എല്ലാ കുടുംബങ്ങള്‍ക്കും മൂന്ന് LPG സിലിണ്ടറുകള്‍ സൗജന്യം; പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ച് BJP സര്‍ക്കാര്‍
പനാജി: പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ കുടുംബങ്ങള്‍ക്കും മൂന്ന് പാചക വാതക സിലിണ്ടറുകള്‍ വീതം സൗജന്യമായി നല്‍കുമെന്ന് ഗോവ സര്‍ക്കാര്‍.ബിജെപി തെരഞ്ഞെടുപ്പ് പത്രികയില്‍ നല്‍കിയ വാഗ്ദാനമാണ് സര്‍ക്കാര്‍ പാലിക്കുന്നത്. എട്ട് മന്ത്രിമാര്‍ ഉള്‍പ്പെട്ട പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്.
ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തത് പ്രകാരം, പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ വീടുകളിലും മൂന്ന് സൗജന്യ സിലിണ്ടര്‍ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ മാസം നടന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, അധികാരത്തിലെത്തിയാല്‍ പ്രതിവര്‍ഷം മൂന്ന് എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്ന് ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു.മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നിരവധി പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്.