പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു;

ഹൈദരബാദിലെ സന്ധ്യ തിയറ്ററില്‍ പുഷ്പ 2 റിലീസ് ദിവസത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.തിരക്കില്‍പ്പെട്ട് മരിച്ച യുവതിയുടെ മകന്‍ ശ്രീതേജയുടെ (9) മസ്തിഷ്‌ക മരണമാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. കുട്ടി വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കുട്ടിയുടെ അമ്മ രേവതി (35) പുഷ്പ 2 റിലീസ് ദിനത്തിലാണ് മരിച്ചത്. ഈ കേസില്‍ നടന്‍ അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ നാലിനാണ് നഗരത്തിലെ സന്ധ്യ തിയറ്ററില്‍ വെച്ച്‌ അപകടമുണ്ടായത്. പുഷ്പ 2 റിലീസ് ഷോയ്ക്കു മുന്‍പായി നടന്‍ അല്ലു അര്‍ജുന്‍ എത്തിയതോടെ ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസിനു സാധിക്കാതെ വരികയും ലാത്തി വീശുകയുമായിരുന്നു. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് യുവതി മരിച്ചത്. ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ട കുട്ടിയുടെ തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. തിരക്കില്‍ അകപ്പെട്ട കുട്ടിക്ക് ശ്വാസം മുട്ടുകയും തുടര്‍ന്ന് ബോധക്ഷയം സംഭവിക്കുകയുമായിരുന്നു. ഓക്‌സിജന്‍ കൃത്യമായി ലഭിക്കാതെ വന്നതോടെ തലച്ചോറിനു ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിട്ടു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണെന്ന് ആരോഗ്യവിദഗ്ധര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയുടെ നിലവിലെ സ്ഥിതിയെ കുറിച്ചുള്ള വിശദമായ മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തിറക്കും. അതേസമയം അല്ലു അര്‍ജുന്‍ കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നിയമ നടപടികളെ തുടര്‍ന്നാണ് താന്‍ കുട്ടിയെ സന്ദര്‍ശിക്കാത്തതെന്നും തന്റെ പ്രാര്‍ത്ഥന അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും അല്ലുവും പറഞ്ഞിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *