“ഗസ്സയില്‍ കാണുന്നത് ഹമാസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്; യുദ്ധത്തില്‍ നഷ്ടപ്പെട്ട സൈനികശേഷി തിരിച്ചുപിടിച്ചു’-വെളിപ്പെടുത്തലുമായി ആന്റണി ബ്ലിങ്കൻ
വാഷിങ്ടണ്‍: കൃത്യമായ ബദലും പരിഹാരങ്ങളുമില്ലാതെ ഹമാസിനെ സൈനിക നടപടിയിലൂടെ തോല്‍പ്പിക്കാനാകില്ലെന്ന് വളരെ മുൻപേ ഇസ്രായേലിനോട് പറഞ്ഞതാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം പിൻവാങ്ങിയ ഇടങ്ങളിലെല്ലാം ഹമാസ് മടങ്ങിയെത്തുകയും ഉയിര്ത്തെഴുന്നേല്ക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇസ്രായേല്‍ ആക്രമണത്തില്‍ നഷ്ടപ്പെട്ട സൈനികബലം പൂര്‍ണമായി അവർ വീണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗസ്സ യുദ്ധത്തില്‍ ഇസ്രായേല്‍-ഹമാസ് വെടിനിർത്തല്‍ കരാർ ചർച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും ബ്ലിങ്കൻ അറിയിച്ചു.കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ നടന്ന അറ്റ്ലാന്റിക് കൗണ്‍സില്‍ സമ്മേളനത്തിലായിരുന്നു ആന്റണി ബ്ലിങ്കന്റെ തുറന്നുപറച്ചില്‍. ‘കൃത്യമായ ബദലോ സംഘർഷാനന്തര പദ്ധതികളോ ഫലസ്തീനികള്‍ക്ക് വിശ്വസനീയമായ രാഷ്ട്രീയ പരിഹാരങ്ങളോ ഒന്നും മുന്നോട്ടുവയ്ക്കാതെ, ഹമാസിനെ സൈനിക നടപടിയിലൂടെ മാത്രം തോല്‍പ്പിക്കാനാകില്ലെന്ന് ഞങ്ങള്‍ ഇസ്രായേല്‍ ഭരണകൂടത്തോട് വളരെ മുൻപേ പറയുന്നതാണ്. ഒന്നുകില്‍ ഹമാസ് തന്നെ, അല്ലെങ്കില്‍ അതുപോലെ അപകടകാരികളായ മറ്റാരെങ്കിലും തിരിച്ച് ഉയർന്നുവരാനേ അത് ഇടയാക്കൂവെന്നും സൂചിപ്പിച്ചിരുന്നതാണ്’-അദ്ദേഹം വെളിപ്പെടുത്തി.ഒക്ടോബർ ഏഴിനുശേഷം വടക്കൻ ഗസ്സയില്‍ കൃത്യമായും അതുതന്നെയാണു സംഭവിച്ചത്. സൈനിക നടപടി പൂർത്തിയാക്കി ഇസ്രായേല്‍ സൈന്യം പിൻവാങ്ങുന്ന ഓരോ ഘട്ടത്തിലും ഹമാസ് സംഘം പുനഃസംഘടിച്ച് വീണ്ടും ഉയിർത്തെഴുന്നേല്ക്കുകയാണു ചെയ്യുന്നത്. ആ വിടവ് നികത്താൻ അവിടെ മറ്റൊന്നുമില്ലെന്നതു തന്നെയാണു കാരണം. ഹമാസ് അവർക്ക് നഷ്ടമായ അത്രയും അംഗങ്ങളെ വീണ്ടും റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണു ഞങ്ങളുടെ വിലയിരുത്തല്‍. അതു ശാശ്വതമായ യുദ്ധത്തിനും ഇനിയും അവസാനിക്കാത്ത കലാപത്തിനുമുള്ള ചേരുവകളാണ്.’ശാശ്വതമായ സമാധാനത്തിന് അടിത്തറയിടുന്ന വിധത്തില്‍ ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളതെന്നും ബ്ലിങ്കൻ തുടർന്നു. ഇതോടൊപ്പം സ്വതന്ത്രവും പ്രായോഗികവുമായ സ്വന്തം രാഷ്ട്രത്തിനായുള്ള ഫലസ്തീനികളുടെയും, സുസ്ഥിരമായ സുരക്ഷയ്ക്കായുള്ള ഇസ്രായേലികളുടെ ന്യായമായ അഭിലാഷങ്ങളും മുന്നോട്ടുകൊണ്ടുപോകാനാകണം. സംഘർഷം ആരംഭിച്ച് ഒരു മാസം പിന്നിടുന്ന ഘട്ടത്തില്‍ ടോക്യോയില്‍ നടന്ന ജി7 വിദേശമന്ത്രിമാരുടെ യോഗത്തില്‍ നേടിയെടുക്കാനുള്ള ലക്ഷ്യങ്ങള്‍ ഞങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഗസ്സ ഇനിയൊരിക്കലും ഹമാസ് ഭരിക്കരുതെന്നും ഭീകരവാദത്തിനോ മറ്റ് ആക്രമണങ്ങള്‍ക്കോ താവളമാകരുതെന്നും അതില്‍ വ്യക്തമാക്കിയിരുന്നു. ഫലസ്തീൻ അതോറിറ്റിക്കു കീഴില്‍ വെസ്റ്റ് ബാങ്കും ഗസ്സയും ഒന്നായുള്ള പുതിയ ഫലസ്തീൻ ഭരണം വരണമെന്നതാണു മറ്റൊന്ന്. ഗസ്സയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അധിനിവേശം അവസാനിപ്പിക്കണമെന്നും അവിടെ ഉപരോധമേർപ്പെടുത്താനോ വിലക്കേർപ്പെടുത്താനോ പാടില്ലെന്നും ഗസ്സയിലെ ജനങ്ങളെ നിർബന്ധിച്ച് കുടിയിറക്കരുതെന്നുമെല്ലാം നിർദേശങ്ങളിലുണ്ടായിരുന്നുവെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു.എന്നാല്‍, ആ ലക്ഷ്യങ്ങളൊന്നും ഒറ്റയടിക്കു കൈവരിക്കാനാകില്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഇസ്രായേലും ഹമാസും തമ്മില്‍ ആറുമാസത്തെ വെടിനിർത്തല്‍ പ്രഖ്യാപിക്കുകയും ബന്ദികളെ തിരിച്ചെത്തിക്കുകയും ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുകയുമാണ് ആദ്യഘട്ടത്തില്‍ നടക്കേണ്ടത്. ഗസ്സയിലേക്കു വേണ്ട മാനുഷിക സഹായങ്ങള്‍ എത്തിക്കുകയും വേണം. ഖത്തറുമായും ഈജിപ്തുമായും ചേർന്നു കരാർ തയാറാക്കാനുള്ള പ്രവർത്തനങ്ങളുമായി നിരന്തരം മുന്നോട്ടുപോകുകുകയാണ്. പലപ്പോഴും ഹമാസ് എല്ലാ നീക്കവും പൊൡക്കുന്നതാണു കാണുന്നത്. എന്നാല്‍, ഏതാനും ആഴ്ചകളായി കരാർ അന്തിമഘട്ടത്തോടടുക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച അമേരിക്കയും ഖത്തറും ഈജിപ്തും ചേർന്ന് അന്തിമ നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്. പന്ത് ഇനി ഹമാസിന്റെ കോർട്ടിലാണ്. അവർ അംഗീകരിച്ചാല്‍ കരാർ അന്തിമമാക്കുകയും നടപ്പാക്കുകയും ചെയ്യുമെന്നും ബ്ലിങ്കൻ അറിയിച്ചു.ബാങ്കിങ്, ജലം, ഊർജം, ആരോഗ്യം ഉള്‍പ്പെടെയുള്ള സിവില്‍ സെക്ടറുകളില്‍ ഇടക്കാല ഭരണസംവിധാനം കൊണ്ടുവരാൻ ഫലസ്തീൻ അതോറിറ്റി സഖ്യരാജ്യങ്ങളുടെ സഹായം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമൂഹം വേണ്ട ധനസഹായവും സാങ്കേതിക പിന്തുണയും നല്‍കും. യുഎൻ ഉദ്യോഗസ്ഥരുമായും സഹകരിച്ചുവേണം പ്രവർത്തനം. സൈനികശേഷി വീണ്ടെടുക്കാൻ ഹമാസിന് അവസരം നല്‍കാത്ത തരത്തില്‍ അതിർത്തിയിലെ സുരക്ഷ വർധിപ്പിക്കണം. ഇതിനായി ഫലസ്തീൻ അതോറിറ്റി സൈന്യത്തെ പരിശീലിപ്പിക്കാനും സജ്ജരാക്കാനും സഖ്യകക്ഷികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.വടക്കൻ അതിർത്തിയില്‍ ഏറെക്കാലമായി അസ്ഥിരമായ സാഹചര്യത്തിലൂടെയാണ് ഇസ്രായേല്‍ കടന്നുപോകുന്നതെന്നും ബ്ലിങ്കൻ സമ്മതിച്ചു. ലിത്താനി നദിയുടെ തെക്കൻ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ലബനാന്റെ വലിയൊരു ഭാഗവും ഹിസ്ബുല്ലയാണ് നിയന്ത്രിക്കുന്നത്. ഒക്ടോബർ ഏഴിനുശേഷം ആയിരക്കണക്കിനു മിസൈലുകളാണ് ഇസ്രായേലിനുനേരെ അവർ അയച്ചത്. ഇസ്രായേലികള്‍ക്കും ലബനാനുകാർക്കും മുന്നില്‍ ഒരുപോലെ അതീവ ഗുരുതര സാഹചര്യമാണിതു സൃഷ്ടിക്കുന്നത്. ഹിസ്ബുല്ലയുടെ ഭീഷണി കാരണം വടക്കൻ അതിർത്തിയിലുള്ള 70,000ത്തോളം ഇസ്രായേലികള്‍ക്ക് വീടുകള്‍ ഒഴിഞ്ഞുപോകേണ്ടിവന്നെന്നും ആന്റണി ബ്ലിങ്കൻ ചൂണ്ടിക്കാട്ടി.