7 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള സൈനിക ഉപകരണങ്ങള്‍ തിരിച്ചുനല്‍കണമെന്ന് ട്രംപ്; പറ്റില്ലെന്ന് താലിബാൻ
കാബൂള്‍: അഫ്ഗാനിസ്താനില്‍ യു.എസ് സൈന്യം ഉപേക്ഷിച്ചു പോയ 7 ബില്ല്യണ്‍ ഡോളർ (1.47 ലക്ഷം കോടി) വിലമതിക്കുന്ന യുദ്ധോപകരണങ്ങള്‍ തിരിച്ചുനല്‍കണമെന്ന യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം തള്ളി താലിബാൻ ഭരണകൂടം.ആയുധങ്ങള്‍ തിരിച്ചെടുക്കുന്നതിനു പകരം ഖൊറാസാൻ മേഖലയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ നേരിടാൻ കൂടുതല്‍ സഹായം നല്‍കുകയാണ് യു.എസ് ചെയ്യേണ്ടതെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത താലിബാൻ പ്രതിനിധി ആവശ്യപ്പെട്ടതായി ബ്ലുംബർഗ് റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ ഞായറാഴ്ച ഒരു റാലിയില്‍ സംസാരിക്കവെ, യുദ്ധവിമാനങ്ങളും മിസൈലുകളും വാഹനങ്ങളും ആശയവിനിമയ ഉപകരണങ്ങളും തിരിച്ചുനല്‍കിയില്ലെങ്കില്‍ അഫ്ഗാനിസ്താന് നല്‍കുന്ന സാമ്ബത്തിക സഹായം റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ‘ഓരോ വർഷവും നമ്മള്‍ ബില്ല്യണ്‍ കണക്കിന് ഡോളർ അവർക്ക് നല്‍കുന്നുണ്ടെങ്കില്‍, സൈനിക ഉപകരണങ്ങള്‍ തിരിച്ചുനല്‍കാതെ അവ ഇനി തുടരില്ലെന്ന് അവരോട് പറഞ്ഞേക്കൂ…’ എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഇതേപ്പറ്റി തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന് താലിബാൻ ഉപവക്താവ് ഹംദുല്ല ഫിത്‌റത്ത് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഭരണകൂടവുമായി അടുത്ത ബന്ധമുള്ള വ്യക്തി താലിബാന്റെ നയം വ്യക്തമാക്കിയിരിക്കുന്നത്.അഫ്ഗാനിലെ രണ്ടു പതിറ്റാണ്ടോളം നീണ്ട സാന്നിധ്യത്തിനു ശേഷം 2021-ല്‍ പിന്മാറുമ്ബോള്‍ യു.എസ് സൈന്യം ആയുധങ്ങളും ഉപകരണങ്ങളും തിരികെ കൊണ്ടുപോയിരുന്നില്ല. സൈനിക ഉപകരണങ്ങള്‍ പിടിച്ചെടുത്ത താലിബാൻ കാബൂളിനു സമീപമുള്ള മുൻ അമേരിക്കൻ സൈനിക കേന്ദ്രത്തില്‍ ഇവ പ്രദർശിപ്പിച്ച് വർഷംതോറും പരേഡ് നടത്താറുണ്ട്. കഴിഞ്ഞ വർഷത്തെ പരേഡില്‍ ചൈനീസ്, ഇറാനിയൻ പ്രതിനിധികള്‍ അതിഥികളായിരുന്നു. ട്രംപ് ഭരണകൂടവുമായി നല്ല ബന്ധം പുലർത്തുന്നത് അന്താരാഷ്ട്ര തലത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താൻ താലിബാനെ സഹായിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നതെങ്കിലും, കാര്യങ്ങള്‍ ആ വഴിയിലല്ല നീങ്ങുന്നത് എന്നാണ് സൂചന. ആയുധങ്ങള്‍ തിരികെ നല്‍കില്ലെന്നു മാത്രമല്ല, യു.എസ് ഭരണകൂടം മരവിപ്പിച്ച 9 ബില്ല്യണ്‍ ഡോളർ മൂല്യമുള്ള വിദേശ വിനിമയ നിക്ഷേപം വിട്ടുനല്‍കണമെന്നും താലിബാൻ ആവശ്യപ്പെടുന്നുണ്ട്.2020-ല്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ താലിബാനും യു.എസും തമ്മില്‍ ഒപ്പുവച്ച സമാധാന കരാറിന്റെ ഭാഗമായാണ് അഫ്ഗാനിസ്താനില്‍ നിന്ന് യു.സ് തങ്ങളുടെ സൈനികരെ പിൻവലിച്ചത്. അഫ്ഗാനില്‍ വിന്യസിച്ചിരുന്ന 13,000 സൈനികരെ ഘട്ടം ഘട്ടമായി പിൻവലിക്കാമെന്നും അഞ്ച് സൈനിക കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാം എന്നുമായിരുന്നു കരാർ വ്യവസ്ഥ. 2021- ഓഗസ്തില്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനിയെ സ്ഥാനഭ്രഷ്ടനാക്കി താലിബാൻ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ യു.എസ് സൈനികർ പൂർണമായി രാജ്യംവിട്ടു.