റഷ്യ-യുക്രൈന്‍ ചര്‍ച്ച:സുരക്ഷിതമായി സാധാരണക്കാരെ ഒഴിപ്പിക്കാന്‍ മാനുഷിക ഇടനാഴിക്ക് ധാരണ

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തീവ്രമായി തന്നെ തുടരുന്ന പശ്ചാത്തലത്തില്‍ നടന്ന യുക്രൈന്‍-റഷ്യ രണ്ടാംഘട്ട സമാധാന ചര്‍ച്ചയില്‍ യുദ്ധമില്ലാ മാനുഷിക ഇടനാഴി സജ്ജമാക്കാന്‍ ധാരണയായി. യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് ചില മേഖലകള്‍ മാനുഷിക ഇടനാഴികളായി പ്രഖ്യാപിക്കാന്‍ ധാരണയായത്. ഈ ഇടനാഴികളില്‍ സൈനിക നടപടികള്‍ നിര്‍ത്തിവെക്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സംഘര്‍ഷ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാര്‍ക്ക് സഹായമെത്തിക്കുന്നതിനായുള്ള നീക്കങ്ങള്‍ സംബന്ധിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി.

വെടിനിര്‍ത്തല്‍ സംബന്ധിച്ചും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചും നിര്‍ണായക തീരുമാനങ്ങളൊന്നും ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞില്ല എന്നത് ലോകത്തിനാകെ നിരാശയുണ്ടാക്കി. വെടിനിര്‍ത്തലുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ തീരുമാനമായില്ല. രണ്ടാംവട്ട ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനം ഉണ്ടായിട്ടില്ലെന്നും യുക്രൈന്‍ പ്രതിനിധി പറയഞ്ഞു. ഇനി ചര്‍ച്ചകള്‍ക്കുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

ബെലാറസ് പോളണ്ട് അതിര്‍ത്തിയിലാണ് രണ്ടാംവട്ട ചര്‍ച്ച നടന്നത്. അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം, റഷ്യന്‍സേന പൂര്‍ണമായി യുക്രൈനില്‍നിന്ന് പിന്മാറണം എന്നീ രണ്ട് ആവശ്യങ്ങളായിരുന്നു യുക്രൈന്‍ മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ റഷ്യന്‍ സംഘം തയാറാകാതിരുന്നതോടെ ഇന്നത്തെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.രണ്ടു ദിവസം മുന്‍പ് ബെലാറസില്‍ നടന്ന റഷ്യയുക്രൈന്‍ സമാധാന ചര്‍ച്ചയും ഫലംകണ്ടിരുന്നില്ല. യുദ്ധഭൂമിയില്‍നിന്ന് നാട്ടുകാര്‍ക്ക് രക്ഷപ്പെടാനായി മാനുഷിക ഇടനാഴി സ്ഥാപിക്കുന്ന കാര്യമായിരിക്കും ആദ്യം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും യുക്രൈന്‍ സംഘത്തിലുള്ള ഡെവിഡ് അരാഖമിയ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *