ബഡ്‌ജറ്റില്‍ പേരുപോലുമില്ല, മോദി വിളിച്ചുചേര്‍ക്കുന്ന യോഗം ബഹിഷ്‌കരിക്കാൻ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍;

ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്റെ ബഡ്‌ജറ്റ് കടുത്ത വിവേചനപരമെന്ന് ആരോപിച്ച്‌ നിതി അയോഗ് യോഗം ബഹിഷ്‌കരിക്കാനൊരുങ്ങി മുഖ്യമന്ത്രിമാർ. നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗം ബഹിഷ്‌കരിക്കുക. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിനുമാണ് യോഗം ബഹിഷ്‌കരിക്കുക.കോണ്‍ഗ്രസ് മുഖ്യമന്ത്രിമാർ വിവേചനപരമായ ബഡ്‌ജറ്റില്‍ പ്രതിഷേധിച്ച്‌ നിതി അയോഗിന്റെ യോഗം ബഹിഷ്‌കരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. അങ്ങേയറ്റം അപകടകരവും ഫെഡറലിസത്തിനും ഭരണഘടനാ തത്വങ്ങള്‍ക്കും വിരുദ്ധമാണ് ബഡ്‌ജറ്റെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.ബഡ്‌ജറ്റില്‍ തമിഴ്‌നാടിനോട് ഏറ്റവും വലിയ വഞ്ചനയാണ് ചെയ്‌തതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ പറഞ്ഞു. തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ നിരന്തരം നിഷേധിച്ച കേന്ദ്രസർക്കാരിന്റെ ധനനയത്തെയും ലഭിച്ച വിഹിതത്തിലെ കുറവിലും സ്‌റ്റാലിൻ അതൃപ്‌തി പ്രകടിപ്പിച്ചു.സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ബഡ്‌ജറ്റ് പരാജയപ്പെട്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ബഡ്‌ജറ്റില്‍ കർഷകരോട് വലിയ അനീതിയാണ് കാട്ടിയതെന്നും സർക്കാരിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആന്ധ്രയ്‌ക്കും ബീഹാറിനും പുറത്തേക്ക് മോദി നോക്കിയില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ബഡ്‌ജറ്റില്‍ കർഷകരെ കേട്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ നിതി അയോഗിന്റെ യോഗത്തില്‍ പങ്കെടുക്കുന്നതിന് അർത്ഥമില്ല. ഇന്ന് രാവിലെ 10.30ഓടെ പ്രതിപക്ഷ എംപിമാർ പാർലമെന്റ് കവാടത്തില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *