എത്ര പേര്‍ മരിച്ചെന്ന ചോദ്യം ബാക്കി; ആയിരക്കണക്കിന് വസ്ത്രങ്ങള്‍, പുതപ്പുകള്‍, ചെരുപ്പ്. ദുരന്തഭൂമിയായ ഏറ്റവും വലിയ മതസമ്മേളന വേദി

മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ എത്ര പേർ മരിച്ചതെന്ന് സ്ഥിരീകരിക്കാനാവാതെ കേന്ദ്ര -സംസ്ഥാന സർക്കാരുകള്‍.ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോർട്ടുകള്‍ പ്രകാരം 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും നിരവധി പേർക്ക് പരുക്കേറ്റതുമായിട്ടാണ് വിവരം. ഒട്ടേറെപ്പേരേ കാണാതായിട്ടുമുണ്ട്. ഇന്ന് പുലർച്ചെ സ്നാനത്തിന് എത്തിയ വലിയ ജനക്കൂട്ടം അഖാര മാർഗില്‍ സുരക്ഷക്കായി സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ തകർത്ത് മുന്നോട്ട് നീക്കിയതാണ് അപകടത്തിന് ഇടയാക്കിയത്.പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ അപ്രതീക്ഷിതമായിട്ടാണ് അപകടമുണ്ടായത്. മരിച്ചവരുടെ പേരു വിവരങ്ങളും ഇതുവരെ ഔദ്യോഗികമായി യുപി സർക്കാർ പുറത്ത് വിട്ടിട്ടില്ല. ഇന്ന് രാത്രിയോടെ മരണപ്പെട്ടവരുടേയും പരുക്ക് പറ്റിയവരുടേയും കാണാതായവരുടേയും വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിടുമെന്നാണ് റിപ്പോർട്ടുകള്‍.അപകട ശേഷം കുംഭമേള നഗരിയില്‍ ദൃശ്യമായത് ഹൃദയഭേദഗമായ കാഴ്ചയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളന വേദി ദുരന്തഭൂമിയായി മാറിയത് നിമിഷങ്ങള്‍ കൊണ്ടായിരുന്നു. ഗംഗ, യമുന, ഐതിഹ്യ സരസ്വതി നദികള്‍ സംഗമിക്കുന്ന മഹാകുംഭമേള വേദി തിക്കിലും തിരക്കിലും വസ്ത്രങ്ങള്‍, ഷൂസ്, ബാഗുകള്‍, മറ്റ് ഉപേക്ഷിച്ച സാധനങ്ങള്‍ മാത്രം നിലത്ത് ചിന്നി ചിതറിക്കിടക്കുന്ന സ്ഥലമായി ചുരുങ്ങി. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവർ പലരും ആ സാധനങ്ങള്‍ക്ക് മുകളിലൂടെ ചവിട്ടുന്നതും മഹാ കുംഭമേളക്കിടയിലെ വേദനിപ്പിക്കുന്ന കാഴ്ചയായി മാറി. 144 കൊല്ലത്തില്‍ ഒരിക്കലെ അമൃത സ്നാനത്തിന് എത്തിയത് ആറ് കോടി ഭക്തർ; ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനത്തില്‍ ഇതുവരെ പങ്കെടുത്തത് 25 കോടിയിലേറെ ആളുകള്‍.അപകടത്തിന് ശേഷം പുണ്യസ്നാനം പുനരാരംഭിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞു. ഡല്‍ഹിയിലെ ഒരു തിരഞ്ഞെടുപ്പ് റാലിക്കിടയിലായിരുന്നു മോദിയുടെ പ്രതികരണം. ആരും കിംവദന്തിയുടെ പിന്നാലെ പോകരുതെന്ന് യോഗി ആദിത്യനാഥ് അഭ്യർത്ഥിച്ചു.പ്രയാഗ്‌രാജിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആളുകള്‍ അവരുടെ അടുത്തുള്ള ഗംഗ നദിയില്‍ സ്നാനം ചെയ്യണമെന്നും സംഗമ സ്ഥാനത്ത് എത്താൻ ശ്രമിക്കരുതെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ എന്നിവർ രാവിലെ തന്നെ വിളിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *