അല്‍ മവാസി കൂട്ടക്കുരുതി;ഇസ്രായേലിനെതിരെ ലോകവ്യാപക പ്രതിഷേധം

ദുബൈ: ഗസ്സയില്‍ അഭയാർഥികളായ ഫലസ്തീനികള്‍ തിങ്ങിക്കഴിയുന്ന അല്‍മവാസി തമ്ബുകളില്‍ ബോംബുകള്‍ വർഷിച്ച ഇസ്രായേല്‍ ക്രൂരതക്കെതിരെ പ്രതിഷേധം ശക്തം.സിവിലിയൻ കുരുതിയെ ഒരുനിലക്കും ന്യായീകരിക്കാനാവില്ലെന്ന് അമേരിക്കയും ബ്രിട്ടനും പ്രതികരിച്ചു. 45 പേരുടെ മരണത്തിനും അറുപതിലേറെ പേർക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ ആക്രമണം അങ്ങേയറ്റം നടുക്കം സൃഷ്ടിക്കുന്നതാണെന്ന് യു.എൻ സെക്രട്ടറി ജനറല്‍ ആന്‍റണിയോ ഗുട്ടറസ് പ്രതികരിച്ചു.ഗസ്സയില്‍ വെടിനിർത്തല്‍ നീളുന്നത് ആപല്‍ക്കര സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.അറബ് ലീഗ്, ഒ.ഐ.സി കൂട്ടായ്മകളും കൂട്ടക്കുരുതിയെ അപലപിച്ചു. ഇസ്രായേലിന്‍റെ കൊടും ക്രൂരതക്കെതിരെ അന്തർദേശീയ സമൂഹം ഇടപെടല്‍ നടത്തണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. അത്യുഗ്ര ശേഷിയുള്ള ബോംബുകളാണ് അല്‍മവാസി ക്യാമ്ബില്‍ തീതുപ്പിയത്. രണ്ടായിരം പൗണ്ട് അമേരിക്കൻ നിർമിത ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
30 അടി താഴ്ചയുള്ള മൂന്ന് കൂറ്റൻ ഗർത്തങ്ങള്‍ പ്രദേശത്ത് രൂപപ്പെട്ടു. പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന ഇസ്രായേല്‍ വിശദീകരണം ഹമാസ് തള്ളി. തെക്കൻ ഗസ്സയിലെ റഫയില്‍ അല്‍മശ്റൂഇല്‍ നടന്നആക്രമണത്തില്‍ അഞ്ചുപേരും കൊല്ലപ്പെട്ടു.അതിനിടെ, ഗസ്സയില്‍ ആക്രമണം അന്തിമഘട്ടത്തിലാണെന്ന ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിന്‍റെ പ്രഖ്യാപനം തള്ളി മന്ത്രി ബെൻ ഗവിർ. ഹമാസിനെ ഉൻമൂലനം ചെയ്യും വരെ ഗസ്സയില്‍ സൈനിക സമ്മർദം തുടരണമെന്നും സഹായം വിലക്കണമെന്നും ബെൻഗവിർ ആവശ്യപ്പെട്ടു.ആക്രമണം നടത്തുന്നവർക്ക് ഗസ്സയില്‍ വെടിനിർത്തലിന് താല്‍പര്യമില്ലെന്ന് യൂറോപ്യൻ യൂനിയൻ രാഷ്ട്രീയകാര്യ മേധാവി ജോസഫ് ബോറല്‍ പറഞ്ഞു. ദക്ഷിണ ലബനാനില്‍ ഹിസ്ബുല്ലക്കെതിരെയും ഇസ്രായേല്‍ ആക്രമണം ശക്തമാക്കി. റഷ്യക്ക് ബാലിസ്റ്റിക് മിസൈലുകള്‍ കൈമാറുന്നുവെന്ന കുറ്റം ചുമത്തി ഇറാനെതിരെ അമേരിക്ക കൂടുതല്‍ ഉപരോധം ഏർപ്പെടുത്തി. എന്നാല്‍ ആരോപണം ഇറാൻ തള്ളിയിട്ടുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *