കേണ്ടത് അപകടം നടന്ന സ്ഥലത്തെ ആര്‍ഡിഒയ്ക്കാണ്. അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനായില്ലെങ്കിലും ഇത്തരം കേസുകളില്‍ നഷ്ടപരിഹാരം നല്‍കാനായി പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് അറിയാത്ത സാഹചര്യമുണ്ടെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

നഷ്ടപരിഹാരത്തിനായി നിര്‍ദിഷ്ട ഫോമില്‍ രേഖകള്‍ സഹിതം അപേക്ഷ ലഭിച്ചാല്‍ അന്വേഷണം നടത്തി ക്ലെയിംസ് എന്‍ക്വയറി ഓഫിസറായ ആര്‍ഡിഒ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് ജില്ലാ കലക്ടറാണ് ക്ലെയിംസ് സെറ്റില്‍മെന്റ് ഓഫിസര്‍ എന്ന നിലയില്‍ ഉത്തരവിടുന്നത്. അജ്ഞാത വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ മരണമുണ്ടായാല്‍ 25,000 രൂപയും ഗുരുതര പരുക്കാണെങ്കില്‍ 12500 രൂപയുമാണു നഷ്ടപരിഹാരം നല്‍കുന്നത്. സെറ്റില്‍മെന്റ് കമ്മിഷണര്‍ രേഖകള്‍ ഇന്‍ഷുറന്‍സ് കമ്ബനിയുടെ നോമിനേറ്റഡ് ഓഫിസര്‍ക്കു നല്‍കണമെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നവംബര്‍ 2ന് കളമശേരിയില്‍ അപകടമുണ്ടാക്കിയ ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ആലുവ സ്വദേശി വി.കെ.ഭാസി നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.

Sharing

Leave your comment

Your email address will not be published. Required fields are marked *