പോലീസുകാരന്റെ ആത്മഹത്യ; ശാരീരികക്ഷമതാപരീക്ഷയില്‍ പരാജയപ്പെട്ടതിനാലെന്ന് എസ്പി
മലപ്പുറം: അരീക്കോട്ടെ സ്പെഷ്യല്‍ ഓപ്പറേഷൻ പോലീസ് ക്യാമ്ബില്‍ പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത് ശാരീരികക്ഷമതാപരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയാലാണെന്ന് കരുതുന്നതായി മലപ്പുറം പോലീസ് മേധാവി ആർ .വിശ്വനാഥ് പറഞ്ഞു. അരീക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശിയും സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോയുമായ വിനീത്(36) ആണ് കഴിഞ്ഞദിവസം ആത്മഹത്യചെയ്തത്. തലയ്ക്ക് വെടിവെച്ചായിരുന്നു മരണം.മേലുദ്യോഗസ്ഥരുടെ പീഡനവും ലീവ് നിഷേധവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് എസ്.പി. മാധ്യമങ്ങളെ കണ്ടത്.കടുത്ത ശാരീരികക്ഷമത ആവശ്യമുള്ള സേനാവിഭാഗത്തിലാണ് വിനീത് ജോലിചെയ്യുന്നത്.2011-ല്‍ ജോലിയില്‍ ചേർന്ന വിനീത് ഒട്ടേറേ മുന്നേറ്റങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇവർക്ക് ഇടക്കിടെ റിഫ്രഷർ കോഴ്സുകള്‍ ഉണ്ടാവും. അതിലെ ശാരീരികക്ഷമതാ പരീക്ഷയില്‍ അഞ്ചുകിലോമീറ്റർ 25 മിനിറ്റുകൊണ്ട് ഓടിയെത്തേണ്ടതുണ്ട്. അതില്‍ 30 സെക്കൻഡിന്റെ വ്യത്യാസത്തില്‍ വിനീത് പരാജയപ്പെട്ടു. ഇതിന്റെ മാനസിക വിഷമമാവാം ഇത്തരത്തിലൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് എസ്.പി. പറഞ്ഞത്. സംഭവം വിശദമായി അന്വേഷിക്കാൻ കൊണ്ടോട്ടി ഡിവൈ.എസ്.പി.യെ സേതുവിനെ ചുമതലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.വിനീത് ഉള്‍പ്പെടെ പത്തോളംപേർ ആ പരീക്ഷയില്‍ പരാജയപ്പെട്ടു. അവധി നിഷേധിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ല. കഴിഞ്ഞ ഒൻപതുമുതല് 11 വരെ വിനീത് അവധിയിലായിരുന്നു. ഡിസംബറില്‍ മറ്റ് അവധികള്‍ വിനീത് ആവശ്യപ്പെട്ടതായി രേഖയില്ലെന്നും അദ്ദേഹം പറഞ്ഞു.വിനീത് സുഹൃത്തിനയച്ച വാട്സാപ്പ് സന്ദേശത്തില്‍ മേലുദ്യോഗസ്ഥനായ എ.സി. അജിത്തിനെതിരേ സൂചനയുണ്ട്. ഇക്കാര്യവും ഡിവൈ.എസ്.പി. അന്വേഷിക്കുമെന്ന് എസ്.പി. പറഞ്ഞു. വിനീതിന്റെ ഫോണും പരിശോധിക്കും. കല്‍പ്പറ്റ ഡി.ഡി.ഇ. ഓഫീസ് റിട്ട. ജീവനക്കാരൻ വയനാട് മൈലാപ്പാടി പൂളക്കണ്ടി ചെങ്ങായിമേല്‍ ചന്ദ്രെന്റയും വത്സലയുടെയും മകനാണ് വിനീത്. ഭാര്യ: അനുഗ്രഹ. മകൻ: കൃശംഗ് വി ചന്ദ്. സഹോദരൻ: വിബിൻ.