ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്ക് കശ്മീരെത്താം; വന്ദേ ഭാരത് സ്ലീപ്പര്‍ ജനുവരി 26 മുതല്‍,
ന്യൂഡല്‍ഹി: തീവണ്ടിയാത്രയുടെ പുത്തൻ അനുഭവവുമായി വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ട്രാക്കിലേക്ക്.നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവ്വീസ് ആരംഭിക്കുകയാണ്. 2025 ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഓടിത്തുടങ്ങുക. ന്യൂഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കായിരിക്കും ആദ്യ സർവ്വീസ്. ഡല്‍ഹിയില്‍ നിന്ന് രാത്രി ഏഴിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ എട്ടിന് ശ്രീനഗറില്‍ എത്തുന്ന രീതിയിലാണ് സർവ്വീസ് പരിഗണിക്കുന്നത്. 800 കിലോമീറ്റർ 13 മണിക്കൂറില്‍ താഴെ സമയം കൊണ്ട് വന്ദേഭാരത് താണ്ടും. നിലവില്‍ ശ്രീനഗറിലേക്ക് ഡല്‍ഹിയില്‍ നിന്ന് ട്രെയിനുകളൊന്നും ഇല്ല. വന്ദേഭാരത് എത്തുന്നതോടെ കശ്മീർ താഴ്വരയില്‍ നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ടുള്ള ട്രെയിൻ കണക്ടിവിറ്റിയാണ് സാധ്യമാകുന്നത്.വന്ദേഭാരതിന്റെ എക്സ്പ്രസ്, വന്ദേ നമോ എന്നിവയ്ക്ക് ശേഷം വരുന്ന വേരിയന്റാണ് വന്ദേഭാരത് സ്ലീപ്പർ. വേഗത, സുരക്ഷ, യാത്രക്കാർക്കായുള്ള സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാള്‍ ഒരു പടി മുന്നില്‍ തന്നെയാകും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെന്നാണ് വിവരം.മണിക്കൂറില്‍ 180 കിലോമീറ്റർ വരെ വേഗതയില്‍ സഞ്ചരിക്കാൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകള്‍ക്കാകും. എന്നാല്‍ റെയില്‍വേ അനുവദനീയ വേഗതയായ 160 കിലോമീറ്ററിലാകും സഞ്ചാരം.വന്ദേഭാരതിന്റെ ആദ്യ പ്രോട്ടോടൈപ്പില്‍ 16 പാസഞ്ചർ കോച്ചുകളാണ് ഉള്ളത്. ഇതില്‍ 11 എസി 3 ടയർ കോച്ചുകളും നാല് എസി 2 ടയർ കോച്ചുകളും ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചും ഉണ്ടാകും. 823 ബെർത്തുകളാണ് ട്രെയിനിലുള്ളത്.എസി ത്രീ ടയർ , ടൂ ടയർ , ഫസ്റ്റ് എസി കോച്ചുകളിലായി 823 പേർക്ക് യാത്ര ചെയ്യാൻ കഴിയും. 3എ ക്ലാസിന് 2000 രൂപയും, 2എയ്ക്ക് 2500 1 എയ്ക്ക് 3000 എന്നിങ്ങനെയാകും ടിക്കറ്റ് നിരക്ക്.സ്റ്റെയിൻലെസ് സ്റ്റീലുകൊണ്ടാണ് കംപാർട്ട്മെന്റുകള്‍ നിർമ്മിച്ചിരിക്കുന്നത്.കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളും ഘടിപ്പിച്ചിട്ടുണ്ട്. യാത്രക്കാർക്ക് കൂടുതല്‍ സൗകര്യം വാഗ്ദാനം ചെയ്യുന്ന പ്രത്യേക ലൈറ്റിങ് സംവിധാനമാണ് ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്. ഇന്റഗ്രേറ്റഡ് അനൗണ്‍സ്മെന്റ് സിസ്റ്റവും വിഷ്വല്‍ ഡിസ്പ്ലേകളും സുരക്ഷാ ക്യാമറകളും മോഡുലാർ പാൻട്രി സൗകര്യവും ഉള്‍പ്പടെ ട്രെയിനിലുണ്ടാകും.മികച്ച നിലവാരത്തിലുള്ള ഫയർ സേഫ്റ്റി സൗകര്യമാണ് ട്രെയിനില്‍ സജ്ജീകരിച്ചിരിക്കുന്നത്. പ്രത്യേക പരിഗണനയുള്ളവർക്കായി പ്രത്യേക ബെർത്തുകളും ശൗചാലയങ്ങളും ഉണ്ടാകും. ഓട്ടോമാറ്റിക് വാതിലുകളാണ് ട്രെയിനിന്റെ മറ്റൊരു പ്രത്യേകത.