സില്‍വര്‍ലൈന്‍ ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.കേന്ദ്രാനുമതി കിട്ടിയാലുടന്‍ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പദ്ധതിക്കായി നിയോഗിച്ച റവന്യു ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചതോടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹമുയര്‍ന്നത്.

സംസ്ഥാനത്ത് സില്‍വര്‍ ലൈനിനുവേണ്ടി 11 ജില്ലകളില്‍ ഭൂമി ഏറ്റെടുക്കാനായി 205 ഓളം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയായിരുന്നു സര്‍ക്കാര്‍ ഡെപ്യൂട്ടേഷനില്‍ നിയോഗിച്ചിരുന്നത്. ഇവര്‍ക്ക് ഓഫീസും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കിയിരുന്നു. എന്നാല്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം പൂര്‍ത്തിയാകാത്തതും കേന്ദ്രാനുമതിയുമുള്‍പ്പെടെയുള്ളവ ലഭ്യമാകാത്തതും മൂലം ഭൂമിയേറ്റെടുക്കാന്‍ സാധിച്ചിട്ടില്ല.

ഇവ ലഭ്യമാകും വരെ 205 ഓളം വരുന്ന ജീവനക്കാര്‍ മറ്റ് ജോലികളില്ലാതെ നില്‍ക്കേണ്ടതിനാലാണ് ഇവരെ അതാതിടങ്ങളിലേക്ക് തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടതല്ലാതെ, റവന്യൂ വകുപ്പില്‍ല്‍ നേരത്തെയുണ്ടായിരുന്ന ചുമതലകള്‍ തന്നെയാണ് ഇവര്‍ക്ക് നല്‍കുക.

Sharing

Leave your comment

Your email address will not be published. Required fields are marked *