ഗുജറാത്തില്‍ 2004ന് ശേഷം വിവിധ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളായത് 972 ക്രിമിനല്‍ കേസ് പ്രതികള്‍

ഗാന്ധിനഗര്‍: ഗുജറാത്തില്‍ 2004 മുതല്‍ നടന്ന വിവിധ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച 6043 സ്ഥാനാര്‍ഥികളില്‍ 972 പേര്‍ ക്രിമിനല്‍ കേസുകള്‍ നേരിട്ടവര്‍.അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) എന്ന സംഘടനയാണ് ഇതുവരെയുള്ള സത്യപ്രസ്താവനകള്‍ വിശകലനം ചെയ്ത് കണക്കുകള്‍ പുറത്തുവിട്ടത്. 972 ക്രിമിനല്‍ കേസ് പ്രതികളില്‍ 511 പേര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്.

2004ന് ശേഷം സംസ്ഥാനത്തുണ്ടായ 685 നിയമസഭാംഗങ്ങളില്‍ 191 പേര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ഇതില്‍ 109 പേര്‍ ഗുരുതര കേസുകളില്‍ പ്രതിയാണ്. ബി.ജെ.പി-162, കോണ്‍ഗ്രസ്- 212, ബഹുജന്‍ സമാജ് പാര്‍ട്ടി – 65, ആം ആദ്മി -ഏഴ്, ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി -37, സ്വതന്ത്രര്‍ -291 എന്നിങ്ങനെയാണ് കണക്കുകള്‍. ബിജെപി-102, കോണ്‍ഗ്രസ് -80, സ്വതന്ത്രര്‍-മൂന്ന് എന്നിവര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്.

2004 മുതലുള്ള സ്ഥാനാര്‍ഥികളുടെ ശരാശരി ആസ്തി 1.71 കോടി രൂപയും നിയമസഭാംഗങ്ങളുടെ ശരാശരി ആസ്തി 5.99 കോടി രൂപയുമാണ്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ ശരാശരി ആസ്തിയാകട്ടെ 3.81 കോടി രൂപയും ഗുരുതര കുറ്റം ചെയ്തവരുടേത് 5.34 കോടി രൂപയുമാണ്.1636 സ്ഥാനാര്‍ഥികള്‍ ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യത നേടിയവരും 4777 പേര്‍ പ്ലസ് ടുവോ അതില്‍ താഴെ ഉള്ളവരോ ആണ്. 130 പേര്‍ ഡിപ്ലോമക്കാരുമാണ്.383 വനിതാ സ്ഥാനാര്‍ഥികളില്‍ 21 പേര്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2004 മുതല്‍ 63 വനിതാ നിയമസഭാംഗങ്ങള്‍ ഗുജറാത്തിനുണ്ട്.

ഡിസംബറില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ആദ്യഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാംഘട്ടം അ‍ഞ്ചിനും നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന്. ആകെ 182 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.

Sharing

Leave your comment

Your email address will not be published. Required fields are marked *