ലക്ഷദ്വീപില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍
കൊച്ചി: ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും കൂട്ടപ്പിരിച്ചുവിടല്‍ തുടര്‍ന്ന് ലക്ഷദ്വീപ് ഭരണകൂടം.വിനോദ സഞ്ചാര മേഖലയില്‍ ജോലി ചെയ്ത 40ഓളം ജീവനക്കാരെ കൂടി പിരിച്ചുവിട്ടു. മാര്‍ച്ച് അഞ്ചിനാണ് കലക്ടര്‍ അസ്കര്‍ അലി ഉത്തരവ് ഇറക്കിയത്. വിനോദ സഞ്ചാര മേഖലക്ക് വലിയ നേട്ടം ലഭിച്ചിരുന്ന സമുദ്രം പാക്കേജ് നിര്‍ത്തിവെച്ചതാണ് പിരിച്ചുവിടാനുള്ള കാരണമെന്ന് ഉത്തരവിലുണ്ട്. അതത് യൂനിറ്റുകളിലെ മേലുദ്യോഗസ്ഥര്‍ നിര്‍ദേശിക്കപ്പെട്ട ജീവനക്കാരെ പിരിച്ചുവിടുകയും അതിന്റെ റിപ്പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുകയും വേണമെന്ന് ഉത്തരവിലുണ്ട്.അതിനിടെ, ലക്ഷദ്വീപിലെ കടകളുടെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി പുതിയത് എടുക്കണമെന്നാണ് നിര്‍ദേശം. ഇത് ലൈസന്‍സുകള്‍ പുതുക്കി നല്കാതിരിക്കാനുള്ള നടപടിയുടെ ഭാഗമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
നിര്‍ത്തിവെച്ച കപ്പല്‍ സര്‍വിസുകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ ഇനിയും തീരുമാനമായിട്ടില്ല. ഒരു കപ്പല്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്. അതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടിലാണ്. ബുധനാഴ്ച മുതല്‍ 400 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എം.വി ലഗൂണ്‍ കപ്പല്‍ കൂടി സര്‍വിസ് പുനരാരംഭിച്ചേക്കും. ആകെ ഏഴ് കപ്പലുകളില്‍ ബാക്കി സര്‍വിസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. 150 പേര്‍ക്ക് യാത്ര ചെയ്യാവുന്ന അമിന്‍ദിവി, മിനിക്കോയ് കപ്പലുകള്‍ പൂര്‍ണമായി ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്. ഇവ പൊളിച്ച് നീക്കാനുള്ള നടപടികളിലാണെന്നാണ് വിവരം. ലക്ഷദ്വീപ് ഡെവലപ്മെന്റെ് കോര്‍പറേഷനില്‍നിന്ന് ഷിപ്പിങ് കോര്പറേഷന് ഓഫ് ഇന്ത്യയിലേക്ക് കപ്പലുകള്‍ മാറ്റുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.