മുഖ്യമന്ത്രിക്ക് തലയ്ക്ക് വെളിവില്ല! താൻ വിചാരിച്ചാല്‍ 25 പഞ്ചായത്തുകള്‍ സിപിഎമ്മിന് നഷ്ടമാകും! വെല്ലുവിളി തുടര്‍ന്ന് പി വി അൻവര്‍; പ്രതിരോധിക്കാൻ പാടുപെട്ട് സിപിഎം നേതൃത്വം

നിലമ്ബൂർ: സ്വർണ്ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നത് തലയ്ക്ക് വെളിവില്ലാതെയാണെന്നും വഞ്ചിക്കപ്പെടുന്നത് തിരിച്ചറിയണമെന്നും പി വി അൻവർ എം എല്‍ എ.ഇന്നലത്തെ പൊതു സമ്മേളനത്തിലെ ജനപങ്കാളിത്തം മുഖ്യമന്ത്രിക്കുള്ള താക്കീതാണ്. സ്വർണ്ണക്കടത്ത് വിഷയത്തില്‍ ഒരു കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. വരും ദിവസങ്ങളിലും പൊതു സമ്മേളനങ്ങള്‍ തുടരുമെന്നും ഇന്നലത്തെ പൊതുസമ്മേളനം വിപ്ലവമായി മാറിയെന്നും അൻവർ കൂട്ടിച്ചേർത്തു. അരീക്കോട്, മഞ്ചേരി, വേങ്ങര തുടങ്ങിയ സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ പൊതുയോഗം വിളിച്ചിട്ടുണ്ട്. താൻ വിചാരിച്ചാല്‍ 25 പഞ്ചായത്തുകളിലെങ്കിലും സിപിഎമ്മിന് ഭരണം നഷ്ടമാകുമെന്ന വെല്ലുവിളിയും അൻവർ നടത്തി.അതേസമയം അൻവർ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്നും അൻവറിനോട് നിസ്‌കരിക്കാൻ പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ പ്രതികരിച്ചു. മതന്യുനപക്ഷങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഇത് യുഡിഎഫിന്റെ ഒരു ശൈലിയാണെന്നും അൻവർ ആ പാത പിന്തുടരുകയാണെന്നും എ കെ ബാലൻ പറഞ്ഞു. ഇന്നലത്തെ പൊതുസമ്മേളനത്തിലെ ജനക്കൂട്ടം കാര്യമായി എടുക്കുന്നില്ലെന്നും സിപിഎം അണികള്‍ ഭദ്രമാണെന്നും എല്‍ ഡി എഫ് കണ്‍വീനർ പി രാമകൃഷ്ണൻ പറഞ്ഞു. എ ഡി ജി പി ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കുറ്റക്കാരനെങ്കില്‍ നടപടിയെടുക്കും. എന്നാല്‍ പി വി അൻവർ മുഖ്യമന്ത്രിക്കെതിരെയും പാർട്ടിക്കെതിരെയും അതിരൂക്ഷമായ വിമർശനമാണ് നടത്തുന്നതെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും എല്‍ ഡി എഫ് കണ്‍വീനർ പറഞ്ഞു.ഇന്നലെത്തെ യോഗത്തില്‍ 200 പേർ പങ്കെടുക്കുമെന്നാണ് അൻവർ അറിയിച്ചിരുന്നത്. 50 പേർ തികച്ചു കാണില്ലെന്ന് സിപിഎം പരിഹസിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ആയിരക്കണക്കിന് പേരാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ മുഖ്യമന്ത്രിയെയും പാർട്ടിയെയും അൻവർ നിശിതമായി വിമർശിക്കുകയും ചെയ്‌തു. മാത്രമല്ല വിമർശനങ്ങളും വെല്ലുവിളികളും അൻവർ തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധിക്കാൻ പാടുപെടുകയാണ് പാർട്ടി നേതൃത്വം.

Sharing

Leave your comment

Your email address will not be published. Required fields are marked *