ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ കോണ്‍ഗ്രസ് നിലപാട് തെറ്റായിപ്പോയെന്ന് കെ സുധാകരന്‍

തൊടുപുഴ: ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ കോണ്‍ഗ്രസ് നിലപാട് തെറ്റായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.ആ നിലപാടില്‍ ഇന്ന് പശ്ചാത്തപിക്കുന്നു. കോണ്‍ഗ്രസിന് അകത്ത് പി ടി തോമസ് മാത്രമാണ് ആ റിപ്പോര്‍ട്ടിനൊപ്പം നിന്നത്. പി ടി തോമസിന്റെ നിലപാടാണ് ശരിയെന്നും കെ സുധാകരന്‍ പറഞ്ഞു.
ഇടുക്കിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. ആ റിപ്പോര്‍ട്ടുകള്‍ വന്നശേഷം അനവധി കാര്യങ്ങള്‍ അംഗീകരിക്കാത്ത, പ്രായോഗികമാക്കാത്തതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞകാലങ്ങളില്‍ വന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ ഗൗരവം നമ്മള്‍ കണ്ടു. മൂന്ന് വെള്ളപ്പൊക്കമാണ് ഉണ്ടായത്.

ആ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഇനിയും വീടുവെച്ചു നല്‍കിയിട്ടില്ല ഈ സര്‍ക്കാര്‍. കവളപ്പാറയില്‍ കുന്നിടിഞ്ഞ് മരിച്ചവര്‍ക്കുപോലും വീടു നല്‍കിയിട്ടില്ല. വെറും പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. കെ റെയില്‍ പദ്ധതിക്കുള്ള നിര്‍മ്മാണത്തില്‍ വന്‍ പരിസ്ഥിതി നാശമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് സുധാകരന്‍ പറഞ്ഞു.
സാധാരണ ഒരു പ്രോജക്‌ട് വരുമ്ബോള്‍, ആ പദ്ധതി കടന്നുപോകുന്ന സ്ഥലത്തെ ആളുകളെയാണ് ബാധിക്കുന്നതെങ്കില്‍, ഇത് നാടിനെയാകെ ബാധിക്കും. ഇതാണ് ഏറെ ഭയാശങ്കയോടെ കാണേണ്ടത്. കെ റെയില്‍ പദ്ധതി എന്തു വില കൊടുത്തും തടയുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. ശാസ്ത്രസാഹിത്യപരിഷത്ത് പോലും ഈ പദ്ധതിയെ എതിര്‍ക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *