Loading ...

Home charity

'ആ സ്‌നേഹത്തിന്‌ അത്ര തീവ്രതയും, ആഴവുമുണ്ട്'

ഡോ. സുരേഷ്. സി. പിള്ള

ഇന്നലെ വൈകുന്നേരം എറണാകുളത്തു നിന്നും കറുകച്ചാലിലേക്കുള്ള യാത്രയില്‍, ചോറ്റാനിക്കര എത്തിയപ്പോള്‍ ശ്രീജ (അനുജത്തി) യാണ് പറഞ്ഞത്,

'കൊച്ചേട്ടാ, ഷാജന്‍ ചേട്ടന്‍ ഇവിടെയാണ് താമസം'

'എന്നാല്‍ നമുക്ക് അദ്ദേഹത്ത കണ്ടിട്ടു പോകാം' ഞാന്‍ പറഞ്ഞു

അനിലിന് (ബ്രദര്‍ ഇന്‍ ലോ) അങ്ങോട്ടേക്കുള്ള വഴി കൃത്യമായി അറിയാം.

ഞങ്ങള്‍ അവിടെത്തി, ഒരു മണിക്കൂര്‍ സംസാരിച്ചു. ഏകദേശം നാല്‍പ്പതു വര്‍ഷങ്ങള്‍ ഞങ്ങള്‍ പുറകോട്ടു പോയി. ആഗോള താപനത്തില്‍ ഉണ്ടാകുന്ന വ്യതിയാനവും, ഹര്‍ത്താലും ഒന്നും ഞങ്ങള്‍ സംസാരിച്ചില്ല.

ഞങ്ങളുടെ സംഭാഷണങ്ങള്‍ മുഴുവനും, ആത്ത മരവും, കമ്ബിളി നാരകവും, കൂട്ടു കൃഷിയും, പഴയ ആ ഹെര്‍ക്കുലീസ് സൈക്കിളും ഒക്കെ ആയിരുന്നു.
തിരികെ ഇറങ്ങിയപ്പോള്‍ ഡെയ്സി ചേച്ചിയും മോളും, പത്തു കോഴി മുട്ടയും, വീട്ടില്‍ ഉണ്ടായ അച്ചിങ്ങാ പയറും തന്നു വിട്ടു. എനിക്ക് തിരികെ കൊടുക്കുവാന്‍ കണ്ണില്‍ നിന്നും പെയ്യാതെ നിന്ന രണ്ടു കണ്ണു നീര്‍ തുള്ളികളെ ഉണ്ടായിരുന്നുള്ളൂ. [ഞങ്ങള്‍ ആരാണെന്ന് അറിയാന്‍ ഇനിയുള്ളത് വായിക്കാം. (ചിത്രത്തില്‍ ശ്രീജയും ഞങ്ങളും).

'മോനെ……. കഴിഞ്ഞ 'ഞായറാഴ്ച്ച-കുര്‍ബാനയില്‍' 'അച്ചന്‍', പള്ളീല്‍ കൂടിയവരോട്‌ നമ്മുടെ ജീവിതകഥ പറഞ്ഞൂന്ന് ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞു'

'എന്നാലും 'ഷാജന്‍ ചേട്ടന്‍' ഓര്‍ത്തല്ലോ നമ്മളെ ഒക്കെ. ………… ' ഞാന്‍ പറഞ്ഞു

'സഭയുടെ കീഴ്വഴക്കം വച്ച്‌, 'അച്ചന്‍' ന്നു തന്നെ വിളിക്കണം… ന്നാ… പറയുന്നേ...... മമ്മി പോലും അങ്ങനേ വിളിക്കാവൂന്നാ'

'ഇപ്പോള്‍ 'ഷാജന്‍' അല്ല..... റെവ. ഫാദര്‍. ഷാജി എം . ജോര്‍ജ് ആണ്'

'എന്റെ വായില്‍ 'ഷാജന്‍ ചേട്ടന്‍' ന്നേ വരൂ, മമ്മീ…………. എത്ര ശ്രമിച്ചാലും അച്ചാന്നൊന്നും വിളിക്കാന്‍ പറ്റില്ല. ഇനീപ്പം എന്തു പ്രശ്നം ഉണ്ടായാലും, എനിക്ക് അങ്ങനെയേ വിളിക്കാന്‍ പറ്റൂ……'

'എന്നാപ്പിന്നെ, മോന്‍ അങ്ങിനെ വിളിച്ചാല്‍ മതി'

രണ്ടു വര്‍ഷങ്ങള്‍ക്കു, മുന്‍പ് ഒരു ശനിയാഴ്ച ഫോണ്‍ ചെയ്തപ്പോള്‍ മമ്മി പറഞ്ഞത് ആണ്. ഈ നാല്‍പത്തി മൂന്നാം വയസ്സിലും എന്നെ 'മോനെ' ന്നു വിളിക്കുന്നത്‌ രണ്ടു പേരെ ഉള്ളു. ഒന്ന് അമ്മയും, പിന്നെ മമ്മിയും.

ഇനി മമ്മി യെയും പപ്പയെയും അവരുടെ കുടുംബത്തെയും പറ്റി പറയാം. 'അയല്‍ വാസി' എന്നൊക്കെ പറഞ്ഞാല്‍ അത് ധിക്കാരം ആകും. രണ്ടാം കുടുംബം എന്നു പറയുന്നതാവും കൂടുതല്‍ ഉത്തമം.

കഴിഞ്ഞ അന്‍പതു വര്‍ഷമായി ഒരു കുടുംബം പോലെ കഴിയുന്നവര്‍. നമ്മള്‍ 'കരോട്ട്' വീട് എന്ന് പറയും. പിച്ച വച്ചു നടന്നത് രണ്ടു മുറ്റത്തും കൂടിയാണ് എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. നടക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛനെയും അമ്മയെയും, എന്നമ്മ (അച്ഛന്റെ അമ്മ) യെയും ഒക്കെ വെട്ടിച്ച്‌ 'കരോട്ടേക്ക്' ഞാന്‍ ഓടുമായിരുന്നത്രേ.

ഇനി 'അയല്‍പക്കം' എന്നു പറഞ്ഞാല്‍ പട്ടണത്തിലെ പോലെ നേരെ കാണാവുന്ന വീടുകള്‍ ഒന്നും അല്ല. തമ്മില്‍ 100 -150 മീറ്റര്‍ അകലം കാണും. അന്ന് ഇടയ്ക്ക് വീടുകള്‍ ഒന്നും ഇല്ല. മുഴുവന്‍ റബ്ബര്‍മരങ്ങള്‍ ആണ്. ഇതിന്റെ ഇടയിലൂടെ ആണ് ഓട്ടം. ചില ദിവസങ്ങളില്‍ മജുവും (ശ്രീജിത്ത്‌, കസിന്‍) കാണും ഓടാന്‍. നമ്മളെ കാണാത്തപ്പോള്‍ 'എന്നമ്മ' വേറെ എങ്ങും നോക്കില്ല. നേരെ കരോട്ടേക്ക് വരും.

മമ്മിക്കും (ഏലിയാമ്മ) പപ്പയ്ക്കും (ജോര്‍ജ്) നാലു മക്കള്‍ ആണ്. രാജന്‍ (കുരുവിള), ഷാജന്‍ (ഷാജി), സജി, ബിജു. നമ്മള്‍ രണ്ടു പേരും, ഞാനും, ശ്രീജയും.

സ്കൂളില്‍ ആദ്യമായി പോകുന്നത്, ബിജൂന്റെയും, സജി ചേട്ടന്‍ന്റെ യും കൂടെ ആണ്. അന്ന് രാജന്‍ചേട്ടനും, ഷാജന്‍ചേട്ടനും ഒക്കെ വളരെ മുതിര്‍ന്ന ക്ലാസ്സുകളില്‍ ആയിരുന്നു. ഇറങ്ങുന്നതിനു മുന്‍പേ ബിജു ഒന്നു 'കൂ…..യ്…' കൂവും, അതിന്റെ അര്‍ഥം 5 മിനിട്ടിനകം എത്തും എന്നാണ്. ശനിയും ഞായറും ഒക്കെ ഒരുമിച്ചായിരിക്കും കളികള്‍.

അരി, മല്ലി, മുളക്, കാപ്പിപൊടി ഒക്കെ വാങ്ങുന്നതും, പൊടിപ്പിക്കുന്നതും ഒക്കെ ഒരുമിച്ച്‌, എന്നിട്ട് രണ്ടായി വീതം വയ്ക്കും. ദിനപ്പത്രം പോലും ഒന്നായിരുന്നു.. വളരെ കാലത്തേക്ക്.

നമ്മളുടെ നെല്‍പ്പാടത്തോട് ചേര്‍ന്നായിരുന്നു, മമ്മിയുടെയും പപ്പയുടേയും പാടം. കൃഷി ഒക്കെ ഒരുമിച്ചു തന്നെ ആയിരുന്നു.

വേനല്‍ അവധി ആയാല്‍ പിന്നെ രണ്ടു കാര്യങ്ങളില്‍ സന്തോഷം ആണ്.

ഒന്ന്, വേനല്‍ സമയത്ത് കൃഷി ഇല്ല. ആ സമയം പാടം ഒക്കെ ഒരു പ്ലേ ഗ്രൌണ്ട് പോലെ ആകും. പിന്നെ ബാറ്റ്മിന്‍റ്റണ്‍ ഉള്‍പ്പെടെ കളികളുടെ ബഹളം ആണ്.

രണ്ടാമത്തെ സന്തോഷം, കരോട്ടെ വീട്ടിലെ കിണര്‍, വേനല്‍ ക്കാലം ആകുമ്ബോള്‍ വറ്റും. പിന്നെ കുളിയും, നനയും എല്ലാമായി കുടുംബത്തോടെ നമ്മുടെ വീട്ടില്‍ വരും. ഏഴു മണിക്കു വന്നാല്‍ പോകുമ്ബോള്‍ ഒന്‍പതര, പത്തുമണി ആകും. സന്തോഷത്തിന്റെ ദിനങ്ങള്‍. ചില ദിവസങ്ങളില്‍ രാത്രി എല്ലാവരും കൂടി അച്ചപ്പം അല്ലെങ്കില്‍ ഉണ്ണിയപ്പം ഉണ്ടാക്കി കഴിക്കും.

അന്നത്തെ ഒക്കെ എ. ടി. എം. കരോട്ടെ വീടാണ്. പെട്ടെന്ന് എന്തെങ്കിലും അത്യവശ്യം വന്ന് വീട്ടില്‍ പൈസ ഇല്ലെങ്കില്‍, ഉടനെ അമ്മ എന്നോട് പറയും, 'മമ്മിയോടു പറ ഒരു നൂറു രൂപ തരാന്‍'. അതുപോലെ തിരിച്ച്‌ കരോട്ടുനിന്നും ഇതുപോലെ വരുമായിരുന്നു. പൈസ മാത്രമല്ല, കാപ്പിപൊടി, പഞ്ചസാര, മുളക്, അരി, ഉപ്പുവരെ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കല്‍ വാങ്ങല്‍ ഉണ്ടായിരുന്നു.

രണ്ടു മതസ്ഥര്‍ ആണെന്നുള്ള തോന്നല്‍ ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ല. വീട്ടില് നിന്നും ശബരിമലക്ക് ഒക്കെ പോകുമ്ബോള്‍, 'കെട്ടുമുറുക്കിനു കരോട്ടുനിന്നും എല്ലാവരും കാണും. ശബരിമലക്ക് ഒക്കെ പോയിട്ട്, പ്രസാദവും ആയി ആദ്യം പോകുന്നത് കരോട്ടേക്കാണ്.

അതുപോലെ, പള്ളിയില്‍ നിന്നും അച്ചന്‍ കരോട്ട് വീട്ടില്‍ വന്നു പ്രാര്‍ത്ഥിക്കുമ്ബോള്‍ പലപ്പോളും നമ്മളും കാണും, കൂടെ. ഒരിക്കല്‍ പോലും മതം സംബധിച്ച്‌ ഒരു ചര്‍ച്ച പോലും ഉണ്ടായിട്ടില്ല. രണ്ടു കൂട്ടരും വേറെ മതസ്തര്‍ ആണ് എന്നും തോന്നിയിട്ടില്ല. പരസ്പരം ബഹുമാനിച്ചും, മനസ്സിലാക്കിയും ഉള്ള ജീവിതം.

മറ്റ് ഏതു ബന്ധുക്കളെ ക്കാളും അടുപ്പം നമ്മള്‍ തമ്മില്‍ ആയിരുന്നു. Christmas ഒക്കെ വലിയ ആഘോഷം ആയിരുന്നു. ചില പ്രാവശ്യം മജുവും, കൊച്ചുമോനും (സുജിത്) ഒക്കെ കാണും. പടക്കം ഒക്കെ പൊട്ടിച്ച്‌, കമ്ബിത്തിരി ഒക്കെ കത്തിച്ചു കിടക്കുമ്ബോള്‍ പന്ത്രണ്ടു കഴിയും. Christmas ന്റെ അന്നു രാവിലെ വീട്ടില്‍ ചൂടുള്ള അപ്പവും, ചിക്കന്‍ കറി എത്തിയിരിക്കും.

അങ്ങിനെ ഇരിക്കുമ്ബോളാണ് രാജന്‍ ചേട്ടന് (കുരുവിള) ഗള്‍ഫില്‍ പോകാന്‍ വിസ ശരി ആയത്. ഒരു വലിയ തുക കെട്ടിവയ്ക്കണം. മമ്മി അമ്മയോട് പറഞ്ഞു 'പൈസ മുഴുവന്‍ ഞുള്ളി പെറുക്കിയാലും, ഒന്നുമാകില്ല, എന്തു ചെയ്യും?' അപ്പോള്‍ വീട്ടിലും ഇത്രയും പൈസ ഒരുമിച്ച്‌ എടുക്കാന്‍ ഇല്ല. അമ്മ 'താലി മാല മാത്രം കഴുത്തില്‍ ഇട്ടിട്ട്' കയ്യിലും കഴുത്തിലും ഉള്ളതെല്ലാം ഊരി, പിന്നെ അമ്മയുടെ പെട്ടിയിലുള്ള സ്വര്‍ണ്ണം എല്ലാം കൊടുത്തു പറഞ്ഞു 'രാജമോന്‍ ഗള്‍ഫില്‍ പോട്ടെ, സ്വര്‍ണ്ണം കൊണ്ടെ പണയം വയ്ക്കൂ, പൈസ ഒക്കെ ഉണ്ടായിട്ട് നമുക്ക് എടുക്കാമല്ലോ'.

അങ്ങിനെ ഗള്‍ഫില്‍ പോകാനുള്ള കാര്യങ്ങള്‍ എല്ലാം ശരിയായി. രാജന്‍ ചേട്ടന്‍ വീട്ടില്‍ വന്ന് യാത്ര ചോദിക്കുന്നത് ഒക്കെ ഓര്‍ക്കുമ്ബോള്‍ ഇപ്പോളും, കണ്ണു നിറയും. അന്നൊക്കെ ഗള്‍ഫില്‍ പോയാല്‍ അഞ്ചു വര്‍ഷം ഒക്കെ കഴിഞ്ഞേ വരാന്‍ പറ്റൂ. ഒരു കൂടപ്പിറപ്പ് പോകുന്ന വേദന ആയിരുന്നു.

ഗള്‍ഫില്‍ ചെന്നിട്ട് വിശേഷങ്ങള്‍ പറഞ്ഞ് എല്ലാ മാസവും കത്ത് അയക്കും. വീട്ടില്‍ നിന്നും തിരിച്ചും അയക്കും. അന്നൊന്നും (എണ്പതുകളുടെ മദ്ധ്യത്തില്‍) നമ്മളുടെ വീടുകളില്‍ ഫോണ്‍ എത്തിയിട്ടില്ല. എഴുത്ത് അയക്കുകയെ മാര്‍ഗ്ഗം ഉള്ളൂ.

രണ്ടു വര്‍ഷം കൂടി ആയിരുന്നു ആദ്യത്തെ വരവ്. അന്നാണ് ആദ്യമായി ഫോറിന്‍ ഡ്രെസ്സ്കള്‍ ഇടുന്നത്. പെട്ടി നിറയെ നമുക്കുള്ള ഉടുപ്പുകള്‍ ആയിരിക്കും. ആദ്യമായി വീട്ടില്‍ ടേപ്പ് റെക്കോര്‍ഡര്‍ രാജന്‍ ചേട്ടന്‍ ആണ് തന്നത്. പിന്നെ അതുപോലെ ഒരു പ്രാവശ്യം കൂടി വന്നു.

ആ സമയത്ത് ആണ് ഗള്‍ഫ്‌ യുദ്ധം പൊട്ടി പുറപ്പെട്ടത്‌. എഴുത്തുകളും വരാതെയായി, ഫോണ്‍ വിളിക്കാനുള്ള സൗകര്യങ്ങളും ഇല്ല. വൈകുന്നേരത്തെ സന്ധ്യാനാമങ്ങളില്‍ രാജന്‍ ചേട്ടനും കൂടിയുള്ള പ്രാര്‍ത്ഥന ആയി.

അന്നൊക്കെ, ഇപ്പോളത്തെ പോലെ അല്ല, 'ടെലിഗ്രാം' കൊണ്ടു വരുന്ന ആള്‍ വരുന്നു എന്നു പറഞ്ഞാല്‍ ആ ഭാഗങ്ങളില്‍ ഒക്കെ ഒരു ഭീതിയാണ്. പലപ്പോളും 'ടെലിഗ്രാം' ഒരു മരണ വാര്‍ത്തയും ആയാണ് വരുന്നത്. അതുകൊണ്ട് 'ടെലിഗ്രാം' കൊണ്ടു വരുന്ന ആള്‍ വീട്ടില്‍ കയറുന്നതിനു മുന്‍പേ തന്നെ അക്കാലങ്ങളില്‍ വീടുകളില്‍ കൂട്ടക്കരച്ചില്‍ തുടങ്ങും.

എന്തായാലും 'ടെലിഗ്രാം' മാന്‍ അതിലെ ഒന്നും വന്നില്ല. ഗള്‍ഫ്‌ യുദ്ധം ഒക്കെ കഴിഞ്ഞു. എഴുത്തുകള്‍ ഒക്കെ വരാന്‍ തുടങ്ങി. കാലം കുറേ ക്കൂടി മുന്‍പോട്ടു നീങ്ങി.
രാജന്‍ ചേട്ടനും, ഗള്‍ഫിലെ ജോലി ഒക്കെ മതിയാക്കി, നാട്ടില്‍ വന്നു ബിസിനസ്‌ തുടങ്ങാം എന്നൊക്കെ ആലോചന തുടങ്ങി.

അങ്ങിനെ കാര്യങ്ങള്‍ ഒക്കെ കുഴപ്പം ഇല്ലാതെ പോകുമ്ബോള്‍, ഒരു ദിവസം ഉച്ചക്ക്, പേടിച്ചിരുന്ന ആ 'ടെലിഗ്രാം' വന്നു. പപ്പാ മാത്രമേ വീട്ടിലുണ്ടയുള്ളൂ, പപ്പാ കരഞ്ഞു കൊണ്ട് ഓടി അച്ഛന്റെയും അമ്മയുടെയും അടുത്തു വന്നു പറഞ്ഞു…………… 'രാജമോന്‍ പോയി'. എന്തു പറഞ്ഞു സമാധാനിപ്പിക്കും?

മമ്മി കറുകച്ചാല്‍ കവലയില്‍ എന്തോ വാങ്ങാന്‍ പോയിരിക്കുക ആണ്. വരുമ്ബോള്‍ എന്തു പറയും. എല്ലാവരും കൂടി ഓടി കാരോട്ടെ വീട്ടിലെത്തി. മമ്മി അപ്പോളേക്കും എത്തിയിരുന്നു. ബോധ രഹിതയി സോഫയില്‍ കിടക്കുന്നു. അമ്മ പറഞ്ഞു 'വഴിയില്‍ ആരോ പറഞ്ഞ് മമ്മി അറിഞ്ഞിരിക്കുന്നു'.

അന്നൊക്കെ ബോഡി വരാന്‍ 15 ദിവസത്തില്‍ കൂടുതല്‍ എടുക്കും. ആ കാത്തിരുപ്പ് ഒരു വല്ലാത്ത അനുഭവം തന്നെ. എന്തു പറയും, എങ്ങിനെ ആഹാരം കഴിപ്പിക്കും. അന്ന് ഷാജന്‍ ചേട്ടന്‍ ബോംബെ യിലാണ്. അച്ഛനാണ് കറുകച്ചാല്‍ കവലയില്‍ ചെന്ന് STD ബൂത്തില്‍ നിന്നും ഷാജന്‍ ചേട്ടനെ വിളിച്ചു പറയുന്നത്. അച്ഛന്‍ കരഞ്ഞു കൊണ്ടാണ് ആ വാര്‍ത്ത‍ പറഞ്ഞത്. എല്ലാവരും നാട്ടിലെത്തി.

അങ്ങിനെ പതിനഞ്ചാമത്തെ ദിവസം ബോഡി വന്നു. വളരെ രാത്രിയിലാണ് വണ്ടി വരുന്നത്. അന്നാരും ഉറങ്ങിയില്ല. ആ രാത്രി ഒരിക്കലും മറക്കാന്‍ പറ്റില്ല. ഫ്യൂണറല്‍ ഒക്കെ കഴിഞ്ഞ് വൈകുന്നേരം ആയി വീട്ടിലെത്തിയപ്പോള്‍, അണ് വേണ്ടപ്പെട്ട ഒരാള്‍ നഷ്ടപ്പെട്ട വേദനയുടെ തീവ്രത മനസ്സിലാകുന്നത്‌.

കാലം പിന്നെയും ഉരുണ്ടു. ഞാന്‍ വിദേശത്തായി, ശ്രീജ വിവാഹം ഒക്കെകഴിഞ്ഞു കുടുംബ വീടിന്റെ അടുത്തു തന്നെ വീടു വച്ചു. സജിച്ചേട്ടന്‍ കുടുംബവും ജോലി യും ഒക്കെയായി കരോട്ട് വീട്ടില്‍ ജീവിക്കുന്നു……………… ബിജു ദുബായി ല്‍ എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നു………………….. ഷാജന്‍ ചേട്ടന്‍ മുളന്തുരുത്തി പള്ളിയിലെ വികാരി ആയി. അച്ഛനും, പപ്പയും മരിച്ചു പോയിട്ട് എട്ടു വര്‍ഷം ആയി..

ഇപ്പോളും നാട്ടില്‍ ചെല്ലുമ്ബോള്‍ മമ്മി എനിക്കിഷ്ട മുള്ള അച്ചപ്പവുമായി കാത്തിരിക്കും. അമ്മയ്ക്കും മമ്മിക്കും ഒക്കെ പ്രായമായി…………………… എന്നാലും ഇപ്പോളും ആര്‍ക്കും സ്നേഹത്തിന് ഒരു കുറവും ഇല്ല.

ഷാജന്‍ ചേട്ടന്‍ (റെവ. ഫാദര്‍. ഷാജി എം . ജോര്‍ജ്) പള്ളിയില്‍ നമ്മളുടെ ജീവിത കഥ പറഞ്ഞത് ആണ് ആദ്യം പറഞ്ഞത്. ബിജു ഇപ്പോളും ദുബായില്‍ നിന്നും കുടുംബവും ആയി നാട്ടില്‍ വന്നാല്‍ സ്വന്തം വീട്ടില്‍ പോകുന്നതിനു മുന്‍പേ നമ്മളുടെ വീട്ടില്‍ വരും. അത്രയ്ക്കുണ്ട് ഇപ്പോളും സ്നേഹത്തിന്റെ ആഴം.

കഴിഞ്ഞ ആഴ്ച വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ 'ശ്രീജ' പറഞ്ഞു 'കൊച്ചേട്ടാ, ഒന്ന് ഹോള്‍ഡ്‌ ചെയ്യണേ, ബാത്‌റൂമില്‍ ലൈറ്റ് കത്തു ന്നുണ്ടോ എന്നു നോക്കട്ടെ അനുജ (സജിച്ചേട്ടന്റെ മോള്‍), കുളിക്കാന്‍ വന്നിട്ടുണ്ട്, കരോട്ടെ കിണറ്റിലെ വെള്ളം ഈ വേനലിലും വറ്റി'.

അപ്പോളാണ് ഞാന്‍ പഴയ വേനല്‍ക്കാലവും, കളിയും, കുളിയും ഒക്കെ ആലോചിച്ചത്. കഥാ പാത്രങ്ങള്‍ പലരും ഇന്ന് ഇല്ലെങ്കിലും ജീവിതചക്രം അതേ ക്രമത്തില്‍ മൂന്നാമത്തെ തലമുറയിലും നീങ്ങുന്നു. ആ സ്നേഹത്തിന് അത്ര തീവ്രതയും, ആഴവുമുണ്ട് …


Courtesy: 24K

Related News