എം.ടെക്കിന് ചേരാൻ ബി.ടെക് നിര്‍ബന്ധമല്ല. പ്രവേശനത്തിന് പൊതുപരീക്ഷ; പുതിയ മാനദണ്ഡവുമായി യു.ജി.സി.

തിരുവനന്തപുരം: ബിരുദാനന്തരബിരുദ പ്രവേശനമാനദണ്ഡങ്ങള്‍ യു.ജി.സി. പരിഷ്കരിച്ചതോടെ, ബി.ടെക്. ഇല്ലാത്തവർക്കും എം.ടെക്കിന് ചേരാൻ അവസരമൊരുങ്ങുന്നു.ഇതിനുപുറമേ, ഏതുവിഷയത്തില്‍ ബിരുദമെടുത്താലും ആ വിഷയത്തില്‍ മാത്രമൊതുങ്ങാതെ വിദ്യാർഥികള്‍ക്ക് ഇഷ്ടമുള്ള വിഷയത്തില്‍ പി.ജിക്ക് ചേരാനും പുതിയ മാർഗരേഖ വഴിയൊരുക്കും.ഇതിനായി സർവകലാശാലകളില്‍ പ്രത്യേക പ്രവേശനപരീക്ഷ നടപ്പാവും. യു.ജി.സി. പുതിയ മാർഗരേഖ പുറത്തിറക്കിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പരിഷ്കാരം നടപ്പാക്കാനുള്ള ആലോചന സർക്കാർ ആരംഭിച്ചു.
ബി.ടെക്. കഴിഞ്ഞവർക്ക് എം.ടെക്. പ്രവേശനം നല്‍കുന്നതാണ് നിലവിലെ രീതി. കൂടാതെ, ഫിസിക്സും കെമിസ്ട്രിയും പോലുള്ള നിശ്ചിത വിഷയങ്ങളില്‍ എം.എസ്സിയുള്ളവർക്കും എം.ടെക്കിന് ചേരാം. ഇനി പി.ജി. ചെയ്യാതെതന്നെ വിദ്യാർഥികള്‍ക്ക് എം.ടെക്കിന് അവസരമൊരുങ്ങും.പുതിയ മാർഗരേഖ വന്നതോടെ, സയൻസിലും ഗണിതത്തിലും സാങ്കേതികവിദ്യയിലും നാലുവർഷബിരുദം നേടിയവർക്ക് ഇനി എം.ടെക്കിന് പ്രവേശനം ലഭിക്കും. ഈ വിദ്യാർഥികള്‍ അനുബന്ധവിഷയത്തില്‍ നാലുവർഷബിരുദം നേടിയാല്‍മതിയെന്നാണ് വ്യവസ്ഥ.മേജർ വിഷയത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പി.ജി. പ്രവേശനം. ഇനി മൈനർ വിഷയങ്ങള്‍ക്കും പി.ജി. ചെയ്യാൻ അവസരമുള്ളതും മേജർ, മൈനർ വിഷയങ്ങള്‍ പഠിക്കാത്തവർക്കും പ്രവേശനത്തിന് സ്വാതന്ത്ര്യമുള്ളതും പരിഗണിച്ച്‌, മാർക്ക് നല്‍കാനുള്ള മാനദണ്ഡം പരിഷ്കരിക്കേണ്ടിവരും.

Sharing

Leave your comment

Your email address will not be published. Required fields are marked *