ഉദ്ഘാടനങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്തെ ജില്ല പൈതൃക മ്യൂസിയങ്ങള്‍ പ്രവര്‍ത്തന സജ്ജമായില്ല

തിരുവനന്തപുരം: ഉദ്ഘാടന മാമാങ്കങ്ങള്‍ പലത് കഴിഞ്ഞിട്ടും സംസ്ഥാനത്തെ ജില്ല പൈതൃക മ്യൂസിയങ്ങള്‍ പ്രവര്‍ത്തന സജ്ജമായില്ല.സര്‍ക്കാറിന് വരുമാനമില്ലാതെയാണ് ഇപ്പോള്‍ പലതും പ്രവര്‍ത്തിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍റെ കാലത്ത് കെ.സി. ജോസഫ് സാംസ്കാരിക മന്ത്രിയായിരിക്കെയാണ് 14 ജില്ലയിലും പൈതൃക മ്യൂസിയങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഒന്നാം പിണറായി സര്‍ക്കാറിന്‍റെ കാലത്ത് 2018ല്‍ തൃശൂര്‍ ജില്ല പൈതൃക മ്യൂസിയം മാത്രം ഉദ്ഘാടനം ചെയ്ത് പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി. ബാക്കി മ്യൂസിയങ്ങളുടെ അവസ്ഥ പരിതാപകരമാണ്.

ബാസ്റ്റ്യന്‍ ബംഗ്ലാവ് എന്നറിയപ്പെടുന്ന മട്ടാഞ്ചേരിയിലെ എറണാകുളം ജില്ല പൈതൃക മ്യൂസിയം 2011ല്‍ നവോത്ഥാന മ്യൂസിയമാക്കി മാറ്റി സാംസ്കാരിക മന്ത്രിയായിരുന്ന എം.എ. ബേബി ഉദ്ഘാടനം ചെയ്തു. 2013ല്‍ വീണ്ടും പൈതൃക മ്യൂസിയമാക്കി സാംസ്കാരിക മന്ത്രിയായിരുന്ന കെ.സി. ജോസഫ് നിര്‍മാണോദ്ഘാടനം നടത്തുകയും 2016ല്‍ പൂര്‍ത്തീകരിച്ച്‌ തുറന്നുകൊടുക്കുകയും ചെയ്തു. സന്ദര്‍ശകര്‍ക്കായുള്ള ശുചിമുറി ബ്ലോക്ക് പൊളിച്ച്‌ ടീ ഷോപ്പും റീഡിങ് റൂമുമാക്കി മാറ്റി നാലാമത്തെ ഉദ്ഘാടനം കഴിഞ്ഞതവണ മന്ത്രിയായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയും നടത്തി.

നിത്യേന വിദേശികളടക്കം അഞ്ഞൂറോളം പേര്‍ ഇവിടെ സന്ദര്‍ശനത്തിനെത്തുന്നെന്നാണ് കണക്ക്. ടിക്കറ്റില്ലാതെ സൗജന്യ സന്ദര്‍ശനമായതിനാല്‍ വകുപ്പിന് കടുത്ത സാമ്ബത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. പൈനാവിലെ ഇടുക്കി ജില്ല പൈതൃക മ്യൂസിയം, പാലക്കാട്, കണ്ണൂര്‍ ജില്ല പൈതൃക മ്യൂസിയങ്ങള്‍ എന്നിവയുടെ അവസ്ഥയും ഇങ്ങനെതന്നെ. ഇവിടങ്ങളിലെ ഹോം തിയറ്റര്‍, സി.സി.ടി.വി കാമറകള്‍ തുടങ്ങിയവ പ്രവര്‍ത്തനരഹിതമാകുകയാണ്.

നിലവിലെ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ രണ്ടരവര്‍ഷ കാലയളവിനുശേഷം വീണ്ടും രാമചന്ദ്രന്‍ കടന്നപ്പള്ളിക്കുതന്നെ പുരാവസ്തുവകുപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് (എസ്). കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ച ജില്ല പൈതൃക മ്യൂസിയങ്ങള്‍ രണ്ടാംപകുതിയില്‍ അദ്ദേഹം തിരികെവരുന്ന കാലയളവില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തസജ്ജമാക്കിയാല്‍ മതിയെന്ന് വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ക്കിടയില്‍ ധാരണ രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ഡയറക്ടറേറ്റിലും സെക്രട്ടേറിയറ്റിലുമുള്ള ഉദ്യോഗസ്ഥ ലോബി ഫയലുകള്‍ വൈകിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *