ആഫ്രിക്കയില്‍ ഗോതമ്പ് ക്ഷാമം; പട്ടിണിഭീതി
നൈറോബി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയ, ഉഗാണ്ട, ടാന്‍സാനിയ എന്നിവ ധാന്യങ്ങള്‍ വാങ്ങുന്നത് റഷ്യയിലും യുക്രെയ്നിലും നിന്നാണ്.യുദ്ധത്തിന്റെ ഫലമായി ധാന്യത്തിന്റെ ഇറക്കുമതി നിലയ്ക്കുകയും വില കൂടുകയും ചെയ്തതിനാല്‍ ആ രാജ്യങ്ങളില്‍ പട്ടിണിയുണ്ടാകുമോ എന്ന ഭയം ആളിക്കത്തുകയാണ്.
ദാരിദ്ര്യത്തോടൊപ്പം ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ വരള്‍ച്ചയും മഴക്കുറവും സ്ഥിതി വഷളാക്കി. കൃഷികള്‍ നശിച്ചു. എത്യോപ്യ, കെനിയ, സോമാലിയ എന്നീ രാജ്യങ്ങളില്‍ അവസ്ഥ വളരെ ശോചനീയമാണെന്ന് ലോകഭക്ഷ്യ സംഘടനയുടെ കിഴക്കന്‍ ആഫ്രിക്കന്‍ തലവനായ മിഖായേല്‍ ഡണ്‍ഫോര്‍ഡ് പറഞ്ഞു. ജിബുട്ടി നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്. 13 ദശലക്ഷം ആളുകളെ പട്ടിണി നേരിട്ടു ബാധിച്ചിരിക്കുന്നു.
കെനിയ 80 ശതമാനം ധാന്യവും ഇറക്കുമതി ചെയ്യുകയാണ്. യുക്രെയ്നില്‍നിന്നുള്ള ഗോതന്പും ചോളവുമാണ് അതില്‍ പ്രധാനം. ഇറക്കുമതി നിലച്ചതും ഒപ്പം എണ്ണവില കൂടിയതും ആഫ്രിക്കയെ വന്‍ ദുരന്തത്തിലേക്കു തള്ളിവിടുമോ എന്ന് നിരീക്ഷകര്‍ ഭയപ്പെടുന്നു.