കോടിക്കണക്കിനു രൂപ അനുവദിച്ചിട്ടും പൂര്‍ത്തിയാകാതെ പത്തനംതിട്ടയിലെ ശുദ്ധജല വിതരണ പദ്ധതികള്‍

റാന്നി ∙ കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടും ജല വിതരണ പദ്ധതികളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയില്ല.പെരുനാട്-അത്തിക്കയം, നിലയ്ക്കല്‍, അങ്ങാടി-കൊറ്റനാട് എന്നീ ജല വിതരണ പദ്ധതികളുടെ പൂര്‍ത്തീകരണമാണ് വൈകുന്നത്.

പെരുനാട്-അത്തിക്കയം

പമ്പ നദിയിലെ പൂവത്തുംമൂട് കടവില്‍ നിന്ന് വെള്ളം പമ്പു ചെയ്ത് ബഥനിമല പ്ലാന്റില്‍ ശുദ്ധീകരിച്ച്‌ ബഥനിമല, മഠത്തുംമൂഴി, ഇടപ്ര, കോട്ടൂപ്പാറ, മാനബാറ, മുണ്ടന്‍മല, ചെമ്ബനോലി, പൊന്നമ്പര എന്നീ സംഭരണികളില്‍ ശേഖരിച്ചു വിതരണം നടത്തുന്ന പദ്ധതിയാണിത്. പെരുനാട് പഞ്ചായത്തിലെ നിലവിലുള്ള സംഭരണികളില്‍ വെള്ളമെത്തിച്ച്‌ വിതരണം നടത്തുന്നുണ്ട്. മുണ്ടന്‍മല, ചെമ്പനോലി, പൊന്നമ്പര എന്നീ പുതിയ സംഭരണികളില്‍ ഇതുവരെ വെള്ളം എത്തിച്ചിട്ടില്ല. പദ്ധതി മേഖലകളില്‍ കുഴിച്ചിട്ട പൈപ്പുകളിലെല്ലാം വെള്ളം എത്തിക്കാനും കഴിഞ്ഞിട്ടില്ല. വേനല്‍ കടുത്തതോടെ നാറാണംമൂഴി പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കിട്ടാതെ ജനം വലയുകയാണ്.

നിലയ്ക്കല്‍

കക്കാട്ടാറ്റിലെ സീതത്തോട്ടില്‍ നിന്ന് വെള്ളം പമ്പു ചെയ്ത് ശുദ്ധീകരിച്ച്‌ സീതത്തോട് പഞ്ചായത്തിലും പെരുനാട് പഞ്ചായത്തിലെ നിലയ്ക്കല്‍, അട്ടത്തോട്, നാറാണംതോട്, കിസുമം, തുലാപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലും വിതരണം നടത്തുന്ന പദ്ധതിയാണിത്. നിലയ്ക്കല്‍ വെള്ളമെത്തിക്കുന്നതിന് പൈപ്പുകള്‍ സ്ഥാപിക്കുന്ന പണി പോലും വര്‍ഷങ്ങളായിട്ടും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ശബരിമല തീര്‍ഥാടന കാലത്ത് നിലയ്ക്കല്‍ ബേസ് ക്യാംപിലും തീര്‍ഥാടന പാതകളിലും ടാങ്കര്‍ ലോറികളില്‍ ഇപ്പോള്‍ വെള്ളമെത്തിക്കുകയാണ്.

അങ്ങാടി-കൊറ്റനാട്

പമ്പ നദിയിലെ പള്ളിക്കടവില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് കുമ്പളന്താനം പ്ലാന്റില്‍ ശുദ്ധീകരിച്ച്‌ അങ്ങാടി, കൊറ്റനാട് എന്നീ പഞ്ചായത്തുകളിലെ നിലവിലുള്ള സംഭരണികളിലൂടെയും പുതുതായി പണിയുന്ന സംഭരണിയിലൂടെയും വിതരണം നടത്തുകയാണ് ലക്ഷ്യം. നിര്‍മാണത്തിന് ഫണ്ട് അനുവദിച്ച്‌ ഒരു വര്‍ഷം പിന്നിട്ടിട്ടും പൈപ്പുകള്‍ സ്ഥാപിക്കുന്ന പണിയും ശുദ്ധീകരണ പ്ലാന്റിന്റെയും പമ്പ് ഹൗസിന്റെയും നിര്‍മാണവും ആരംഭിച്ചിട്ടില്ല. പ്ലാന്റ് നിര്‍മിക്കുന്ന സ്ഥലത്തിന്റെ ഉറപ്പ് പരിശോധിക്കുന്നതേയുള്ളൂ. ഇതേ സ്ഥിതി തുടര്‍ന്നാല്‍‌ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ജനങ്ങള്‍ക്ക് പദ്ധതിയില്‍ നിന്ന് വെള്ളം കിട്ടില്ല.

Sharing

Leave your comment

Your email address will not be published. Required fields are marked *