ഇന്ത്യന്‍ കുപ്പായത്തില്‍ 335 ാം മത്സരവും പൂര്‍ത്തിയാക്കി ; ഇന്ത്യന്‍ ഹോക്കിയുടെ ഇതിഹാസകാവല്‍ക്കാരന് വിട ; തുടര്‍ച്ചയായി രണ്ടാം വെങ്കലത്തോടെ ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് മടക്കം

പാരീസ്: മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ മടക്കം വെങ്കല മെഡലോടെ. പാരീസ് ഒളിമ്ബിക്‌സ് ഹോക്കിയില്‍ സ്‌പെയിനെ 2-1 നു തോല്‍പ്പിച്ചാണ് ഇന്ത്യയുടെ പുരുഷ ടീം വെങ്കലം നേടിയത്.ടോക്കിയോ ഒളിമ്ബിക്‌സിലും ഇന്ത്യന്‍ ടീം വെങ്കലം നേടിയിരുന്നു.50 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ തുടര്‍ച്ചയായി രണ്ട് ഒളിമ്ബിക്‌സുകളില്‍ മെഡല്‍ നേടിയത്. ടോക്കിയോയില്‍ സെമിയില്‍ ബെല്‍ജിയത്തിനോടു തോറ്റ ഇന്ത്യ വെങ്കലപ്പോരില്‍ ജര്‍മനിയെ മറികടന്നു. 1968, 1972 ഒളിമ്ബിക്‌സുകളിലും ഇന്ത്യ തുടരെ വെങ്കലം നേടിയിരുന്നു.നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായത്. സ്‌പെയിനാണ് ആദ്യം ഗോളടിച്ചത്. ഹര്‍മന്‍പ്രീത് സിങ് ഇൗ ഒളിമ്ബിക്‌സില്‍ ആകെ പത്ത് ഗോളുകളടിച്ചു. ഹോക്കിയില്‍ വെങ്കലം നേടിയതോടെ പാരീസ് ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം നാലായി. ഒളിമ്ബിക്‌സിനു മുമ്ബ് തന്നെ പി.ആര്‍ ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.ഇന്ത്യന്‍ കുപ്പായത്തില്‍ താരത്തിന്റെ 335-ാം മത്സരം കൂടിയായിരുന്നു ഇത്. ഇന്ത്യക്കാണ് കളിയിലെ ആദ്യത്തെ അവസരവും ലഭിച്ചത്. സുഖ്ജീത്് സിങിന്റെ ഗോളിലേക്കുള്ള ഷോട്ട് ഗോള്‍ കീപ്പര്‍ തടുത്തു. സ്‌പെയിനിന്റെ ഭാഗത്തുനിന്നു ഗോളിലേക്കുള്ള നീക്കങ്ങളൊന്നും ആദ്യപാദത്തില്‍ കണ്ടില്ല. രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി മിനിറ്റുകള്‍ക്കകം സ്‌പെയിന്‍ മുന്നിലെത്തി. സ്പാനിഷ് താരത്തെ ബോക്‌സിനുള്ളില്‍ വച്ച്‌ തടുത്തതിന് ഇന്ത്യക്കെതിരേ പെനല്‍റ്റി സ്‌ട്രോക്ക് വിധിക്കുകയായിരുന്നു. സര്‍ക്കിളിനുള്ളിലെ അമിത് രോഹിദാസിന്റെ ഹൈ സ്റ്റിക്ക് ബ്ലോക്കാണ് പെനാല്‍റ്റിക്ക് കാരണമായത്. ശ്രീജേഷിനു യാതൊരു അവസരവും നല്‍കാതെ മിറാലസ് ഗോളാക്കി.രണ്ടാംപാദം അവസാനിക്കും മുമ്ബ് 30-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീതിലൂടെ ഇന്ത്യ സമനില കൈക്കലാക്കി. പെനല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. ഒന്നാം പകുതി 1-1 ന് അവസാനിച്ചു. മൂന്നാം പാദം ആരംഭിച്ച്‌ വൈകാതെ ഇന്ത്യ ലീഡ് നേടി. ഇന്ത്യയുടെ റഫറലില്‍ ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഹര്‍മന്‍പ്രീത് ലക്ഷ്യത്തിലെത്തിച്ചു. മൂന്നാം പാദത്തില്‍ ലീഡ് ഉയര്‍ത്താന്‍ ഇന്ത്യക്ക് പല അവസരങ്ങളും ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അവസാന പാദത്തില്‍ സ്‌പെയിന്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തി. ശ്രീജേഷും പ്രതിരോധവും വിട്ടുകൊടുത്തില്ല.

Sharing

Leave your comment

Your email address will not be published. Required fields are marked *