ചൈനയടക്കം ശത്രുക്കള്‍ കരുതിയിരുന്നോ; ഹിസ്‌ബുള്ള നേതാവിനെ വധിക്കാൻ ഇസ്രയേല്‍ പ്രയോഗിച്ച ബങ്കര്‍ ബസ്റ്റര്‍ ഇന്ത്യക്കുമുണ്ട്

സംഘടനയുടെ അവസാന വാക്കായ സെക്രട്ടറി ജനറല്‍ ഹസൻ നസ്രള്ളയെ (64) വ്യോമാക്രമണത്തിലൂടെ ഇസ്രയേല്‍ വധിച്ചത് ഹിസ്‌ബുള്ളയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.ബെയ്റൂട്ടിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേയില്‍ കെട്ടിടസമുച്ചയങ്ങള്‍ക്ക് 60 അടിയിലുള്ള ഭൂഗർഭ ആസ്ഥാനത്താണ് നസ്രള്ള കഴിഞ്ഞിരുന്നത്. ന്യൂ ഓർഡർ എന്ന പേരില്‍ നടത്തിയ ഓപ്പറേഷനില്‍ ബങ്കറുകള്‍ തകർക്കുന്ന മാരകശേഷിയുള്ള ബോംബുകളാണ് ഇസ്രയേല്‍ പ്രയോഗിച്ചത്.യു എസ് നിർമിത ബോംബായ ബങ്കർ ബസ്റ്റർ ആണ് നസ്രള്ളയെ വധിക്കാൻ ഇസ്രയേല്‍ ഉപയോഗിച്ചത്. ഒരു നഗര പ്രദേശത്ത് നടത്തുന്ന ഏറ്റവും വലിയ ബോംബാക്രമണങ്ങളില്‍ ഒന്നാണിത്. 85 ബങ്കർ ബസ്റ്റർ ബോംബുകളടക്കം 80 ടണ്‍ സ്ഫോടക വസ്തുക്കളാണ് ഓപ്പറേഷനില്‍ ഉപയോഗിച്ചത്.’ഗ്രൗണ്ട് പെനട്രേഷൻ മ്യുണീഷൻസ്’ എന്ന പേരില്‍ അറിയപ്പെടുന്ന ബങ്കർ ബസ്റ്റർ ബോംബുകള്‍ കഠിനമായ ടാർജെറ്റുകളും സൈനിക ബങ്കറുകള്‍ പോലെ ആഴത്തിലുള്ള ഭൂഗർഭ തുരങ്കങ്ങളും ആക്രമിക്കാൻ ഉപയോഗിക്കുന്ന യുദ്ധോപകരണങ്ങളാണ്. 2000 പൗണ്ട് മുതല്‍ 4000 പൗണ്ട് വരെയാണ് ഇതിന്റെ ഭാരം. ഭൂമിയുടെ 30 അടിവരെയും കോണ്‍ക്രീറ്റിന്റെ ആറ് മീറ്റർവരെയും തുളച്ചുകയറാൻ ശേഷിയുള്ള ആയുധങ്ങളാണിത്.സ്ഫോടക വസ്തുക്കളും ഫ്യൂസുകളും മറ്റും നിറച്ച ഇത്തരം ബോംബുകള്‍ ലക്ഷ്യത്തില്‍ തുളച്ചുകയറിയതിനുശേഷം മാത്രമാണ് പൊട്ടിത്തെറിക്കുന്നത്. ടാർഗറ്റില്‍ പരമാവധി നാശനഷ്ടം വരുത്തുകയെന്നതാണ് ഇത്തരം ബോംബുകളുടെ ലക്ഷ്യം. ബങ്കർ ബസ്റ്ററുകള്‍ പ്രയോഗിക്കുമ്ബോള്‍ ഉണ്ടാവുന്ന ഗതികോർജ്ജമാണ് ഇവയെ ആഴത്തില്‍ തുളച്ചുകയറാൻ പ്രാപ്തമാക്കുന്നത്.രണ്ടാം ലോക മഹായുദ്ധകാലത്താണ് ബങ്കർ ബസ്റ്ററുകള്‍ ആദ്യമായി ഉപയോഗിച്ച്‌ തുടങ്ങിയത്. ജർമ്മൻ എഞ്ചിനീയർ ഓഗസ്റ്റ് കോൻഡേഴ്‌സ് വികസിപ്പിച്ചെടുത്ത റോച്ച്‌ലിംഗ് ഷെല്ലുകള്‍ 1942ലും 1943ലും പരീക്ഷിച്ച ആദ്യത്തെ നൂതന ബങ്കർ ബസ്റ്റർ ബോംബുകളായാണ് കണക്കാക്കപ്പെടുന്നത്.പ്രധാനമായും മൂന്ന് തരം ബങ്കർ ബസ്റ്ററുകളാണ് ഉപയോഗിക്കുന്നത്. ഗൈഡഡ് ബോംബ് യൂണിറ്റ് 28, ഗൈഡഡ് ബോംബ് യൂണിറ്റ് 37, മാസീവ് ഓർഡ്‌നൻസ് പെനട്രേറ്റർ എന്നീ ബങ്കർ ബസ്റ്ററുകളാണ് യുദ്ധവേളകളില്‍ കൂടുതലായും ഉപയോഗിക്കുന്നത്.

ഗൈഡഡ് ബോംബ് യൂണിറ്റ് 28 (ജിബിയു 28): ഗള്‍ഫ് യുദ്ധകാലത്ത് നിർമിക്കപ്പെട്ട ഇവയ്ക്ക് 5000 പൗണ്ടാണ് ഭാരം. കൃത്യമായി ലക്ഷ്യത്തില്‍ തുളച്ചുകയറുന്നതിനായി ലേസർ സാങ്കേതിക വിദ്യാണ് ഇതില്‍ ഉപയോഗിക്കുന്നത്. പീരങ്കി ബാരലുകളാലാണ് ഇവ നിർമിച്ചിരിക്കുന്നത്.
ഗൈഡഡ് ബോംബ് യൂണിറ്റ് 37 (ജിബിയു 37): മോശം കാലാവസ്ഥയിലും ലക്ഷ്യത്തില്‍ തുളച്ചുകയറാൻ ശേഷിയുള്ള ഈ ബോംബ് ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.മാസീവ് ഓർഡ്‌നൻസ് പെനട്രേറ്റർ (ജിബിയു 57): യു എസിന്റെ ആയുധശേഖരത്തിലുള്ള ഏറ്റവും വലിയ ബങ്കർ ബസ്റ്ററാണിത്. 30,000 പൗണ്ടാണ് ഇതിന്റെ ഭാരം. കോണ്‍ക്രീറ്റ് പ്രതലത്തിന്റെ 200 അടിവരെ തുളച്ചുകയറാൻ ഇതിന് സാധിക്കും.അന്താരാഷ്‌ട്ര നിയമം ബങ്കർ ബസ്റ്റർ ബോംബുകളെ പ്രത്യേകമായി നിരോധിക്കുന്നില്ലെങ്കിലും, ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ അവയുടെ ഉപയോഗം ധാർമ്മികവും നിയമപരവുമായ ആശങ്കകള്‍ ഉയർത്തുന്നു. ജനീവ കണ്‍വെൻഷൻ പോലുള്ള അന്താരാഷ്ട്ര മാനുഷിക നിയമം ഇത്തരം യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളില്‍ സാധാരണ പൗന്മാർ കൊല്ലപ്പെടുന്നത് കർശനമായി വിലക്കുന്നു. നസ്രള്ളയെ കൊലപ്പെടുത്താൻ ഇസ്രയേല്‍ 5000 പൗണ്ട് ഭാരമുള്ള യുഎസ് നിർമിത ബങ്കർ ബസ്റ്ററാണ് ഉപയോഗിച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഖ്‌ച്ചി ആരോപിക്കുന്നു.ഇസ്രയേലിന് കാലങ്ങളായി യുസ് ബങ്കർ ബസ്റ്ററുകള്‍ കൈമാറി വരികയാണ്. 2005ല്‍ 100 ജിബിയു 28, 2014ല്‍ കൂടുതല്‍ ബങ്കർ ബസ്റ്ററുകള്‍, 2023ല്‍ 1000 ബങ്കർ ബസ്റ്ററുകളും അമേരിക്ക ഇസ്രയേലിന് നല്‍കി.ഇസ്രയേലിനും യുഎസിനും എന്നപോലെ ഇന്ത്യയുടെ ആയുധശേഖരത്തിലും ബങ്കർ ബസ്റ്ററുകളുണ്ട്. ഇന്ത്യയുടെ തദ്ദേശീയ എല്‍സിഎ തേജസ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കുന്ന ഫ്രഞ്ച് എയർ-ടു ഗ്രൗണ്ട് ഹാമർ മിസൈലുകള്‍ ഇന്ത്യൻ വ്യോമസേന ഓർഡർ ചെയ്തതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. 70 കിലോമീറ്റർ (43.5 മൈല്‍) പരിധിയില്‍ നിന്ന് ബങ്കറുകളോ കഠിനമായ ലക്ഷ്യങ്ങളോ തകർക്കാൻ തേജസിനെ സഹായിക്കുന്നവയാണ് ഹാമറുകള്‍.125, 250, 500, 1,000 കിലോഗ്രാം (275, 551, 1,102, 2,205 പൗണ്ട്) ഭാരമാണ് ഹാമറുകള്‍ക്കുള്ളത്. മിസൈല്‍, ഗ്ലൈഡിംഗ് ബോംബ് പതിപ്പുകളിലാണ് യുദ്ധോപകരണങ്ങള്‍ എത്തിച്ചതെന്നാണ് വിവരം. റഫേല്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇത്തരത്തിലെ ആറ് ഹാമറുകള്‍ വഹിക്കാനാകും.

Sharing

Leave your comment

Your email address will not be published. Required fields are marked *