ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനം വേണ്ട; അമരാവതിയെ 6 മാസം കൊണ്ട് വികസിപ്പിക്കണമെന്ന് ഹൈക്കോടതി

മൂന്ന് തലസ്ഥാനങ്ങള്‍ രൂപീകരിക്കാനുള്ള ആന്ധ്രപ്രദേശിലെ വൈ എസ് ജഗ്മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. അമരാവതിയെ ആറ് മാസത്തിനുള്ളില്‍ ആന്ധ്രപ്രദേശിന്റെ തലസ്ഥാനമെന്ന നിലയില്‍ വികസിപ്പിക്കണമെന്ന് ആന്ധ്ര ഹൈക്കോടതി ഉത്തരവിട്ടു.തലസ്ഥാന പ്രദേശ വികസന അതോറിറ്റി നിയമം പാലിച്ച് വേണം അമരാവതിയെ തലസ്ഥാനമായി വികസിപ്പിക്കാന്‍. അമരാവതിയില്‍ തലസ്ഥാന വികസനത്തിനായി കൃഷി ഭൂമി വിട്ടുകൊടുത്ത കര്‍ഷകര്‍ ഉള്‍പ്പടെ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഉത്തരവ്. ഹര്‍ജിക്കാര്‍ക്ക് 50,000രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു.

വികസനം കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിലുള്ള മൂന്ന് നഗരങ്ങളില്‍ തലസ്ഥാനങ്ങള്‍ രൂപീകരിക്കാനായിരുന്ന ജഗ്‌മോഹന്‍ റെഡ്ഡി സര്‍ക്കാറിന്റെ തീരുമാനം. ഭരണപരമായ തലസ്ഥാനം വിശാഖപട്ടണത്തും, ജുഡീഷ്യല്‍ തലസ്ഥാനം കര്‍ണൂലിലും, ലെജിസ്ലേറ്റീവ് തലസ്ഥാനം അമരാവതിയിലും സ്ഥാപിക്കാനായിരുന്നു നീക്കം. ഇതിനുവേണ്ടി സിആര്‍ഡിഎ നിയമം റദ്ദ് ചെയ്തിരുന്നു. തുടര്‍ന്ന് മൂന്ന് തലസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ നിയമസഭയില്‍ ബില്ലുകള്‍ കൊണ്ടുവരുകയും ചെയ്തിരുന്നു. ഈ രണ്ട് ബില്ലുകള്‍ക്കുമെതിരെ ഭൂമി വിട്ടുകൊടുത്ത അമരാവതിയിലെ കര്‍ഷകര്‍ ഉള്‍പ്പടെ സമര്‍പ്പിച്ച നൂറോളം ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
ചീഫ് ജസ്റ്റിസ് പ്രശാന്ത് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവില്‍ തലസ്ഥാനങ്ങള്‍ മാറ്റുന്നത് സംബന്ധിച്ചുള്ള നിയമം പാസാക്കാന്‍ സംസ്ഥാന നിയമസഭകള്‍ക്ക് അധികാരമില്ലെന്ന് വ്യക്തമായി പറയുന്നുണ്ട്.

ഒരു ഭരണനിര്‍വഹണ സ്ഥാപനങ്ങളും നിലവിലെ തലസ്ഥാനമായ അമരാവതിയില്‍ നിന്ന് മാറ്റരുതെന്നും സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു. കര്‍ഷകരില്‍ നിന്ന് സ്ഥലമേറ്റെടുത്ത് വികസിപ്പിച്ച പ്ലോട്ടുകള്‍ മൂന്ന് മാസത്തിനകം അവര്‍ക്ക് തിരിച്ചുകൊടുക്കണമെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *