എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ 12ന്
തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്/ഫാര്‍മസി കോഴ്സ് പ്രവേശന പരീക്ഷ ജൂണ്‍ 12ന് നടത്തും.
രാവിലെ പത്ത് മുതല്‍ 12.30 വരെ പേപ്പര്‍ ഒന്ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് ശേഷം 2.30 മുതല്‍ അഞ്ച് വരെ പേപ്പര്‍ രണ്ട് മാത്തമാറ്റിക്സ് പരീക്ഷയും നടക്കും. പ്രവേശന പരീക്ഷ വിജ്ഞാപനം മാര്‍ച്ചില്‍ തന്നെ പ്രസിദ്ധീകരിക്കും. ഇതിന് ശേഷം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ആരംഭിക്കും. മെഡിക്കല്‍, അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി ജൂണ്‍ അവസാനത്തില്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള വിജ്ഞാപനം നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) മാര്‍ച്ചില്‍ തന്നെ പ്രസീദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനൊപ്പം കേരളത്തിലെ പ്രവേശന നടപടികളില്‍ പങ്കെടുക്കാന്‍ പ്രവേശന പരീക്ഷ കമീഷണര്‍ക്കും അപേക്ഷ നല്‍കണം.എന്‍ജിനീയറിങ് പ്രവേശന പരീക്ഷ വിജ്ഞാപനത്തിനൊപ്പം മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലേക്കുള്ള അപേക്ഷയും ക്ഷണിക്കും.