Loading ...

Home health

വരൂ... നമുക്ക്‌ പ്രകൃതിയിലേക്ക്‌ മടങ്ങാം

പ്രകൃതിയും മനുഷ്യനും പരസ്‌പര പൂരകങ്ങളാണ്‌. മനുഷ്യന്‍ പ്രകൃതിയില്‍ നിന്നും അകലും തോറും അനാരോഗ്യത്തിന്റെ കരിമ്പടം അവനെ മൂടുന്നു. പ്രകൃതി ദുരന്തങ്ങള്‍ അവനെ വേട്ടയാടുന്നു.പ്രകൃതിയോടിണങ്ങി ജീവിക്കേണ്ട മനുഷ്യന്‍ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓരോ നിമിഷവും പ്രകൃതിയെ ഇല്ലായ്‌മ ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. പ്രകൃതിയുടെ നാശം ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിനെ തന്നെ ഇല്ലാതാക്കുമെന്ന യാഥാര്‍ഥ്യം പലപ്പോഴും നാം ഓര്‍ക്കാറില്ല.ജീവന്റെ നിലനില്‍പ്‌ ശാരീരികവും മാനസികവുമായ ഘടകങ്ങളെ മാത്രം ആശ്രയിച്ചല്ല. ബാഹ്യമായ ചുറ്റുപാടുകള്‍ക്കും സാഹചര്യങ്ങള്‍ക്കും അതില്‍ പങ്കുണ്ട്‌. ജൈവമാലിന്യങ്ങള്‍ക്കു മീതെ രാസമാലിന്യങ്ങളും കുമിഞ്ഞു കൂടുന്നു.വ്യവസായിക വിപ്ലവത്തിന്‌ ശേഷമാണ്‌ പ്രകൃതി നശീകരണവും മലിനീകരണവും ഇത്രയും ഭീമമായി ഉണ്ടായിരിക്കുന്നത്‌. ഇവയെല്ലാം മനുഷ്യന്റെ ആവാസ വ്യവസ്‌ഥയ്‌ക്ക് ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്‌. അത്‌ ആരോഗ്യത്തെയും സ്വസ്‌ഥ ജീവിതത്തെയും തല്ലിക്കെടുത്തുന്നു.ജീവിതശൈലീ രോഗങ്ങള്‍ ഇന്ന്‌ ഫാഷനായി മാറിയിരിക്കുന്നു. കൂടാതെ ജലജന്യരോഗങ്ങള്‍, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, എച്ച്‌ വണ്‍ എണ്‍ വണ്‍ തുടങ്ങിയ പകര്‍ച്ചപ്പനികള്‍, ആഗോളതാപനം മുതല്‍ ആണവ മാലിന്യങ്ങളില്‍ നിന്നുള്ള റേഡിയേഷന്‍ മൂലമുണ്ടാകുന്ന കാന്‍സര്‍ തുടങ്ങി എത്രയോ ദുരന്തങ്ങളാണ്‌ ലോകം ഇന്ന്‌ അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌.പരിസരമലിനീകരണം, ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ്‌, കാലാവസ്‌ഥാ വ്യതിയാനങ്ങള്‍ ഇവയെല്ലാം ആധുനിക ലോകം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ്‌. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കാന്‍സര്‍ എന്ന മാരക രോഗത്തെ സമ്മാനിച്ചു.

ആഗോളതാപനം

ആഗോളതാപനം കാലാവസ്‌ഥയുടെ താളം തെറ്റിക്കുന്നു. പ്രകൃതിവിഭവങ്ങളുടെ വ്യാപാകമായ ഉപയോഗം, അന്തരീക്ഷ മലിനീകരണം, വ്യവസായിക വിപ്ലവത്തിന്റെ ഫലമായി പരിസ്‌ഥിതിമലിനീകരണങ്ങള്‍ ഇവയെല്ലാം ഭൗമാന്തരീക്ഷത്തില്‍ മാറ്റങ്ങള്‍ക്കു കാരണമാകുന്നു.ഇത്‌ കാലാവസ്‌ഥാ വ്യതിയാനത്തിലേക്കും പ്രകൃതി ദുരന്തങ്ങളിലേക്കും നയിക്കുന്നു. മനുഷ്യന്‍ നേരിടാനിരിക്കുന്ന വിനാശകരമായ ഭാവിയെ മുന്നില്‍ കണ്ടുകൊണ്ടെങ്കിലും ചില മുന്‍കരുതലുകള്‍ പ്രകൃതിയുടെ സംരക്ഷണത്തിനായി എടുക്കേണ്ടതുണ്ട്‌.വ്യവസായശാലകളില്‍ നിന്നുള്ള ഹരിതഗ്രഹവാതകങ്ങളുടെ പുറംതള്ളല്‍ അവസാനിപ്പിക്കാം. അങ്ങനെയുള്ള വാതകങ്ങളെ പുറംതള്ളുന്ന രാസപദാര്‍ഥങ്ങള്‍ വ്യവസായശാലകളില്‍ ഉപയോഗിക്കാതിരിക്കുക. റഫ്രിജറേറ്ററില്‍ ഉപയോഗിക്കുന്ന ക്ലോറോഫ്‌ളൂറോ കാര്‍ബണ്‍സിനു പകരം ദോഷം ചെയ്യാത്ത മറ്റ്‌ രാസപദാര്‍ഥം ഉപയോഗിക്കാം.വനങ്ങളും മരങ്ങളും നശിപ്പിക്കാതിരിക്കുക. പുതിയ ഊര്‍ജസ്രോതസുകള്‍ കണ്ടെത്തുക. മോട്ടോര്‍ വാഹനരംഗത്ത്‌ കൂടുതലായി പരിസ്‌ഥിതി സൗഹാര്‍ദ മോഡലുകള്‍ ഉപയോഗിക്കുക. ഇന്ന്‌ ലോകം ഊര്‍ജാവശ്യത്തിന്റെ നല്ലൊരു പങ്കും എടുക്കുന്നത്‌ പെട്രോളിയത്തില്‍ നിന്നാണ്‌.പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന ഹരിതഗൃഹവാതകപ്രവാഹമാണ്‌ ആഗോളതാപനത്തിനും കാലാവസ്‌ഥാ വ്യതിയാനങ്ങള്‍ക്കും മുഖ്യകാരണം.

പ്ലാസ്‌റ്റിക്കും കാന്‍സറും

മാനവരാശിയുടെ കണ്ടുപിടുത്തങ്ങളില്‍ ഏറെ ഉപകാരിയായ വസ്‌തുവാണ്‌ പ്ലാസ്‌റ്റിക്‌. എന്നാല്‍ ഇന്ന്‌ പ്ലാസ്‌റ്റിക്കിനെയും അത്‌ വരുത്തി വയ്‌ക്കുന്ന മാരകരോഗങ്ങളെയും എങ്ങനെ തുരുത്തുമെന്നറിയാതെ നട്ടം തിരിയുകയാണ്‌ ആധുനിക ലോകം.പ്രകൃതിവിഭവങ്ങള്‍ കൊണ്ടുണ്ടാക്കുന്ന മണ്‍പാത്രങ്ങള്‍, നാരു ഉല്‌പന്നങ്ങള്‍, ഗ്ലാസ്‌, മെറ്റല്‍ സാധനങ്ങള്‍ എന്നിവയെല്ലാം തന്നെ ഉപയോഗശേഷം പ്രകൃതിയില്‍ തന്നെ ലയിച്ചു ചേരുന്നു.പ്ലാസ്‌റ്റിക്കാകട്ടെ മണ്ണില്‍ അലിഞ്ഞു ചേരുന്നില്ല. ഉപയോഗ ശൂന്യമായ പ്ലാസ്‌റ്റിക്ക്‌ കൂമ്പാരങ്ങള്‍ മണ്ണില്‍ കുഴിച്ചുമൂടി എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും നശിക്കുന്നില്ല. ഇത്‌ മണ്ണിന്റെ ഫലഭൂയിഷ്‌ടി കുറയ്‌ക്കുന്നു. മണ്ണിനെ മലിനമാക്കുന്നു

Related News