വീടുകളിലും പരിസരത്തും പണിയെടുക്കുന്ന സ്ത്രീകളെ കണ്ടാല്‍ അശ്ലീലത്തിന് കാരണമാകും; വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ജനാല നിര്‍മ്മിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി താലിബാൻ.

കാബൂള്‍: വീടുകളും കെട്ടിടങ്ങളും പണിയുമ്ബോള്‍ സ്ത്രീകളെ കാണാനിടയാകുന്ന ജനാലകള്‍ ഉണ്ടാകരുതെന്ന് ഉത്തരവിട്ട് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സ്ത്രീകള്‍ വീടുകള്‍ക്കുള്ളിലും മുറ്റത്തുമെല്ലാം പണിയെടുക്കുന്നതും കിണറില്‍ നിന്നും വെള്ളമെടുക്കുന്നതും മറ്റുള്ളവർ കാണുന്നത് അശ്ലീലത്തിന് കാരണമാകും എന്നാണ് താലിബാന്റെ കണ്ടെത്തല്‍. മുറ്റം, അടുക്കള, കിണർ തുടങ്ങി സ്ത്രീകള്‍ സാധാരണയായി ഉപയോഗിക്കാറുളള സ്ഥലങ്ങള്‍ കാണാൻ കഴിയുന്ന നിലയിലുള്ള ജനാലകള്‍ പുതിയ കെട്ടിടങ്ങളില്‍ ഉണ്ടാകരുതെന്നാണ് താലിബാൻ പ്രസ്താവനയില്‍ പറയുന്നത്. സ്ത്രീകളെ അയല്‍ക്കാർ കാണാത്ത തരത്തില്‍ എല്ലാ വീടുകള്‍ക്കും മതില്‍ വേണമെന്നും താലിബാന്റെ ഉത്തരവില്‍ പറയുന്നു. സമീപത്തെ വീടുകളുടെ മുറ്റം, അടുക്കള, കിണറിൻറെ പരിസരം എന്നിങ്ങനെ സ്ത്രീകള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ കാണാൻ കഴിയുന്ന വിധത്തിലുള്ള ജനാലകള്‍ പുതിയ കെട്ടിടങ്ങളില്‍ പാടില്ലെന്ന് താലിബാൻ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. സമീപത്തെ വീടുകള്‍ കാണാത്ത വിധമാണ് കെട്ടിടങ്ങളുടെ നിർമാണമെന്ന് മുനിസിപ്പല്‍ അധികാരികളും ബന്ധപ്പെട്ട വകുപ്പുകളും ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇപ്പോഴത്തെ വീടുകള്‍ക്ക് ഇത്തരം ജാലകങ്ങള്‍ ഉണ്ടെങ്കില്‍ അവ മറയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. 2021 ഓഗസ്റ്റില്‍ താലിബാൻ അധികാരത്തില്‍ തിരിച്ചെത്തിയതു മുതല്‍, പൊതു ഇടങ്ങളില്‍ നിന്ന് സ്ത്രീകളെ അകറ്റിനിർത്തുകയാണ്. സ്ത്രീകള്‍ പൊതുസ്ഥലത്ത് പാടുകയോ കവിതകള്‍ വായിക്കുകയോ ചെയ്യുന്നത് പോലും താലിബാൻ സർക്കാരിന്റെ ഇസ്ലാലിമിക നിയമത്തില്‍ കർശനമായി വിലക്കിയിരുന്നു. ഇതോടെ വീടിന് പുറത്ത് ശബ്ദം ഉയർത്താനോ മുഖം കാണിക്കാനോ കഴിയാത്ത അവസ്ഥയായി. താലിബാനിലെ ചില പ്രാദേശിക റേഡിയോ, ടെലിവിഷൻ സ്റ്റേഷനുകളും സ്ത്രീ ശബ്ദങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തി. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ ഈ ലിംഗ വിവേചനത്തിനെതിരെ രംഗത്തെത്തിയിരുന്നു. താലിബാൻ അധികൃതർ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിയന്ത്രിക്കുകയും തൊഴില്‍ ചെയ്യാനുള്ള അവകാശം പരിമിതപ്പെടുത്തുകയും പാർക്കുകളിലേക്കും മറ്റ് പൊതു സ്ഥലങ്ങളിലേക്കുമുള്ള പ്രവേശനം തടയുകയും ചെയ്തതിന് പിന്നാലെയാണ് ജനാലകള്‍ സംബന്ധിച്ച ഉത്തരവ്. അതേസമയം, അഫ്ഗാൻ സ്ത്രീകളുടെയും പുരുഷന്മാരുടെയും അവകാശങ്ങള്‍ ഇസ്ലാമിക നിയമം ഉറപ്പാക്കുന്നു എന്നാണ് തങ്ങളുടെ നടപടികളെ ന്യായീകരിച്ച്‌ താലിബാൻ ഭരണകൂടം അവകാശപ്പെടുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *