കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരേ SFI പ്രതിഷേധം; വാതില്‍ ചവിട്ടിത്തുറക്കാൻ ശ്രമം, സംഘര്‍ഷം

തിരുവനന്തപുരം: കേരള സർവകലാശാല കാമ്ബസില്‍ സംസ്കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യാനെത്തിയതിനെതിരേ എസ്.എഫ്.ഐ പ്രതിഷേധം. സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധം പോലീസുമായുള്ള സംഘർഷത്തിനിടയാക്കി. സെനറ്റ് ഹാളിന്റെ വാതില്‍ ചവിട്ടിത്തകർക്കാൻ ശ്രമമുണ്ടായി. ഇതോടെ സെനറ്റ് ഹാളിനകത്തുള്ള ഗവർണർ ഉള്‍പ്പെടെയുള്ളവർക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. ഗവർണർ പുറത്തേക്കിറങ്ങുന്ന രണ്ട് കതകിനു മുന്നിലും എസ്.എഫ്.ഐ. പ്രവർത്തകർ ഇരിക്കുകയാണ്. പ്രവർത്തകരെ കതകിനു സമീപത്തുനിന്ന് നീക്കിയാല്‍ മാത്രമേ പുറത്തിറങ്ങാനാവു. സർവകലാശാലാ വി.സി. നിയമനത്തില്‍ ഏകപക്ഷീയമായ നിലപാട്, സ്വന്തക്കാരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ മുൻനിർത്തിയാണ് എസ്.എഫ്.ഐ.യുടെ പ്രതിഷേധം. ഗവർണർക്കെതിരേ കരിങ്കൊടി പ്രതിഷേധം നടത്താനാണ് തീരുമാനം എന്നായിരുന്നു നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഗവർണർ എത്തിയതോടെ എസ്.എഫ്.ഐ. പ്രവർത്തകർ യൂണിവേഴ്സിറ്റിയിലേക്ക് മാർച്ചായി എത്തുകയായിരുന്നു. ഗെയ്റ്റിന്റെ പൂട്ട് തകർത്തും മതിലു ചാടിക്കടന്നും അകത്തേക്ക് കടന്ന പ്രവർത്തകർ സെനറ്റ് ഹാളിന് സമീപത്തെത്തി പ്രതിഷേധം കടുപ്പിച്ചു. കടുത്ത പോലീസ് സുരക്ഷയെ മറികടന്നാണ എസ്.എഫ്.ഐ പ്രവർത്തകർ യൂണിവേഴ്സിറ്റിക്കകത്ത് കടന്നത്. സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് പോലീസ്. സർക്കാരിനോടും ഇടതുവിദ്യാർഥി സംഘടനകളോടുമുള്ള ഏറ്റുമുട്ടലിനിടെയാണ് ഗവർണർ സർവകലാശാലയിലെത്തിയത്. ‘ആഗോള പ്രശ്നങ്ങളും സംസ്കൃത വിജ്ഞാന വ്യവസ്ഥയും’ എന്ന വിഷയത്തിലാണ് ത്രിദിന ശില്പശാല. ഗവർണറെ ഉദ്ഘാടകനായി ക്ഷണിക്കാൻ തീരുമാനിക്കുന്ന ഘട്ടത്തില്‍തന്നെ വിവാദങ്ങളുണ്ടായിരുന്നു. വിദ്യാഭ്യാസ വിചക്ഷണൻ എന്ന നിലയിലാണ് ഗവർണറെ ശില്പശാല ഉദ്ഘാടകനായി ക്ഷണിച്ചിട്ടുള്ളതെന്നാണ് കേരള സർവകലാശാലാ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മല്‍ പറഞ്ഞത്. മന്ത്രിയെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇങ്ങനെ മറുപടി നല്‍കിയത്. പൂർണമായും അക്കാദമിക വിദഗ്ധർ പങ്കെടുക്കുന്ന ശില്പശാലയാണെന്നും ഗവർണറുടെ സന്ദർശനം പ്രതിഷേധത്തിന് ഇടയാക്കുമെന്നു കരുതുന്നില്ലെന്നും മോഹനൻ കുന്നുമ്മല്‍ പറഞ്ഞിരുന്നു. ഗവർണറോടുള്ള എതിർപ്പുകാരണം പരിപാടിയുടെ കൂടിയാലോചനായോഗം ഇടതു സംഘടനകള്‍ ബഹിഷ്കരിച്ചിരുന്നു. വി.സി. നിയമനങ്ങളില്‍ ഗവർണർ ഏകപക്ഷീയ തീരുമാനം എടുക്കുന്നുവെന്നാണ് ഇടതുപക്ഷ സംഘടനകളുടെ ആരോപണം.

Sharing

Leave your comment

Your email address will not be published. Required fields are marked *