Loading ...

Home health

ഭക്ഷണവും കാൻസറും

കാൻസർ ഒരു ജീവിതശൈലി രോഗമാണെന്ന് നിങ്ങൾക്ക്‌ അറിയാമല്ലോ. അപ്പോൾ നമ്മുടെ തെറ്റായ ജീവിതരീതികളാണ് കാൻസർ ഉണ്ടാക്കുന്നത്. ഒരു 30% നമ്മുടെ ദുഃശ്ശീലം മൂലവും 40% ഭക്ഷണത്തിലുള്ള അപാകതയും. കാൻസറിനു കാരണമാകുന്ന ദുഃശ്ശീലങ്ങൾ ഏല്ലാവർക്കും അറിയാം. പുകയിലയുടെ ഉപയോഗവും, മദ്യപാനവും.

പക്ഷേ ഭക്ഷണരീതിയിലുള്ള അപാകതകൾ കാൻസറിനു കാരണമാകുന്നുണ്ട് എന്നുള്ളത് മിക്കവർക്കും അറിയില്ലാ എന്നുള്ളതാണ് സത്യം. ജീവിതശൈലിയെന്ന് പറയുമ്പോൾ ഭക്ഷണം മാത്രം ശ്രദ്ധിച്ചാൽ പോരാ. വ്യായാമവും ഒരുപോലെ പ്രാധാന്യമുള്ളതാണ്.

ആരോഗ്യകരമായ ഭക്ഷണം കാൻസറിന്റെ സാധ്യത തീർച്ചയായും കുറയ്ക്കാം. ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്ന ആരോഗ്യകരമായ ഭക്ഷണരീതി ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായമാണ്.

ഭക്ഷണത്തിലും കാര്യമുണ്ട്

ഭക്ഷണത്തിൽ ക്രമമായി പച്ചക്കറികളും ഫലവർഗ്ഗങ്ങളും ചേർക്കുന്നത് വീണ്ടും കാൻസറിന്റെ സാധ്യത കുറയ്ക്കും. ഒരുപക്ഷേ ഏറ്റവും പ്രധാനം മാംസാഹാരം കുറയ്ക്കുക എന്നുള്ളതാണ്. മാംസാഹാരത്തിന്‍ തന്നെ റെഡ്മീറ്റ് എന്നറിയപ്പെടുന്ന ചുവന്ന ഇറച്ചി, പ്രോസസ്സഡ് മീറ്റ് എന്നറിയപ്പെടുന്ന അല്ലെങ്കില്‍ സംസ്കരിച്ച മാംസ ഉത്പന്നങ്ങൾ എന്നിവ വളരെ അപകടകാരികളാണ്.

ഇവ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുകയാണെങ്കിൽ കാൻസറിന്റെ അപകട സാധ്യത ഗണ്യമായി കുറയ്ക്കുവാൻ സാധിക്കും. അതുപോലെ തന്നെ നാരിന്‍റെ അംശം കൂടുതലുള്ള ഭക്ഷണസാധനങ്ങൾ കാൻസർ വരാനുള്ള സാധ്യത നല്ല അളവുവരെ കുറയ്ക്കും. ഇത്രയും പറഞ്ഞപ്പോൾ ഭക്ഷണത്തിന്‍റെ കാര്യത്തിൽ സംശയമായി അല്ലേ. ഏതൊക്കെ കഴിയ്ക്കാം. ഏതൊക്കെ കഴിക്കാന്‍ പാടില്ല.

കഴിക്കുന്ന ഇനങ്ങളിൽ വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. ഇന്നത് മാറി. വ്യത്യസ്ത തരത്തിലുള്ള ഭക്ഷണസാധനങ്ങളാണ് നാം കഴിക്കുന്നത്. രണ്ടാമത്, മുമ്പ് വിശപ്പകറ്റാൻ വേണ്ടിയതു മാത്രം കഴിക്കുക എന്നതായിരുന്നു രീതി. ഇന്നത് മാറി വിശപ്പില്ലാത്തപ്പോഴും കഴിച്ചുകൊണ്ടിരിക്കുക എന്നത് ശീലമായിരിക്കുന്നു. മൂന്നാമത് മുമ്പുകാലത്ത് വീട്ടില്‍ ഉണ്ടാക്കിയിരുന്ന ഭക്ഷണം മാത്രമായിരുന്നു കഴിച്ചിരുന്നത്. ഗ്രില്‍ ചെയ്തതും ചുട്ടെടുത്തതുമായ ആഹാരം കഴിക്കാനായി ഹോട്ടലുകളിലേക്ക് പോകുന്ന പ്രവണതയാണ് ഇന്ന് കാണുന്നത്. രുചി കൂടിയ ഭക്ഷണം തേടിയാണ് ഹോട്ടലുകളെ സമീപിക്കുന്നത്. രുചി കൂട്ടാൻ അവർ ചില രാസപദാര്‍ത്ഥങ്ങൾ ഉപയോഗിക്കുന്നു. ഇതും അപകടം വിളിച്ചുവരുത്തുന്നു.

ആഹാരപദാര്‍ത്ഥങ്ങളുടെ കാര്യത്തിലും ഗണ്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്

സ്ഥിരമായി സസ്യാഹാരം കഴിക്കുകയും വല്ലപ്പോഴും മാംസാഹാരം കഴിക്കുകയും ചെയ്യുന്ന പഴയ രീതി നേരെ തിരിഞ്ഞ് സ്ഥിരമായി മാംസാഹാരം കഴിക്കുകയും വലപ്പോഴും മാത്രം സസ്യാഹാരിയായി മാറുകയും ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. മാംസാഹാരത്തിന്റെ അളവു കൂടിയതോടെ ശരീരത്തിൽ കൊഴുപ്പിന്‍റെ അളവ് വര്‍ദ്ധിക്കുകയും അത് കാൻസറിനു കാരണമാവുകയും ചെയ്യുന്നു. എല്ലാത്തരം മാംസവും കാൻസർ വരുത്തില്ലെങ്കിലും ചുകന്ന മാംസം എന്നുവിളി ക്കുന്ന മാട്ടിറച്ചിയും പന്നിയിറച്ചിയും കാൻസർ ഉണ്ടാക്കുന്നു എന്ന് ശാസ്ത്രീയമായിത്തന്നെ തെളിയിച്ചിട്ടുണ്ട്. ആഹാരരീതിയെ സംബ ന്ധിച്ചുപറയുമ്പോൾ നാം അന്ധമായി അനുകരിക്കുന്നത് പാശ്ചാത്യരെയാണ്.

മാംസാഹാരികളായ പാശ്ചാത്യർ ആ മലയുടെ അങ്ങേയറ്റം കണ്ട് അവിടെ ഒന്നുമില്ലെന്നു തിരിച്ചറിഞ്ഞ് തിരിച്ച് സസ്യാഹാരത്തിലേക്ക് വരികയാണ്. നാമാകട്ടെ ഇപ്പോഴും ആ മല കയറുകയാണ്.

പതിവാകുന്ന മാസാഹാരം

പൊതുവിൽ മുസ്ലീംങ്ങളാണ് മാംസം കൂടുതൽ കഴിക്കുന്നത് എന്നു പറയാറുണ്ട്. ഇന്ന് എല്ലാ മതവിഭാഗത്തിൽപെട്ടവരും വ്യാപകമായിത്തന്നെ മാംസം കഴിക്കുന്നുണ്ട്. ഹിന്ദു വിവാഹങ്ങളുടെ തലേദിവസം മാംസാഹാരം നിർബന്ധവിഭവമായിമാറിയിട്ടുണ്ട്. മുമ്പൊക്കെ വിരുന്നുവേളയിലും ചില വിശേഷദിവസങ്ങളിലും മാംസം വിളമ്പുന്ന പതിവേ ഉണ്ടായിരുന്നുളളൂ. വറുത്തതും പൊരിച്ചതുമായ മാംസമോ മത്സ്യമോ ഇല്ലാതെ ഉച്ചഭക്ഷണം കഴിക്കാൻ സാധിക്കില്ല എന്ന അവസ്ഥയിലാണ് പലരും. മാംസാഹാരത്തിന്‍റെ പ്രത്യേകിച്ചും ചുകന്ന മാംസത്തിന്‍റെ കാര്യത്തിൽ ക്രിസ്ത്യാനികളും മോശക്കാരല്ല. എല്ലാ ക്രിസ്ത്യൻ ആഘോഷത്തിനും ബീഫ് ഒഴിവാക്കാനാവാത്ത വിഭവമാണ്. ചുരുക്കിപ്പറഞ്ഞാൽ മാംസാഹാരത്തിന്‍റെ പിടിയിൽ നിന്ന് സ്വതന്ത്രമാകാൻ ഒരു വിഭാഗം ജനങ്ങള്‍ക്കും സാധിച്ചിട്ടില്ല.

മാറിവന്ന പാചകരീതി

മാറിവന്ന പാചകരീതിയും മറ്റൊരു കാരണമാണ്. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് നാം കുതിക്കുകയാണ്. പകുതി വേവിച്ചതും ചുട്ടെടുത്തതുമായ ആഹാര പദാർത്ഥങ്ങളോടുള്ള ആർത്തി കൂടുകയാണ്. ചുട്ടെടുക്കുമ്പോൾ മാംസത്തിന്‍റെ തൊലിക്കുള്ളിലുള്ള വിഷാംശം മാംസത്തിൽ കലരുന്നു. ഇതു കാൻസർ പോലുള്ള രോഗങ്ങൾക്ക് ഇടവരുത്തുന്നു.

സ്വാദുള്ള ഭക്ഷണം കഴിക്കാനാണ് പലരും ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും പോകുന്നത്. പിറന്നുവീണ ഒരു കുഞ്ഞിന്‍റെ രുചി എന്നുപറയുന്നത് അമ്മയുടെ മുലപ്പാലാണ്. പിന്നീട് ആ കുഞ്ഞ് കഴിക്കുന്ന ഭക്ഷണങ്ങളാണ് അവന്‍റെ രുചിയെ രൂപപ്പെടുത്തുന്നത്.

രുചി ജന്മനാൽ ഉളളതല്ല, രൂപപ്പെടുത്തുന്നതാണ്. ഇക്കാര്യം മനസ്സിലാക്കി ആരോഗ്യത്തിനു പോഷകമായ വിധം നാം സ്വന്തം രുചിയെ രൂപപ്പെടുത്തണം. ആരോഗ്യപരമായ ഭക്ഷണരീതിയിൽ ഉൾപ്പെടുത്താവുന്നതല്ല ഇന്നു വ്യാപകമായി കഴിക്കുന്ന പല ആഹാര പദാർത്ഥങ്ങളും. കബാബും ഷവർമയും കുഴിമന്തിയുമൊക്കെ അറേബ്യൻ ഭക്ഷണ പദാർത്ഥങ്ങളാണ്. ഇവ വിളമ്പുന്ന ഒട്ടനവധി റസ്റ്റോറന്‍റുകൾ നഗരങ്ങളിൽ കാണാം. നമ്മുടെ കാലാവസ്ഥയ്ക്കും ജീവിതരീതിയ്ക്കും പരിസ്ഥിതിക്കും സംസ്കാരത്തിനും ചേരാത്ത ആഹാരങ്ങൾ അപകടം വിളിച്ചുവരുത്തുമെന്നതിൽ സംശയമില്ല.

ഇന്നു കാണപ്പെടുന്ന ഒരു പ്രവണത ഭക്ഷണം ആസ്വദിച്ചുകഴിക്കുന്ന സംസ്കാരം ഇല്ലാതാകുന്നു എന്നതാണ്. സമയക്കുറവും മറ്റും കൊണ്ടാവാം ടി.വി കാണുമ്പോഴും പത്രം വായിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ശീലം ഏറിവരുന്നു. ടി.വി. കാണുന്നതിനിടയിൽ ആസ്വദിച്ചു കഴിക്കാനാവുന്നില്ല എന്നു മാത്രമല്ല,കഴിക്കുന്നതിന്‍റെ അളവിനെക്കുറിച്ചും ബോധമുണ്ടാകുന്നില്ല. ആവശ്യത്തിലധികം കഴിക്കുന്നതുകൊണ്ട് കൊഴുപ്പുംകലോറിയുമെല്ലാം ശരീര ത്തിൽ അടിഞ്ഞു കൂടുന്നു.

ഓരോ വീട്ടിലും ഫ്രിഡ്ജുള്ളതുകൊണ്ട് പാചകം ചെയ്ത ഭക്ഷണം ഒരാഴ്ചയോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നു. അവിടെനിന്നും ഇടയ്ക്കിടെ ഭക്ഷണം തീന്‍മേശയിലെത്തുന്നു. ആവശ്യത്തിലേറെ ഭക്ഷണം നമ്മുടെ ശരീരത്തിൽ എത്തുന്നതിന് ഇതു കാരണമാകുന്നു. പരോക്ഷമായി അർബുദരോഗത്തെ ഇതു വിളിച്ചുവരുത്തുന്നു.

രാസക്കൂട്ടുകള്‍

വിലകൊടുത്തു മാരകരോഗത്തിനു വിരുന്നൊരുക്കുകയാണ് മലയാളി. നിറങ്ങളും പ്രിസർവേറ്റീവുകളും ഒഴിവാക്കിക്കൊണ്ടുളള ഭക്ഷണം ഇന്നു കിട്ടാനില്ലാത്ത സ്ഥിതിയാണ്. മുമ്പ് ഉപ്പുരസത്തിന് ഉപ്പും എരിവിന് മുളക് അരച്ചതുമായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് അവയെല്ലാം ചേർത്ത രാസക്കൂട്ടാണ് പാചകത്തിനുപയോഗിക്കുന്നത്. ഫാസ്റ്റ്ഫുഡുകളിൽ ഇവ വലിയതോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

ഇന്നു വിവാദമായ നൂഡിൽസ് പോലുള്ള പദാർത്ഥങ്ങളിൽ കണ്ടെത്തിയ രാസ പദാർത്ഥങ്ങൾ ഏറെ മാരകമായവയാണ്. ഇവ തരുന്ന രുചികളൊന്നും പ്രകൃതി ദത്തമായവയല്ല. ശരീരം ആഗിരണം ചെയ്യാത്ത അവയിലെ രാസപദാർത്ഥങ്ങൾ ശരീരത്തിലടിഞ്ഞുകൂടുന്നു. അത് കാൻസറിനു കാരണമാകുന്നു എന്ന് ശാസ്ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഭക്ഷണപദാർത്ഥങ്ങളെ ആകർഷകമാക്കാൻ നിറവും രുചി കൂട്ടാൻ അജിനോമോട്ടോയും ചേർക്കുന്നു. ഇതും കാൻസറിനു കാരണമായി മാറിയിട്ടുണ്ട്. വീട്ടിൽ നിന്നു പുറത്തുപോയി ഭക്ഷണം കഴിക്കുന്ന പ്രവണത വർദ്ധിച്ചുവരുകയാണ്. യാത്ര പോയാൽ വീട്ടിലെത്തിയ ശേഷം കഴിക്കാം എന്ന ചിന്ത മാറി കഴിച്ച ശേഷം വീട്ടിൽ പോകാം എന്നതായിരിക്കുന്നു പൊതുസ്വഭാവം. മാംസാഹാരം മാത്രമാണോ സസ്യാഹാരത്തിലും വിഷാംശമില്ലേ, അതും കാൻസറിനു കാരണമാകുന്നില്ലേ എന്നു ചോദിക്കുന്നവരുണ്ട്.

ഇന്നു വിപണിയിലെത്തുന്ന പച്ചക്കറികളിലേറെയും വിഷം ചേർത്തവയാണ്. വിഷം തളിച്ചവയാണ്. പച്ചക്കറിപോലും സുരക്ഷിതമല്ല. കഴിക്കുന്ന ഭക്ഷണംസുരക്ഷിതമായിരിക്കണംഎന്നതാണ് ശ്രദ്ധിക്കേണ്ടകാര്യം. അതിന് ഒരു മാർഗ്ഗമേയുള്ളു. നാം ഉണ്ടാക്കുന്നതേ കഴിക്കാവൂ. കഴിക്കേണ്ടുന്നതേ ഉണ്ടാക്കൂ എന്ന നയം സ്വീകരിക്കണം. തീന്മേശയിൽ നമ്മുടെ മുമ്പിലെത്തുന്ന വിഭവങ്ങളിൽ എന്തൊക്കെയാണുള്ളത് എന്ന് മനസ്സിലാക്കാൻ നമുക്കു കഴിയണം. അതിനുപറ്റിയില്ലെങ്കിൽ കഴിക്കാൻ മടിക്കണം.

നിറവും മണവും

സാധാരണ വിഭവങ്ങളുടെ നിറവും മണവും അതിന്‍റെ വിളമ്പൽ രീതിയും ഭക്ഷണശാലയിലെ സാഹചര്യവുമെല്ലാം ആഹാരം കഴിക്കുന്നതിനെ സ്വാധീനിക്കും. ഉപഭോക്താവിനെ സ്വാധീനിക്കാൻ  നിറങ്ങൾ ചേർത്തു ഭക്ഷണപദാർത്ഥങ്ങളെ ആകര്‍ഷകമാക്കിവെക്കുന്ന രീതി ഇന്നു പൊതുവിൽ പ്രകടമാണ്.

ഈ പ്രവണത എത്രവരെയെത്തിയെന്നതിന്‍റെ ഉദാഹരണമാണ് പച്ചജിലേബി വിതരണത്തിലൂടെ കണ്ടത്.

കേരളത്തിൽ അർബുദ രോഗം 300 മടങ്ങാണ് വര്‍ദ്ധിച്ചിട്ടുള്ളത്. അതിനു കാരണം കേരളീയന്‍റെ ആഹാരരീതിയാണ് എന്നത് തെളിഞ്ഞിട്ടുണ്ട്. ആഹാരരതിയിൽ കാര്യമായ മാറ്റം വരുത്താൻ തയ്യാറാകുക എന്നതാണ് അതിനുള്ള പോംവഴി. നമ്മുടെ രുചിയെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാവണം.

താരതമ്യേന വിഷാംശം കുറഞ്ഞ പച്ചക്കറിക്കും മത്സ്യത്തിനും ആഹാരസാധ നങ്ങളിൽ മുന്‍ഗണന നല്‍കണം. മാംസാഹാരം കുറച്ചു കൊണ്ടുവരുക. ഇന്ന് കാൻസറിന്‍റെ മുഖ്യ കാരണം നാം കഴിക്കുന്ന ആഹാരമാണ് എന്ന വസ്തുത പൊതുവിൽ എല്ലാവർക്കും അറിയാമെങ്കിലും അക്കാര്യം അംഗീകരിക്കാനും ജീവിതത്തിൽ പകർത്താനും ആരും തയ്യാറാവുന്നില്ല. എന്നാല്‍ ഏറ്റവും കൂടുതൽ നിറം ചേർത്ത പലഹാരങ്ങൾ കിട്ടുന്നത് ബേക്കറിയിലാണ്. നിറം ചേർക്കുന്നത് ഒഴിവാക്കാൻ ബേക്കറിയുടമകളുടെ സംഘടന തീരുമാനിക്കുകയും നടപ്പില്‍ വരുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ നിറമില്ലാത്ത പലഹാരങ്ങൾ വാങ്ങാൻ ആളുകൾ തയ്യാറാവാത്തതിനെ തുടർന്ന്അവർക്ക്‌ പിൻവാങ്ങേണ്ടിവന്നു.

നാലോ അഞ്ചോ തരത്തിലുള്ള പച്ചക്കറികൾ, രണ്ടോ മൂന്നോ വിധം പഴങ്ങൾ, പിന്നെ മത്സ്യം എന്നീ വിധത്തിൽ ഭക്ഷണത്തെ ക്രമീകരിച്ചാൽ ഒരുപരിധിവരെ നമുക്ക്  അർബുദത്തിൽ നിന്ന്  രക്ഷപ്പെടാം

Related News