222 പവനെന്ന് പറഞ്ഞ് പണയംവച്ചത് മുക്കുപണ്ടം; മലപ്പുറത്തെ കെഎസ്‌എഫ്‌ഇയില്‍ നിന്നും തട്ടിയത് ഒന്നര കോടി

മലപ്പുറം: കെഎസ്‌എഫ്‌ഇയില്‍ മുക്കുപണ്ടം പണയം വച്ച്‌ ഒന്ന കോടിയോളം രൂപ തട്ടിയെടുത്തു. സംഭവത്തില്‍ അപ്രൈസർ ഉള്‍പ്പെടെ നാല് പേർക്കെതിരെ പോലീസ് കേസ് എടുത്തു.മലപ്പുറം വളാഞ്ചേരിയിലെ കെഎസ്‌എഫ്‌ഇ ശാഖയില്‍ ആണ് തട്ടിപ്പ് നടന്നത്.ശാഖയിലെ അപ്രൈസർ രാജൻ മുക്കുപണ്ടം പണയം വച്ച പാലക്കാട് സ്വദേശികളായ അബ്ദുള്‍ നിഷാദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അഷ്‌റഫ്, റഷീദലി എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. 222.63 പവന്റെ സ്വർണമെന്ന പറഞ്ഞാണ് പ്രതികള്‍ മുക്കുപണ്ടം പണയം വച്ചത്. ശാഖയില്‍ പണയത്തിനായി എത്തിക്കുന്ന സ്വർണം വ്യാജമാണോയെന്ന് പരിശോധിക്കുന്നത് രാജനാണ്. ഇയാള്‍ സ്വർണമാണെന്ന് പറഞ്ഞതോടെയാണ് മുക്കുപണ്ടം സ്വീകരിച്ച്‌ ജീവനക്കാർ അതിന് പകരമായി 1.48 കോടി രൂപ നല്‍കിയത്. എന്നാല്‍ പിന്നീട് സ്വർണം കണ്ട് സംശയം തോന്നിയ ശാഖാ മാനേജർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പോലീസ് എത്തി നടത്തിയ പരിശോധനയില്‍ ഇത് മുക്കുപണ്ടം ആണെന്ന് വ്യക്തമായി. ഇതോടെ മാനേജരുടെ പരാതിയില്‍ കേസ് എടുക്കുകയായിരുന്നു. 10 അക്കൗണ്ടുകള്‍ വഴിയാണ് പ്രതികള്‍ പണം സ്വന്തമാക്കിയിരിക്കുന്നത്. ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്. മാനേജർ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ രാജൻ ഒളിവിലാണ്. സംഭവത്തില്‍ ശാഖയിലെ മറ്റ് ജീവനക്കാർക്കും പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *