കൈമുട്ട് വേദനയ്ക്ക് ശസ്ത്രക്രിയ; കിട്ടിയത് പട്ടിയുടെ പല്ല്, കടിച്ചത് 25 വര്‍ഷം മുൻപ്

ചേർത്തല: വിട്ടുമാറാത്ത കൈമുട്ടുവേദന അലട്ടിയിരുന്ന മുപ്പത്തിയാറുകാരനു ശസ്ത്രക്രിയ നടത്തിയപ്പോള്‍ കിട്ടിയത് പട്ടിയുടെ പല്ല്.25 വർഷമായി പല്ല് കൈമുട്ടിലുണ്ടായിരുന്നു. 11 -ാം വയസ്സില്‍ സ്കൂള്‍ വിദ്യാർഥിയായിരിക്കേയാണ് തണ്ണീർമുക്കം കുട്ടിക്കല്‍ വൈശാഖിനെ പട്ടികടിച്ചത്. ബുധനാഴ്ച താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയയിലാണ് പല്ല് കണ്ടെത്തിയത്.മുട്ടില്‍ തൊലിയോടു ചേർന്നാണ് കൂർത്തപല്ലിന്റെ പകുതിയോളം ഭാഗം കണ്ടെത്തിയത്. പട്ടികടിയേറ്റസമയത്ത് മുറിവിന് പ്രാഥമിക ചികിത്സമാത്രമേ ചെയ്തിരുന്നുള്ളൂ. മുറിവുണങ്ങിയതിനാല്‍ തുടർചികിത്സ നടത്തിയില്ല. മുട്ടിന്റെ ഭാഗത്ത് തൊലിക്കടിയില്‍ ചെറിയ മുഴയായതോടെ പല ഡോക്ടർമാരെയും കാണിച്ചെങ്കിലും പ്രശ്നം കണ്ടെത്തിയില്ല.ഒടുവിലാണ് ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയ നടത്തുമ്ബോള്‍ പട്ടികടിയുടെ കാര്യം സർജൻ ഡോ. മുഹമ്മദ് മുനീർ അറിഞ്ഞിരുന്നില്ല. മുഴ മാറ്റുന്നതിനിടയിലാണ് ഡോക്ടറെ ഞെട്ടിച്ച്‌ പല്ലിന്റെ ഭാഗം തെളിഞ്ഞുവന്നത്. അപ്പോഴാണ് 25 വർഷം മുൻപ് പട്ടികടിച്ച കാര്യം വൈശാഖ് പറഞ്ഞത്. പ്രധാന ഞരമ്ബുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു പല്ലിന്റെ ഭാഗം.വൈശാഖ് ബുധനാഴ്ചതന്നെ ആശുപത്രിവിട്ടു. നഴ്സിങ് ഓഫീസർമാരായ വി. ശ്രീകല, സാന്ദ്രാ സലിം, റിയ എന്നിവർ ശസ്ത്രക്രിയയില്‍ സഹായികളായി.

Sharing

Leave your comment

Your email address will not be published. Required fields are marked *