തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങിയത് 42 മണിക്കൂര്‍; ആരുമറിഞ്ഞില്ല

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി 42 മണിക്കൂർ നേരം ലിഫ്റ്റില്‍ കുടുങ്ങി. ഉള്ളൂർ സ്വദേശി രവീന്ദ്രൻ ആണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ കുടുങ്ങിയത്.ഇദ്ദേഹത്തെ പുറത്തെത്തിച്ചത് തിങ്കളാഴ്ച പുലർച്ചെ ആറുമണിക്ക്.മെഡിക്കല്‍ കോളേജ് ഒ.പിയില്‍ നാല് ലിഫ്റ്റുകളാണ് ഉള്ളത്. ഇതില്‍ ഒരു ലിഫ്റ്റ് തകരാറായിരുന്നു. നടുവേദനയെ തുടർന്ന് അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറെ കാണുന്നതിനായാണ് രവീന്ദ്രൻ ഒ.പി വിഭാഗത്തിലെത്തിയത്. രവീന്ദ്രൻ കയറിയത് തകരാറിലായ ലിഫ്റ്റിലായിരുന്നു. തുടർന്ന് ഇദ്ദേഹം ലിഫ്റ്റിന് അകത്ത് കുടുങ്ങിപ്പോയി.രവീന്ദ്രന്റെ ഫോണ്‍ നിലത്തുവീണ് പൊട്ടി തകരാറിലായിരുന്നു. അതിനാല്‍ താൻ ലിഫ്റ്റില്‍ കുടുങ്ങിയ വിവരം ആരെയും വിളിച്ചറിയിക്കാൻ സാധിച്ചില്ല. ആശുപത്രിയിലുള്ള മറ്റാരുടെയും ശ്രദ്ധയില്‍ ഇക്കാര്യം പെട്ടതുമില്ല. ഇതിനിടെ ലിഫ്റ്റ് ഓപ്പറേറ്റർ ലിഫ്റ്റ് ലോക്ക് ചെയ്ത് പോകുകയും ചെയ്തു. ഞായാറാഴ്ചയായതിനാല്‍ അടുത്ത ദിവസവും ആരും ലിഫ്റ്റിനടുത്ത് എത്തുകയോ തുറക്കുകയോ ചെയ്തില്ല.

മെഡിക്കല്‍ കോളേജില്‍ വെച്ച്‌ രവീന്ദ്രനെ കാണാതായതിനെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ആശുപത്രിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. പിന്നീട് തിങ്കളാഴ്ച രാവിലെയോടെ ലിഫ്റ്റ് തകരാർ പരിഹരിക്കുന്നതിനായി തൊഴിലാളികള്‍ എത്തി തുറന്നപ്പോഴാണ് അവശനിലയില്‍ രവീന്ദ്രനെ കണ്ടെത്തിയത്. രവീന്ദ്രനെ ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. രക്തസമ്മർദം സംബന്ധിച്ച ബുദ്ധിമുട്ടുകളല്ലാതെ അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.ലിഫ്റ്റ് തകരാറിലായി എന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നില്ലെന്നാണ് വിവരം. ലിഫ്റ്റ് ഇടയ്ക്കിടെ തകാറിലാകാറുണ്ടായിരുന്നതിനാല്‍ ഓഫ് ചെയ്തുവെക്കുകയായിരുന്നു എന്നാണ് ആശുപത്രിയുടെ വിശദീകരണം.സംഭവത്തില്‍ അന്വേഷിച്ച്‌ നടപടിയെടുക്കാൻ ആരോഗ്യ മന്ത്രി ആശുപത്രി അധികൃതരോട് നിർദേശിച്ചിട്ടുണ്ട്. ഇതിനേത്തുടർന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സെക്യൂരിറ്റി ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *