യുദ്ധസന്നദ്ധരായി 3000 അമേരിക്കന്‍ വോളണ്ടിയര്‍മാര്‍
ന്യൂയോര്‍ക്ക്: യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിനിടെ യുക്രെയ്നുവേണ്ടി യുദ്ധം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മൂവായിരത്തോളം അമേരിക്കന്‍ വോളണ്ടിയര്‍മാര്‍.വോളണ്ടിയര്‍മാരില്‍ അധികവും ജോര്‍ജിയ, ബലാറൂസ് രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ഇറാക്ക്, ബോസ്നിയ തുടങ്ങിയ രാജ്യങ്ങളില്‍ യുദ്ധത്തില്‍ പങ്കെടുത്തവരുമുണ്ട് ഇക്കൂട്ടത്തില്‍.
വ്യാഴാഴ്ച ടെലിഗ്രാം ചാനല്‍വഴിയാണ് യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി യുക്രെയ്ന് സേനയിലേക്കു വോളണ്ടിയര്‍മാരെ ക്ഷണിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശം പുറത്തുവിട്ടത്. വിദേശരാജ്യങ്ങളില്‍നിന്നുള്ള 16,000ത്തിലധികം വോളണ്ടിയര്‍മാര്‍ ദി ഇന്റര്‍നാഷണല്‍ ലീജിയണ്‍ ഓഫ് ടെറിട്ടോറിയല്‍ ഡിഫന്‍സ് ഓഫ് യുക്രെയ്നിന്റെ ഭാഗമാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സെലെന്‍സ്കി പറഞ്ഞു. "ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വാതന്ത്ര്യമല്ലാതെ ഒന്നും നഷ്ടപ്പെടാനില്ല' എന്നായിരുന്നു സെലെന്‍സ്കിയുടെ വീഡിയോ സന്ദേശം.
യുക്രെയ്ന് സേനയില്‍ പങ്കാളികളാകാന്‍ താത്പര്യപ്പെടുന്നവര്‍ക്കായി ഒരു വെബ്സൈറ്റും യുക്രെയ്ന് ആരംഭിച്ചിട്ടുണ്ട്. ഈ വിവരം യുക്രെയ്ന് ആംഡ് ഫോഴ്സിന്റെ ഫേസ്ബുക്കിലുമുണ്ട്. ആയോധനപരിശീലനമുള്ള യുവാക്കളെ യുക്രെയ്ന് സേന വിളിക്കുന്നു എന്നാണു ഫേസ്ബുക്കിലെ സന്ദേശം.