Loading ...

Home charity

ഊരും പേരുമറിയാതെ നട്ടം തിരിഞ്ഞ കോടീശ്വര പുത്രന് ഒടുവില്‍ പിതാവിനെ തിരിച്ചുകിട്ടി

തൃശൂര്‍: ഒരുവര്‍ഷത്തെ ഒറ്റപ്പെടലിനു ശേഷം പതിനെട്ടുകാരന് കെയര്‍ടേക്കറുടെ കഠിനപരിശ്രമത്തിനൊടുവില്‍ പിതാവിനെ തിരിച്ചുകിട്ടി. കൊച്ചിയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തൃശൂരിലേക്കു ഒരുവര്‍ഷം മുമ്ബു െകെമാറിയ കുട്ടിയെ ഗവ.ചില്‍ഡ്രന്‍സ് ഹോമിലേക്കു മാറ്റുന്നതിനു കടലാസുപണികള്‍ നടക്കുന്നതിനിടെയാണ് കുടുംബവുമായി കണ്ടുമുട്ടാനായത്. തൃശൂര്‍ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമാണ് സിനിമയെ വെല്ലുന്ന മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായത് ഒരു വര്‍ഷം മുമ്ബായിരുന്നു എല്ലാ സംഭവങ്ങളുടെയും തുടക്കം. പതിനേഴുകാരന്‍ കൊച്ചിയില്‍ ട്രെയിനിറങ്ങി. ഊരും പേരും അറിയില്ല. പ്രായത്തിന് അനുസരിച്ച്‌ സംസാരശേഷിയില്ല. നാട് മാറിയതിന്റെ പരിഭ്രാന്തിയില്‍ ബഹളംവച്ചു. കൊച്ചിയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഈ കൗമാരക്കാരനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നു. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ചികില്‍സ. പിന്നെ, മനോനില സാധാരണ നിലയിലായപ്പോള്‍ തൃശൂര്‍ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. പതിനൊന്നു മാസമായി ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു താമസം.

ചോദിക്കുമ്ബോള്‍ പേരു മാത്രം പറയും. 'ബിലാല്‍' എന്നാണ് പേര്. വീട് എവിടെ, അച്ഛന്റെ പേര് എന്താ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് പറയുന്ന ഉത്തരങ്ങള്‍ വ്യക്തമല്ല. പിതാവിന്റെ സഹോദരന്റെ പേരും ഇടയ്ക്കിടെ പറയും.

ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയ്ക്കു പ്രായപൂര്‍ത്തിയായാല്‍ മറ്റൊരിടത്തേയ്ക്കു മാറ്റുകയാണ് പതിവ്. ഇങ്ങനെ, താമസ സ്ഥലം മാറ്റാനുള്ള കടലാസു ജോലികള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കെയര്‍ടേക്കര്‍ പ്രിജിത്തിന് കുട്ടിയുടെ നാടെവിടെയെന്നതിന്റെ ചെറിയ സൂചന കിട്ടിയത്. ബിലാലുമായി സംസാരിക്കവേ സ്വന്തംനാട് എവിടെയാണെന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു ഒഖല്‍മണ്ടി' എന്ന മറുപടി കിട്ടി.

നെറ്റില്‍ തെരഞ്ഞപ്പോള്‍ അതു ഡല്‍ഹിയിലെ പച്ചക്കറി മാര്‍ക്കറ്റാണെന്നു കണ്ടെത്തി. അവിടത്തെ പോലീസ് സ്റ്റേഷനുകളില്‍ അന്വേഷിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. എന്നാല്‍ വെറുതെ ആ ഫയല്‍ അടയ്ക്കാന്‍ പ്രിജിത്ത് തയാറായില്ല. ഓഖ്്ലാമണ്ടി മാര്‍ക്കറ്റിലെ ഏതെങ്കിലും വ്യാപാരിയെ കണ്ടെത്താനായി അടുത്ത ശ്രമം.അങ്ങനെ ഫേസ്ബുക്കിന്റെ സഹായത്തോടെ ഒരു വ്യാപാരിയെ കണ്ടെത്തി.

ഫോണ്‍ നമ്ബറില്‍ വിളിച്ചു നോക്കി. മാര്‍ക്കറ്റിലെ ഒരു വ്യാപാരിയുടെ മകനെ ഒരു വര്‍ഷം മുമ്ബ് കാണാതായിട്ടുണ്ടെന്ന് ആ വ്യാപാരി പറഞ്ഞു. മകനെ കാണാതായ വ്യാപാരി മുഹമ്മദ് റയീസിനെ കണ്ടെത്തി പിടിച്ച്‌ പിറ്റേന്നു തന്നെ വിളിയെത്തി. വാട്സാപ്പില്‍ വീഡിയോ കോളില്‍ വരാമോയെന്ന് പ്രജിത്ത് ചോദിച്ചു.

പ്രിജിത്തിന്റെ വാട്സ്‌ആപ്പിലെ വീഡിയോ കോളില്‍ പിതാവിനെ കണ്ട മകന്‍ പൊട്ടിക്കരഞ്ഞു ബഹളം വെച്ചു. മകനെ കണ്ട പിതാവും വിതുമ്ബിക്കരഞ്ഞു. പിതാവിനോടു വേഗമെത്താന്‍ മകന്‍ ആംഗ്യഭാഷയില്‍ അപേക്ഷിച്ചു. വീട്ടിലേക്ക് പോകാന്‍ തിടുക്കം കൂട്ടി.

ഈ രംഗങ്ങള്‍ കണ്ടുനിന്ന ജീവനക്കാരുടെ കണ്ണുകളും ഈറനണിഞ്ഞു. അങ്ങനെ, അച്ഛനും സഹോദരനും ഉടനെ ഡല്‍ഹിയില്‍ നിന്ന് നെടുമ്ബാശേരിയില്‍ വിമാനമിറങ്ങി. കാണാതെ പോയ മകനെ കാണാന്‍ തൃശൂര്‍ രാമവര്‍മപുരം ചില്‍ഡ്രന്‍സ് ഹോമില്‍ പാഞ്ഞെത്തി. ദീര്‍ഘനാളത്തെ ഇടവേളയ്്ക്കു ശേഷം മകനെ കണ്ട അച്ഛന് നിയന്ത്രണംവിട്ടു.

ഇരുവരുടേയും സ്നേഹപ്രകടനങ്ങള്‍ക്കു മുമ്ബില്‍ ചില്‍ഡ്രന്‍സ് ഹോം ജീവനക്കാരുടെ മനസു നിറഞ്ഞു. ഡല്‍ഹിയില്‍ കച്ചവടം നടത്തുന്നയാളാണ് ബിലാലിന്റെ പിതാവ്. ഇദ്ദേഹത്തിന്റെ മക്കളില്‍ ഏക ആണ്‍തരിയും ബിലാലാണ്. മകന്‍ വഴിതെറ്റിയാണ് കൊച്ചിയിലെത്തിയത് എന്നു മുഹമ്മദ് റയീസ് പറഞ്ഞു.

നഷ്ടമായെന്നു കരുതിയ മകനെ കിട്ടിയതോടെ പിന്നീട് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു. അവനെ നഷ്ടപ്പെട്ടുവെന്നു കരുതിയിരിക്കേ തിരികെ കിട്ടിയതോടെ അതിരറ്റ ആഹ്ലാദം. കേരളത്തിന്റെ നന്മയും വിശുദ്ധിയുമാണ് മകനെ ചില്‍ഡ്രന്‍സ് ഹോമിലെത്തിച്ചതെന്നു റയീസ് പറഞ്ഞു. അതിനു കേരളത്തോടു വലിയ നന്ദിയും പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.

തന്നെ നല്ലവണ്ണം പരിചരിച്ച ജീവനക്കാരോടു ബിലാലിനു തീരാത്ത സന്തോഷം. കൂപ്പുെകെകളുമായി പിതാവിനൊപ്പം നടന്നുനീങ്ങിയ പതിനെട്ടുകാരനെ രക്ഷിക്കാനായതിന്റെ ത്രില്ലില്‍ കെയര്‍ ടേക്കര്‍ പ്രിജിത്ത്. കെയര്‍ടേക്കര്‍ പ്രജിത്തിന് ആ ഒരു വാക്കിന് പിന്നാലെ പോകാന്‍ തോന്നിയില്ലായിരുന്നെങ്കില്‍ ഏതെങ്കിലും അനാഥാലയത്തില്‍ ഒടുങ്ങുമായിരുന്നു ബിലാലിന്റെ ജീവിതം.

Related News