ഉഷ്ണ തരംഗം;യൂറോപ്പില്‍ ഈ വര്‍ഷം മരിച്ചത് 15,000 പേര്‍

ജനീവ : യൂറോപ്പില്‍ ഈ വര്‍ഷമുണ്ടായ ഉഷ്ണതരംഗത്തില്‍ ഇതുവരെ കുറഞ്ഞത് 15,000 പേരെങ്കിലും മരിച്ചതായി ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്‌.ഒ ).സ്പെയിനും ജര്‍മ്മനിയുമാണ് ഉഷ്ണ തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങള്‍. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് യൂറോപ്പില്‍ റെക്കോഡ് ചൂട് രേഖപ്പെടുത്തിയത്. മദ്ധ്യകാലഘട്ടത്തിന് ശേഷം യൂറോപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വരള്‍ച്ചയും ഈ കാലയളവിലുണ്ടായി.

ഏകദേശം 4,000ത്തോളം പേര്‍ സ്പെയിനിലും 4,500ഓളം പേര്‍ ജര്‍മ്മനിയിലും മരിച്ചു. പോര്‍ച്ചുഗലില്‍ 1,000ത്തിലേറെയും യു.കെയില്‍ 3,200ലേറെയും പേര്‍ ഈ മൂന്ന് മാസത്തിനിടെ മരിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഡേറ്റകള്‍ ലഭിക്കുന്നതോടെ മരണ സംഖ്യ ഇനിയും ഉയരും. സ്പെയിനിലും ഫ്രാന്‍സിലും ഏക്കറുകണക്കിന് പ്രദേശം കാട്ടുതീയില്‍ നശിച്ചിരുന്നു. കാര്‍ഷിക മേഖല സ്തംഭിച്ചു. ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞത് വൈദ്യുതി മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചു.

40 ഡിഗ്രി സെല്‍ഷ്യസിലേറെ ചൂടാണ് ഉഷ്ണതരംഗ കാലയളവില്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ രേഖപ്പെടുത്തിയത്. യു.കെയിലെ താപനില സര്‍വകാല റെക്കോഡുകള്‍ മറികടന്നാണ് 40 ഡിഗ്രി സെല്‍ഷ്യസിന് പുറത്തെത്തിയത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവ‌ര്‍, പ്രമേഹരോഗികള്‍, വൃദ്ധര്‍ എന്നിവരെയാണ് ചൂട് കൂടുതലായി ബാധിച്ചത്. താപനിലയിലുണ്ടായ കുതിച്ചുച്ചാട്ടം വിവിധ പകര്‍ച്ചവ്യാധികള്‍ക്കും കാരണമായി.

Sharing

Leave your comment

Your email address will not be published. Required fields are marked *