കേരളത്തിന്റെ ‘സ്ട്രീറ്റ്’ ടൂറിസം പദ്ധതിക്ക് അന്തര്‍ദേശീയ പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ സുസ്ഥിര ടൂറിസം പദ്ധതിയായ ‘സ്ട്രീറ്റി’ന് ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിന്‍റെ പുരസ്കാരം.പദ്ധതി വഴി ടൂറിസം കേന്ദ്രങ്ങളില്‍ നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് പുരസ്കാരത്തിനര്‍ഹമാക്കിയത്. ‘ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത്’ എന്ന ഐക്യരാഷ്ട്ര സഭ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍റെ നയത്തിന്‍റെ ചുവടുപിടിച്ചാണ് സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി ആവിഷ്കരിച്ചത്. കേരള ടൂറിസത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ‘സ്ട്രീറ്റ്’ നടപ്പാക്കി വരുന്നത്. ജല സംരക്ഷണം, ജല ലഭ്യത മെച്ചപ്പെടുത്തല്‍ എന്നീ ഘടകങ്ങളാണ് പുരസ്കാരത്തിന് സഹായകമായത്.

പുതിയ ചുവടുവെപ്പുകളുമായി മുന്നോട്ടുപോകാന്‍ കേരളത്തെ പ്രേരിപ്പിക്കുന്നതാണ് പുരസ്കാര നേട്ടമെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ കേരള സംഘത്തെ നയിക്കുന്നത് മന്ത്രിയാണ്.

കോവിഡിന് ശേഷം ടൂറിസം മേഖലയെ തിരികെ കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. ഇത് കേരളത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരും. ലോക ടൂറിസം ഭൂപടത്തിലെ ഓരോ മേഖലയിലും കേരള ടൂറിസം അംഗീകരിക്കപ്പെടുകയാണ്. ഉത്തരവാദിത്ത ടൂറിസത്തെ കേരള ടൂറിസത്തിന്‍റെ പ്രധാന ശ്രദ്ധാകേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.കുമരകത്തിനടുത്തുള്ള മറവന്‍തുരുത്താണ് ‘വാട്ടര്‍ സ്ട്രീറ്റ്’ പദ്ധതിയിലെ പ്രധാന ഇടം.

Sharing

Leave your comment

Your email address will not be published. Required fields are marked *