തമിഴ്‌നാട്- ശ്രീലങ്കൻ കപ്പല്‍ 16 മുതല്‍; നാഗപട്ടണത്തേക്ക് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന് ആവശ്യം

തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്കുള്ള കപ്പല്‍ സർവീസ് 16-ന് പുനരാരംഭിക്കും. റിസർവേഷൻ ചൊവ്വാഴ്ച തുടങ്ങുമെന്ന് സർവീസ് നടത്തുന്ന ഇൻഡ് ശ്രീ ഫെറി സർവീസ് തിങ്കളാഴ്ച അറിയിച്ചു.മാസങ്ങള്‍നീണ്ട അനിശ്ചിതത്വത്തിനുശേഷമാണ് സർവീസ് വീണ്ടും തുടങ്ങുന്നത്. അന്തമാനില്‍നിന്നു കൊണ്ടുവന്ന ‘ശിവഗംഗ’ എന്ന കപ്പലാണ് സർവീസിന് ഉപയോഗിക്കുന്നത്. കപ്പലിന്റെ പരീക്ഷണയാത്ര വിജയമായിരുന്നെന്നും മറ്റുസജ്ജീകരണങ്ങളെല്ലാം പൂർത്തിയായെന്നും ഇൻഡ് ശ്രീ ഫെറി സർവീസ് മാനേജിങ് ഡയറക്ടർ എസ്. നിരഞ്ജൻ നന്ദഗോപൻ അറിയിച്ചു.നാഗപട്ടണത്തുനിന്ന് ജാഫ്നയിലെ കാങ്കേശൻതുറയിലേക്കുള്ള 111 കിലോമീറ്റർ ദൂരം താണ്ടാൻ മൂന്നരമുതല്‍ നാലുവരെ മണിക്കൂർ സമയമാണ് കപ്പലിനുവേണ്ടത്.

സാധാരണക്ലാസില്‍ 133 സീറ്റും പ്രീമിയംക്ലാസില്‍ 27 സീറ്റും ഉള്‍പ്പെടെ 160 സീറ്റുകളുണ്ട്. ഒരുവശത്തേക്കുള്ള ടിക്കറ്റുനിരക്ക് യഥാക്രമം 5000 രൂപയും 7500 രൂപയുമായിരിക്കും എന്നാണറിയുന്നത്. വിശദാംശങ്ങള്‍ ചൊവ്വാഴ്ച ഇൻഡ് ശ്രീ യുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. 60 കിലോഗ്രാംവരുന്ന സാധനങ്ങള്‍ ലഗേജായും അഞ്ചുകിലോഗ്രാം ഹാൻഡ് ബാഗ് ആയും കൊണ്ടുപോകാം.അതേമസമയം കപ്പല്‍ സർവീസ് പുനരാരംഭിക്കുന്നതോടെ നാഗപട്ടണത്തേക്ക് കൂടുതല്‍ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. റെയില്‍ യൂസേഴ്സ് അസോസിയേഷനും വ്യാപാര സംഘടനകളുമാണ് ഈ ആവശ്യമുയർത്തിയത്.

വേളാങ്കണ്ണി, നാഗൂർ, തിരുനള്ളാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെത്താനുള്ള സാഹചര്യം കൂടെ പരിഗണിച്ചാണ് ഈ ആവശ്യം. ഈ സ്ഥലങ്ങളിലൂടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും മറ്റ് ഭാഗങ്ങളിലേക്ക് യാത്രക്കാർക്ക് എത്താനാകും. നിലവില്‍ നാഗപട്ടണം വഴി ദിവസവും രണ്ട് എക്സ്പ്രസ് ട്രെയിനുകള്‍ മാത്രമാണ് സർവീസ് നടത്തുന്നത്.വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം കഴിഞ്ഞവർഷം ഒക്ടോബർ 14-നാണ് ശ്രീലങ്കയിലേക്കുള്ള കപ്പല്‍സർവീസ് ഉദ്ഘാടനംചെയ്തത്. കെ.പി.വി.എസ്. പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനായിരുന്നു സർവീസിന്റെ ചുമതല. ഏതാനും ദിവസങ്ങള്‍ക്കുശേഷം സർവീസ് നിർത്തിവെക്കുകയായിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *