Loading ...

Home health

അപസ്മാര ചികിത്സയ്ക്ക് മരുന്നിനൊപ്പം മാനസിക പരിചരണവും അനിവാര്യം

അപസ്മാര ചികിത്സയ്ക്ക് മരുന്നിനൊപ്പം മാനസിക പരിചരണവും അനിവാര്യംപണ്ട് കാലം മുതല്‍ തന്നെ ഏറെ തെറ്റിധാരണകള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു രോഗാവസ്ഥയാണ് അപസ്മാരം അഥവാ എപിലെപ്‌സി. പലര്‍ക്കും ഇത് ഒരു രോഗമാണെന്ന് അംഗീകരിക്കാന്‍ തന്നെ ഇന്നും ബുദ്ധിമുട്ടുണ്ട്. ചികിത്സാ രീതികളില്‍ വലിയ മാറ്റം സംഭവിച്ച ആധുനിക കാലത്തും അപസ്മാര രോഗം എന്നാല്‍ ബാധ കൂടിയതാണെന്ന് ചിന്തിക്കുന്നവരും ചികിത്സയ്ക്ക് പകരം മന്ത്രവാദത്തിനും മറ്റും വിധേയമാകുന്നവരും ഏറെയുണ്ടെന്നത് ആശങ്കാജനകമാണ്. എന്നാല്‍ അപ്‌സമാരം തിരിച്ചറിഞ്ഞാല്‍ മരുന്നിന്റെ സഹായത്തോടെ രോഗം നിയന്ത്രിക്കാനാകുമെന്നതാണ് വാസ്തവം.

എന്താണ് അപസ്മാരം?

തുടരെ തുടരെ സന്നി ഉണ്ടാകാനുള്ള പ്രവണതെയാണ് നാം അപസ്മാരം എന്ന് വിളിക്കുന്നത്. ശരീരം വെട്ടി വിയര്‍ക്കുകയോ കോച്ചിപ്പിടിക്കുകയോ ചെയ്യും. തലച്ചോറിലുണ്ടാവുന്ന വൈദ്യത സ്പന്ദനത്തിന്‍റെ തീവ്രതയ്ക്കനുസരിച്ചായിരുക്കും ശരീരത്തിനുണ്ടാവുന്ന ചേഷ്ടകള്‍.

രോഗ കാരണങ്ങള്‍

* ജനിതികമായ കാരണങ്ങള്‍ മൂലം അപസ്മാരം ഉണ്ടാകാം.
* ജനനസമയത്തോ അതിന് ശേഷമോ തലച്ചോറില്‍ വരുന്ന മാറ്റങ്ങള്‍ മൂലവും രോഗം ഉണ്ടാകാം.
* തലച്ചോറിലെ ട്യൂമര്‍, തലച്ചോറില്‍ രക്തം കട്ടപിടിക്കല്‍, മസ്തിഷ്‌ക്ക ഞരമ്ബുകള്‍ കുരുങ്ങിക്കിടക്കുന്ന അവസ്ഥ, മുതലായവ അപസ്മാരത്തിന് കാരണമാകാറുണ്ട്.
* മസ്തിഷ്‌ക്കത്തിനുണ്ടാകുന്ന ജ്വരം, ക്ഷതം, വൃക്കകളുടെ പ്രവര്‍ത്തന തകരാറ് എന്നിവയും രോഗകാരണങ്ങളാണ്.

രണ്ടുതരം അപസ്മാരം

പൊതുവെ രണ്ട് തരത്തിലുളള അപസ്മാരമാണ് കണ്ടുവരുന്നത്. തലച്ചോറിന്റെ ഒരു ഭാഗത്ത് നിന്ന് ഉത്ഭവിച്ച്‌ ഉണ്ടാകുന്ന അപസ്മാരത്തെ ഫോക്കല്‍ എപിലെപ്‌സി എന്ന് വിളിക്കുന്നു. മറ്റൊന്ന് ജനറലൈസ്ഡ് എപിലെപ്‌സിയാണ്. വായില്‍ നിന്ന് നുരയും പതയും വരികയും കൈകാലുകള്‍ കോച്ചിപ്പിടിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ജനറലൈസ്ഡ് എപിലെപ്‌സി. പലരോഗികളിലും വ്യത്യസ്ത രോഗ ലക്ഷണങ്ങളാണ് കാണാറുള്ളത്. ഒരാളില്‍ കാണുന്ന ലക്ഷണമായിരിക്കില്ല മറ്റൊരാളില്‍. വ്യത്യസ്തമായ രോഗ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ പലപ്പോഴും ഇത് അപസ്മാരമാണെന്ന് തിരിച്ചറിയാന്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സമയമെടുക്കാറുണ്ട്.

ചികിത്സാ രീതി

പൊതുവെ ഇഇജിയിലൂടെ രോഗ നിര്‍ണയം നടത്താന്‍ കഴിയും. ഇത്തരത്തില്‍ രോഗ നിര്‍ണയം നടത്തുകയാണ് ചികിത്സയുടെ ആദ്യ പടി. രോഗത്തിന്റെ പ്രത്യേകത അനുസരിച്ചാണ് രോഗിക്ക് ഏത് തരം മരുന്ന് നല്‍കണമെന്ന് നിശ്ചയിക്കുന്നത്. രോഗനിര്‍ണയത്തില്‍ പിഴവ് സംഭവിച്ചാല്‍ രോഗി പലപ്പോഴും മരുന്നിനോട് പ്രതികരിക്കാറില്ല. ഏത് തരം അപസ്മാരമാണ് എന്ന് മനസിലാക്കലാണ് അപസ്മാര രോഗ ചികിത്സയില്‍ ഏറ്റവും പ്രധാനം. സാധാരണഗതിയില്‍ ഒന്നോ രണ്ടോ മരുന്നുകള്‍ കൊണ്ട് രോഗം നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ ചിലരില്‍ ഇത്തരത്തില്‍ മരുന്നുകൊണ്ട് രോഗം പരിഹരിക്കാന്‍ കഴിഞ്ഞേക്കില്ല. രോഗ തീവ്രത കൂടിയ രോഗികള്‍ക്ക് രോഗം ഭേദമാക്കാന്‍ കഴിയുന്ന ശസ്ത്രക്രിയയും ഇന്ന് നിലവിലുണ്ട്. രോഗിയുടെ തലച്ചോറില്‍ അപസ്മാരത്തിന് വഴിയൊരുക്കുന്ന ഭാഗം കണ്ടെത്തി അത് നീക്കം ചെയ്യുകയോ പ്രത്യേക പോയിന്റില്‍ നിന്ന് മറ്റുഭാഗങ്ങളിലേക്കുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ടോ അപസ്മാരം നിയന്ത്രണ വിധേയമാക്കുന്നതാണ് ശസ്ത്രക്രിയാ രീതി. ഇത്തരത്തിലുള്ള ശസ്ത്രക്രിയക്ക് മുമ്ബ് രോഗിയുടെ മരുന്ന് നിര്‍ത്തിയ ശേഷം ഒരു ദിവസം മുതല്‍ അഞ്ച് ദിവസം വരെ ദൈര്‍ഘ്യമുള്ള വിഡിയോ ഇഇജിക്ക് വിധേയമാക്കും. ഇതിലൂടെ അപസ്മാരത്തിന് കാരണമാകുന്ന സ്രോതസ് കണ്ടെത്തുകയും അതിനെ നീക്കം ചെയ്യുകയോ, ഇതര ഭാഗങ്ങളിലേക്കുള്ള ബന്ധം വിച്ഛേദിക്കുകയോ ചെയ്യുന്നതിനാല്‍ ഭൂരിഭാഗം രോഗികളും അപസ്മാര വിമുക്തരാകും.

ചികിത്സയ്‌ക്കൊപ്പം പിന്തുണയും അനിവാര്യം

ഇത്തരം രോഗികള്‍ക്ക് അപസ്മാരത്തിന് പുറമെ മറ്റു വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. സാമൂഹിക പ്രശ്‌നം, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍, സ്വഭാവ വൈകല്യം, ബൗദ്ധിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് അപസ്മാര രോഗികള്‍ നേരിടുന്ന വെല്ലുവിളികള്‍. ഇത്തരം പ്രതിസന്ധികള്‍ മനസിലാക്കി അതിനെല്ലാം ഉതകുന്ന രീതിയില്‍ മാനസിക പിന്തുണയും പരിചരണവും ഉറപ്പുവരുത്തിക്കൊണ്ടുള്ള സമഗ്രമായ ചികിത്സ രോഗിക്ക് അനിവാര്യമാണ്. മരുന്നിനൊപ്പം ഇത്തരം മാനസികമായ പിന്തുണയും ഉണ്ടെങ്കിലേ രോഗിക്ക് നല്ല ജീവിതം ഉറപ്പു വരുത്താന്‍ സാധിക്കൂ. രോഗിക്ക് വേണ്ട ധൈര്യവും പിന്തുണയും നല്‍കാന്‍ കുടുംബാംഗങ്ങളും തയാറാകണം. അവരെ സമൂഹത്തില്‍ നിന്നോ, ജോലി, വിദ്യാഭ്യാസം, കുടുംബ ജീവിതം ഇങ്ങനെ ഒരു മേഖലയില്‍ നിന്നും അകറ്റി നിര്‍ത്താതെ സാധാരണ ജീവിതം നയിക്കാന്‍ സഹായിക്കുകയും വേണം. എങ്കില്‍ മാത്രമേ രോഗിക്ക് പൂര്‍ണമായ രോഗമുക്തി ലഭിക്കുകയുള്ളു.

Related News