യുക്രൈനിൽ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനം ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം : തെലുങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. മെഡിക്കല്‍ കോളജുകളിലെ വിവിധ സെമസ്റ്ററുകളിലെ സീറ്റുകളില്‍ ആനുപാതിക വര്‍ധന വരുത്തി മടങ്ങിയെത്തിയ വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ റാവു ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന അസാധാരണ സാഹചര്യം പരിഗണിച്ച് അവരുടെ പഠനം ഇന്ത്യയില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്നതായി റാവു പറഞ്ഞു.മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത 700ലധികം വിദ്യാര്‍ഥികളാണ് തെലങ്കാനയില്‍ തിരിച്ചെത്തിയത്. വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ട് മനസിലാക്കി അവരുടെ മെഡിക്കല്‍ ഫീസ് അടക്കമുള്ള ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചതായും ചന്ദ്രശേഖര്‍ റാവു അറിയിച്ചു.