വഖഫ് നിയമ ഭേദഗതി ;ബില്ലിലെ പ്രധാന വ്യവസ്ഥകള്‍ ഇവ…

രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ ഉടമസ്ഥതയിലും പരിപാലനത്തിലും വഖഫ് ബോർഡുകളുടെ ഘടനയിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കും വഖഫ് കൈയേറ്റങ്ങള്‍ക്കും ഇടയാക്കുന്ന വഖഫ് നിയമ ഭേദഗതി ബില്‍ 2024 കേന്ദ്ര സർക്കാർ പുറത്തുവിട്ടിരിക്കുകയാണ്. പാർലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് വിവാദ ബില്ലിന്റെ പകർപ്പ് ബുധനാഴ്ച എം.പിമാർക്ക് വിതരണം ചെയ്തത്. വഖഫ് തർക്കങ്ങളില്‍ വഖഫ് ബോർഡിന്റെ തീരുമാനം അന്തിമമായിരിക്കും എന്നത് നീക്കം ചെയ്തു. ഇതോടെ വഖഫ് സ്വത്തുക്കള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ അവസാന വാക്ക് സർക്കാറിന്റേതാകും.വഖഫ് തർക്കങ്ങളില്‍ വഖഫ് ട്രൈബ്യൂണലുകളുടെ തീരുമാനം അന്തിമമായിരിക്കും എന്ന വ്യവസ്ഥയും എടുത്തുകളഞ്ഞു.ഏത് വ്യക്തിക്കും അവനവന്റെ സ്ഥാവര ജംഗമ വസ്തുക്കള്‍ വഖഫ് ചെയ്യാമെന്ന വ്യവസ്ഥ മാറ്റി പുതിയ ബില്‍ പ്രകാരം അഞ്ച് വർഷമായി മതം അനുഷ്ഠിക്കുന്ന ഒരാള്‍ക്ക് മാത്രമേ വഖഫ് ചെയ്യാനാകൂ.’വഖഫ് അലല്‍ ഔലാദ്’ എന്ന പേരില്‍ കുടുംബത്തിനായി വഖഫ് ചെയ്തത് വേണ്ടെന്നുവെക്കാൻ സ്ത്രീകള്‍ അടക്കമുള്ള അനന്തരാവകാശികള്‍ക്ക് പില്‍ക്കാലത്ത് അവകാശമുണ്ടാകും.

ഇസ്‍ലാമിക നിയമപ്രകാരം സ്വത്തുക്കള്‍ വഖഫ് ചെയ്യുന്നത് കൂടുതലായും വാക്കാലായിരുന്നുവെങ്കിലും വാക്കാലുള്ള വഖഫ് ഇനി അംഗീകരിക്കില്ല. രജിസ്ട്രേഷൻ നിർബന്ധമാക്കി.സ്വത്തോ വസ്തുവകയോ ഉപയോഗത്തിലൂടെ വഖഫ് ആകുന്നതും പൂർണമായും പുതിയ ബില്ലില്‍ ഒഴിവാക്കി. നമസ്കാരം നടക്കുന്ന പള്ളി ‘വഖഫ്നാമ’ ഇല്ലെങ്കിലും വഖഫായി പരിഗണിക്കുന്ന നിലവിലുള്ള രീതി ഇനി അനുവദിക്കില്ല. അത് വഖഫല്ലെന്ന അവകാശവാദമുന്നയിക്കാൻ വ്യവസ്ഥ അവസരമൊരുക്കും.സുന്നി വഖഫും ശിയാ വഖഫും ആഗാഖാനി വഖഫും ബോറ വഖഫും വെവ്വേറെ ഉള്‍പ്പെടുത്തണം. സംസ്ഥാന സർക്കാറുകള്‍ക്ക് വേണമെങ്കില്‍ ശിയാക്കള്‍ക്കും ബോറകള്‍ക്കും ആഗാഖാനികള്‍ക്കും വ്യത്യസ്ത വഖഫ് ബോർഡ് ഉണ്ടാക്കാം.ഭേദഗതിക്ക് മുമ്ബുള്ള എല്ലാ വഖഫ് സ്വത്തുക്കളുടെയും വിശദാംശങ്ങള്‍ കേന്ദ്ര സർക്കാർ പുതുതായി തയാറാക്കുന്ന പോർട്ടലില്‍ ആറ് മാസത്തിനകം സമർപ്പിക്കണം.ഈ നിയമഭേദഗതിക്ക് മുമ്ബോ പിമ്ബോ ഏതെങ്കിലും സർക്കാർ സ്വത്ത് വഖഫ് സ്വത്താണെന്ന് കണ്ടെത്തുകയോ പ്രഖ്യാപിക്കുകോ ചെയ്താലും അത് വഖഫ് സ്വത്തായിരിക്കില്ല.നിയമ ഭേദഗതി നിലവില്‍ വരുന്ന സമയത്ത് സർവേ കമീഷണറുടെ മുമ്ബാകെ തീർപ്പാകാത്ത സർവേ ഫയലുകള്‍ കലക്ടർക്ക് കൈമാറണം. കലക്ടർ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കണം.ഗസറ്റിലെ വഖഫ് സ്വത്ത് വിശദാംശങ്ങള്‍ 15 ദിവസത്തിനകം സം സ്ഥാന സർക്കാർ പോർട്ടലില്‍ ഉള്‍പ്പെടുത്തണം.

Sharing

Leave your comment

Your email address will not be published. Required fields are marked *