ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണയുമായി പാര്‍ലമെന്റില്‍ പ്രിയങ്ക ഗാന്ധി; രൂക്ഷ വിമര്‍ശനവുമായി ബിജെപി;
ഡല്‍ഹി: വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ഇന്ന് പാര്‍ലമെന്റില്‍ എത്തിയത് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കായുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനവുമായി.കണ്ടു നിന്നവർ അത്ഭുതത്തോടെ നോക്കി. ബംഗ്ലാദേശിലെ ‘ന്യൂനപക്ഷവിഭാഗങ്ങളായ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം’ എന്ന് ആലേഖനം ചെയ്ത ബാഗുമായാണ് പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി പ്രിയങ്ക ഗാന്ധി എത്തിയത്.തിങ്കളാഴ്ച പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി എത്തിയ പ്രിയങ്കയുടെ നടപടി പാര്‍ലമെന്റില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോള്‍ പുതിയ ബാഗുമായുള്ള പ്രിയങ്കയുടെ വരവ്.’ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്താനികള്‍ക്കുമൊപ്പം നിലകൊള്ളുക’ എന്നാണ് ബാഗില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് പ്രിയങ്ക സഭയില്‍ ആവശ്യമുന്നയിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് മുദ്രാവാക്യമെഴുതിയ ബാഗുമായി പ്രിയങ്ക എത്തിയത്.ബാഗുമേന്തി പാര്‍ലമെന്റിന് പുറത്ത് പ്രിയങ്കയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങളുടെ പ്രകടനവും നടന്നു. മറ്റ് പ്രതിപക്ഷ എം.പിമാരും സമാനമായ ബാഗുകളേന്തിയാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ബംഗ്ലാദേശിലുള്ള ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകണമെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രധാന ആവശ്യം.